ADVERTISEMENT

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം തേടിയ പാട്ടുകാരിയാണ് ശിഖാ പ്രഭാകർ. സംഗീതത്തെ പ്രാണൻ പോലെ സ്നേഹിക്കുന്ന ശിഖയ്ക്ക് കൂട്ടായി എത്തിയത് സംഗീത ലോകത്തെ താരം തന്നെയാണ്.‘പൂമരം’ സിനിമിലെ ‘ഞാനും ഞാനുമെന്റാളും...’ എന്ന ഒറ്റ പ്രണയഗാനം കൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയ താരമായ സംഗീത സംവിധായകന്‍ ഫൈസൽ റാസിയാണ് ശിഖയെ സ്വന്തമാക്കിയത്. ജാതിയോ മതമോ നോാക്കാതെ പരസ്പരമുള്ള ഇഷ്ടത്തിന് വിലകൽപിച്ച് ഇരുവരും സംഗീതലോകത്തിലൂടെ യാത്രതിരിച്ചിരിക്കുകയാണ്. പാട്ടിനോടുള്ള പ്രണയം പോലെ ഇരുവർക്കും യാത്രകളും പ്രിയമാണ്. ഇഷ്ടപ്പെട്ട യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങൾ ശിഖ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

shikha-trip1

വിവാഹശേഷം ഇതുവരെ ഒരുമിച്ചൊരു ട്രിപ്പ് നടത്തിട്ടില്ല എന്നതാണ് ഇരുവരുടെയും വിഷമം. പ്രോഗ്രാമുകളുടെ തിരക്കിലാണ് രണ്ടാളും. ജോലിയിൽനിന്നു സ്വസ്ഥമായിട്ടുവേണം നല്ലൊരു വിദേശയാത്രയെങ്കിലും നടത്താൻ എന്നാണ് ശിഖ പറയുന്നത്. ‘സംഗീതം പോലെ തന്നെ അവസാനിക്കാത്തതാണ് യാത്രകളും. ഒാരോ നാട്ടിലെയും കാഴ്ചകളും  അനുഭവങ്ങളും വ്യത്യസ്തമാണ്. കാഴ്ചകൾ ആസ്വദിച്ച്  യാത്ര പോകുവാന്‍ എന്നെപ്പോലെ ഫൈസിക്കും ഇഷ്ടമാണ്. സമയം കിട്ടുന്നില്ല എന്നതാണ് പരാതി. എന്നാലും പ്രോഗ്രാമിന്റെ ഭാഗമായുള്ള ചില യാത്രകൾ ട്രിപ്പാക്കാറുണ്ട്. കേരളത്തിലെ ചിലയിടങ്ങളിൽ ഒരുമിച്ച് പോകുവാൻ സാധിച്ചിട്ടുണ്ട്. ഇൗയടുത്ത് തിരുവനന്തപുരത്തെ പ്രോഗ്രാം കഴിഞ്ഞ് കോവളത്തേക്ക് പോയിരുന്നു.

കോവളം ഒരു കവിതയാണ്. ഓരോ തവണ എത്തുമ്പോഴും വ്യത്യസ്തത പകരുന്ന അനുഭവം. കോവളത്തിന്റെ കാറ്റിനു പോലും ഈ വ്യത്യസ്തതയുണ്ട്. കോവളത്ത്  ഞങ്ങളുടെ താമസം സമുദ്ര റിസോർട്ടിലായിരുന്നു. കടൽക്കാറ്റിന്റെ കുളിരേറ്റ്, പ്രൗഢിയിൽ ഒരു സുഖവാസം. കടൽത്തീരത്ത് നങ്കൂരമിട്ട ഒരു കപ്പലിലെന്ന പോലെ കടലിന്റെ കാറ്റിൽ മയങ്ങി തിരമാലകളെ തൊട്ടു തൊട്ട് സമയം ചെലവഴിക്കും പോലെയാണ് ഈ ബീച്ച് റിസോർട്ട് പകരുന്ന അനുഭവം. കടൽത്തീരത്തിന് തൊട്ടരികിലാണ് റിസോർട്ടിന്റെ കവാടം. സമുദ്ര ബീച്ച് റിസോർട്ട് അടിപൊളിയായിരുന്നു.’

shikha-trip3

ഷോപ്പിങ്ങാണ് എന്റെ ഹോബി

‘ഷോപ്പിങ്ങിന് പറ്റിയ ഇടമാണ് എന്ന് ആരു പറഞ്ഞാലും ഞാൻ എങ്ങനെയെങ്കിലും ആ സ്ഥലത്തേക്ക് യാത്ര പോകും. ഷോപ്പിങ് ചെയ്യാൻ അത്രയ്ക്ക് ഇഷ്ടമാണ്. ഒരുപാട് ഡ്രസും പിന്നെ അത്യാവശ്യം ട്രെൻഡി ആഭരണങ്ങളും വാങ്ങും. ഡ്രസ് എന്നു പറഞ്ഞാൽ ഭ്രാന്താണ്. എവിടേക്കുള്ള യാത്രയായാലും ഷോപ്പിങ് നടത്താതെ ഞാൻ മടങ്ങാറില്ല. ദുബായിൽ ആദ്യമായി പോകുന്നത് പ്രോഗ്രാമിനു വേണ്ടിയായിരുന്നു. ശരിക്കും ആസ്വദിച്ച യാത്ര എന്നു തന്നെ പറയാം. പ്രോഗ്രാം കഴിഞ്ഞ് അവിടുത്തെ കാഴ്ചകൾ ആസ്വദിക്കുവാനായി ഇറങ്ങി. ദുബായ് മാളിൽ പോയിരുന്നു. അടിപൊളി ഡ്രസ്സുകൾ വാങ്ങി. ദുബായിൽ  കാണാനുമേറെയുണ്ട്. ദുബായ് കഴിഞ്ഞാൽ ഷോപ്പിങ് ഡെസ്റ്റിനേഷനായി എനിക്ക് തോന്നിട്ടുള്ളത് മുംബൈ ആണ്. നൂതന ഡിസൈനിലുള്ള എല്ലാത്തരം തുണിത്തരങ്ങളും ആഭരണങ്ങളും അവിടെ കിട്ടും. അധികം പണം മുടക്കേണ്ട എന്നതാണ് മറ്റൊരു ആകർഷണം. ഏതു സ്ഥലത്തു പോയാലും എനിക്ക് ഇഷ്ടമുള്ളതിനൊടൊപ്പം ആ സ്ഥലത്തിന്റെ ഒാർമയ്ക്കായി എന്തെങ്കിലും വാങ്ങാറുണ്ട്.

shikha-trip4

കേരളത്തിലെ ഇഷ്ടപ്പെട്ട സ്ഥലം

ഇൗശ്വരാനുഗ്രഹത്താൽ കരിയർ ഇതായതുകൊണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യുവാനുള്ള അവസരം കിട്ടിയിട്ടുണ്ട്. എനിക്കേറെ ഇഷ്‍ടം വയനാടാണ്. വല്ലാത്തൊരു മാസ്മരിക സൗന്ദര്യമാണ് വയനാടിന്. പ്രകൃതിയെ പ്രണയിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്വർഗഭൂമി. വയനാട്ടിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. സൂചിപ്പാറ എനിക്കേറെ ഇഷ്ടമായി. കൽപറ്റയിൽ നിന്ന് 22 കിലോമീറ്റർ അകലെയാണ് സൂചിപ്പാറ വെള്ളച്ചാട്ടം. റാഫ്റ്റിങ്, നീന്തല്‍ മുതലായ വാട്ടര്‍ സ്‌പോർടുകൾക്ക് ഇവിടെ സൗകര്യമുണ്ട്. കനത്ത കാട്ടിലൂടെ ഏകദേശം 2 കിലോമീറ്റര്‍ ദൂരം നടക്കണം സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അരികിലെത്താന്‍. രസകരമാണ് വയനാട്ടിലെ ഒാരോ കാഴ്ചയും. മറ്റൊന്ന് എടക്കൽ ഗുഹയാണ്. എത്ര തവണ പോയാലും മടുക്കാത്ത യാത്രയാണ് വയനാട്ടിലേത്. തിരുവനന്തപുരത്ത് പോയപ്പോൾ പൂവാർ റിസേർട്ടിൽ താമസിച്ചു. വളരെ ശാന്തവും സുന്ദരവുമാണ് പൂവാർ ഐലൻഡ് റിസോർട്ട്. കായലിലൂടെയുള്ള ബോട്ടിങ്ങും ഫ്‌ളോട്ടിങ് ഹട്ടുകളിലുള്ള താമസവും അടങ്ങുന്ന നിരവധി ടൂറിസം പാക്കേജുകള്‍ അവിടെയുണ്ട്. 

അതിരപ്പിള്ളിയിലേക്കും യാത്ര പോയിട്ടുണ്ട്. വെള്ളച്ചാട്ടത്തിന്റെ കാഴ്ചയും സൂപ്പറാണ്.

ഇത്തവണത്തെ പുതുവർഷത്തെ വരവേറ്റത് വർക്കല ബീച്ചിലെ സൗന്ദര്യത്തിലായിരുന്നു. ഒഴിവ് സമയം കിട്ടിയാൽ ബീച്ചുകളിലേക്ക് പോകുവാനും എനിക്കിഷ്ടമാണ്. 

ഗോവന്‍ ട്രിപ്

മിക്കവരും യാത്ര പോകുവാനായി കൊതിക്കുന്നിടമാണ് ഗോവ.എനിക്കും ഗോവയിലേക്ക് പോകുവാനായി.എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് ഗോവ.അവിടെ പാരാഗ്ലൈ‍ിങ്ങും മറ്റും വിനോദങ്ങളും നടത്തിയിട്ടുണ്ട്.

shikha-trip2

ഒാർമകള്‍ക്ക് എന്തു മധുരം

എറണാകുളത്തെ സുഭാഷ് പാർക്ക് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഇടങ്ങളിലൊന്നാണ്. കോളജ് കാലഘട്ടത്തിലെ സകല ഒാർമകളും നിറഞ്ഞ ഇടം. സുഭാഷ് പാർക്കിനടുത്തായിരുന്നു ഞങ്ങളുടെ കോളജ്. ക്ലാസ് കഴിഞ്ഞാൽ നേരെ പോകുന്നത് പാർക്കിലേക്കായിരുന്നു. കൂട്ടുകാരുമൊത്ത് പാട്ടുപാടി സന്ധ്യവരെ അവിടെ ചെലവഴിക്കും. ആ ഒാർമകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ഇപ്പോഴും സുഭാഷ് പാർക്ക് കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീലാണ്. പിന്നെ ഇഷ്ടം ഫോർട്ട്കൊച്ചിയാണ്. അവിടുത്തെ സകല കാഴ്ചകളും പ്രിയമാണ്. ഫോർട്ട്കൊച്ചിയിൽനിന്നു സൈക്കിൾ റെന്റിനെടുത്ത് മട്ടാഞ്ചേരിയിലേക്ക് പോകും സ്ഥിരം പരിപാടിയാണ് ഇൗ സൈക്കിൾ യാത്ര. ശരിക്കും രസകരമായ യാത്രകളായിരുന്നു.

പുലിയെ കണ്ടു, പക്ഷേ ആരും വിശ്വസിച്ചില്ല

‍വിവാഹ ശേഷം ഞാനും ഫൈസിയും ഞങ്ങളുടെ സുഹൃത്തുക്കളുമായി മൂന്നാറിലേക്ക് പോയിരുന്നു. ഹിൽടോപ്പിൽ ടെന്റ് കെട്ടി താമസിച്ചു. നല്ലൊരു അനുഭവം സമ്മാനിച്ച യാത്രയായിരുന്നു അത്. രാത്രിയുടെ സൗന്ദര്യത്തിൽ മഞ്ഞിന്റെ കുളിരിൽ ഹിൽടോപ്പിലെ താമസം. ഞങ്ങൾ ഗിത്താറുമൊക്കെ കൊണ്ടായിരുന്നു പോയത്. രാത്രി പാട്ടൊക്കെ പാടി അടിച്ചുപൊളിച്ചു. ഞാൻ രാവിലെ ഒരു കാഴ്ചകണ്ടു, ശരിക്കും അദ്ഭുതം തോന്നി. കുന്നിന് താഴെ പുലി. ഞാൻ വേഗം കൂടെയുള്ളവരെ വിളിച്ചു. പക്ഷേ ആരും വിശ്വസിച്ചില്ല. എന്നെ  ശരിക്കും കളിയാക്കി.  ഞാനും പുലിയുടെ പിൻവശമേ കണ്ടുള്ളൂ, എന്നാലും എനിക്കുറപ്പാണ് അത് പുലി തന്നെ. ആരും കണ്ടിട്ട് വിശ്വസിച്ചില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം. 

സ്വപ്നയാത്ര

വിവാഹശേഷം എല്ലാവരും  ഹണിമൂൺ യാത്ര പോകാറുണ്ട്. ഞങ്ങളും പ്ലാൻ ചെയ്തിട്ടുണ്ട്. പ്രോഗ്രാമിന്റെ തിരക്ക് മാറിയിട്ട് പോകാം എന്നാണ് ഇപ്പോഴത്തെ തീരുമാനം. ബാലിയാണ് എന്റെ ലിസ്റ്റിലുള്ളത് പിന്നെ തായ്‍ലൻഡും ഇഷ്ടമാണ്.

ഫൈസിയുെടയും എന്റെയും സ്വപ്നയാത്ര ബൈക്കിൽ ഹിമാലയത്തിൽ പോകണം എന്നാണ്. ഒന്നര മാസമെങ്കിലും വേണം ആ യാത്രയ്ക്ക്. ജോലിയുടെ തിരക്കുകളൊക്കെ മാറ്റിവച്ച് സ്വസ്ഥമായി അവിടേക്ക് യാത്ര തിരിക്കണം. ഞങ്ങളുടെ സ്വപ്നയാത്രയാണിത്.’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com