ADVERTISEMENT

യാത്രകൾ സുഖകരമായ അനുഭവങ്ങളുടേതു മാത്രമല്ല നൊമ്പരപ്പെടുത്തുന്ന കാഴ്ചകളുടേതു കൂടിയാണ്.ഏറ്റവും വലിയ ചുവന്ന തെരുവ് എന്ന് പ്രസിദ്ധി ആർജിച്ച കൊൽക്കത്തയിലെ സോനാഗാച്ചിയിലൂടെ സമ്മിശ്രവികാരങ്ങളോടെയല്ലാതെ ഒരു യാത്രികന് കടന്നു പോകാനാകില്ല.

പശ്ചിമബംഗാളിൽ, ചിത്തരഞ്ജൻ അവെന്യൂവും ശോഭാബസാറും കൂടിച്ചേരുന്ന ഇടത്തിൽ കൊൽക്കത്തയിലെ മാർബിൾ പാലസിന് ഏകദേശം ഒരു കിലോമീറ്റർ വടക്കാണ് സോനാഗാച്ചി സ്ഥിതി ചെയ്യുന്നത്. സ്റ്റേഷനിൽനിന്നു നടക്കാവുന്ന ദൂരമേയുള്ളൂ സോനാഗാച്ചിയിലേക്ക്. നൂറു മീറ്റർ നടക്കുമ്പോൾ കാളിയുടെ ഒരു പ്രതിമ കാണാം. അവിടെ തീരുകയാണ് മെയിൻ റോഡ്. ഇനി അങ്ങോട്ട് ഇടവഴികളും ഗല്ലികളുമാണ്. ഇടുങ്ങിയ വഴികളിലൂടെ കഷ്ടിച്ച് ഒരു ബൈക്കിന് കടന്നു പോകാം.

Sonagachi1

'സോനാഗാച്ചി' ബംഗാളിയിൽ ഈ വാക്കിന് അർഥം സ്വർണ മരം എന്നാണ്. സ്ത്രീശരീരം വില്പന നടത്തുന്ന സോനാഗാച്ചിയുടെ പേരിനു പിന്നിൽ ഒരു സുഫി സന്യാസിയുടെ ഓർമകൾ ആണെന്നത് വിരോധാഭാസം ആയി തോന്നാം. കൊൽക്കത്തയുടെ വാമൊഴികളിൽ നിന്നു പകർന്നു കിട്ടിയ ആ കഥ ഇങ്ങനെയാണ്. നഗരത്തിന്റെ ആദ്യ നാളുകളിലെന്നോ ഇന്നത്തെ സോനാഗാച്ചിയുടെ ഇടത്തു കുപ്രസിദ്ധനായ ഒരു കവർച്ചക്കാരൻ സാനൗല്ലയും അയാളുടെ അമ്മയും താമസിച്ചിരുന്നു. ആകസ്മികമായ അയാളുടെ മരണത്തിൽ വിലപിച്ചിരുന്ന അമ്മ പൊടുന്നനെ ഒരു അശരീരി കേട്ടു. "അമ്മ സങ്കടപ്പെടേണ്ട, ഞാൻ ഒരു ഗാസിയായി മാറിയിരിക്കുന്നു. "പിന്നെ സോനാ ഗാസി എന്ന സന്യാസിയുടെ അദ്ഭുത പ്രവൃത്തികൾ കേട്ടറിഞ്ഞു ആയിരങ്ങൾ അവിടേക്കു ഒഴുകി എത്തിത്തുടങ്ങി, രോഗശാന്തിക്കും മറ്റു പീഡകളുടെയും ശമനത്തിനായി. ഒടുവിൽ മകന്റെ ഓർമ്മയ്ക്കായി അമ്മ ഒരു പള്ളി പണിതെങ്കിലും കാലക്രമേണ, നഗരവികസനത്തിന്റെ ഭാഗമായി അതു അപ്രത്യക്ഷമായി. എന്നാൽ സോനാ ഗാസി സോനാഗാച്ചിയായി നില നിൽക്കുന്നു, മറ്റൊരു തലത്തിലെ പ്രസിദ്ധി ചുമന്നു കൊണ്ട്.

19ആം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ നിന്നു തുടങ്ങുന്നു ഇവിടുത്തെ ലൈംഗിക വൃത്തിയുടെ ചരിത്രം. പഴയ കാലത്ത് ബംഗാളി ജമീന്ദാർമാർ ആട്ടക്കാരികളെ കൊണ്ട് വന്ന് താമസിച്ചിരുന്ന ഇടമായിരുന്നത്രെ സോനാഗാച്ചി. അവരുടെ ആട്ടം കാണാനും, രതിലീലകളിൽ ഏർപ്പെടാനും, കാഴ്ചവെക്കാനും ജമീന്താർമാർ എത്തിയിരുന്ന സ്ഥലം ആയിരുന്നു ഇവിടം. ഊടുവഴികൾ നിറഞ്ഞതാണ് സോനാഗാച്ചി. ഉയരം കൂടിയതും കുറഞ്ഞതുമായ ബഹുനില കെട്ടിടങ്ങൾ നിരന്നു കാണാം. അല്പം വിസ്തൃതിയുള്ള ഇടങ്ങളിൽ ചെറിയ കടകൾ കാണാം. സന്ധ്യ മയങ്ങുമ്പോഴാണ് സോനാഗാച്ചി ഉണരുക. പരിചയസമ്പന്നനായ ആരുടേയും സഹായമില്ലാതെ ഒരാൾക്ക്‌ ആ സമയം ഈ തെരുവിലൂടെ നടക്കുക പ്രയാസമാകും. കാരണം മെയിൻ റോഡിൽ കൂടി പോകുന്നവരെ എല്ലാം കണ്ണ് കൊണ്ടുഴിയുന്ന പെണ്ണുങ്ങളും ഇടപാടുകാരും കൊണ്ട് നിറഞ്ഞതാണ്.

തെരുവിനുള്ളിലേയ്ക്ക് കയറാൻ ടാക്സിക്കാർക്കും ഓട്ടോറിക്ഷക്കാർക്കും വരെ ഭയമാണ്. പുറത്തേക്ക് വന്നു നിർത്തിയിട്ട് അവർ അവരുടെ വഴിക്ക് പോകും. പിന്നെ ഒറ്റയ്ക്ക് തന്നെ. തുടക്കത്തിൽ ഭയം തോന്നിയില്ല. മുന്നോട്ടു നടക്കുക തന്നെയാണ് ഒരേയൊരു വഴി. ഇരുവശത്തും നിറയെ തെരുവ് കടകളുടെ മേളകൾ. സോനാഗാച്ചിയുടെ തുടക്കത്തിലുള്ള വലിയ കാളീ വിഗ്രഹത്തെയും കാണാം.

രാത്രിയിലെ സോനാഗാച്ചി

സോനാഗച്ചിയുടെ മുഖം ഇരുണ്ടതാണ്.നിറമിളകിയ ചുവരുകൾ, അഴികളില്ലാത്ത ജനാലകൾ, തലങ്ങും വിലങ്ങും ഉണങ്ങാനിട്ടിരിക്കുന്ന വസ്ത്രങ്ങൾ, കടുത്ത ചായക്കൂട്ടങ്ങൾ അണിഞ്ഞു സ്വന്തം ശരീരത്തിന് വില പേശി കണക്കു പറയുന്ന സ്ത്രീകൾ, അതിനു മറവിൽ ജീവിതം കരുപ്പിടിപ്പിക്കുന്ന ടാക്സി ഡ്രൈവർമാറി, റിക്ഷാക്കാർ, അങ്ങനെ പോകുന്നു ഈ തെരുവിന്റെ കാഴ്ചകൾ. ആധുനികതയുടെ നടുവിലും മനുഷ്യന്റെ തൃഷ്ണകളുടെ ഒടുങ്ങാത്ത അഭിനിവേശത്തിന്റെ ഇരകളാണിവിടെ.

ഇന്ന ഇൗ നഗരം ഒരുപാട് മാറികഴിഞ്ഞിരിക്കുന്നു. വിവിധ എൻ ജി ഓ കളുടെ പ്രവർത്തനം ഇൗ നഗരത്തെ കൈപിടിച്ചുയർത്തി കൊണ്ടിരിക്കുകയാണ്.

കണക്കുകൾ പ്രകാരം ലൈംഗിക വൃത്തിയിൽ ഏർപ്പെടുന്ന ഏകദേശം 11, 0000 സ്ത്രീകൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് സോനാഗാച്ചി. പലവിധത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിവിധ എൻ ജി ഓ കളുടെ പ്രവർത്തന മേഖലയാണ് ഇന്ന് ഈ പ്രദേശം. ലൈംഗിക രോഗങ്ങൾ പ്രത്യേകിച്ച് എയ്ഡ്‌സ് പോലുള്ള മാരകമായ രോഗങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം നടക്കുന്നുണ്ട്. എങ്കിലും ഫലപ്രദമായ രീതിയിൽ അവ നടപ്പാക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്.

സോനാഗച്ചി നൊമ്പരം ഉണർത്തുന്ന സമൂഹത്തിന്റെ നേര്കാഴ്ചളാകുന്നത് ഇങ്ങനെ അനവധി കാരണങ്ങൾ കൊണ്ടാണ്. പുറം ലോകത്തിനെത്തി പെടാൻ സാധിക്കാത്ത അനവധി ഊടുവഴികളിൽ ഇങ്ങനെ കുരുക്കഴിക്കും തോറും കുരുക്കേറുന്ന ജീവിതങ്ങളാണവിടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com