ആൻഡമാൻ നിക്കോബാറിൽ വിനോദസഞ്ചാരത്തിനു താൽക്കാലിക വിലക്ക്

andaman-islands6
SHARE

കോവിഡ്-19 വ്യാപന ഭീതിക്കിടെ ആൻഡമാൻ നിക്കോബാറിലെ വിനോദസഞ്ചാരത്തിന് താൽക്കാലിക നിരോധനം. ആദിവാസി ഗോത്രങ്ങളുമായുള്ള സമ്പർക്കത്തിനും നിയന്ത്രണമുണ്ട്. മേഖലയിലെ ഇക്കോ ടൂറിസം വേദികൾ, ബീച്ചുകൾ, ബോട്ടുകൾ, ബോട്ട് ജെട്ടികൾ, വാട്ടർ സ്പോർട്സ് എന്നിവയടക്കം മാർച്ച് 26 വരെ അടച്ചിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് പ്രധാന ടൂറിസ്റ്റ് സൈറ്റുകളായ സെല്ലുലാർ ജയിൽ (ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ), ഹാവ്‌ലോക്ക് ദ്വീപ്, നീൽ ദ്വീപുകൾ, ബരാടാംഗ് തുടങ്ങിയവയും അടയ്ക്കും.

ഇന്ത്യയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം നൂറു കടന്ന സാഹചര്യത്തിൽ, ആൻഡമാനിലെ ആദിവാസി ക്ഷേമ വകുപ്പ് വിനോദ സഞ്ചാരികളുടെയും താമസക്കാരുടെയും തദ്ദേശീയ ഗോത്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചുതുടങ്ങി. 

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ആറ് ഗോത്രങ്ങൾ നിലവിലുണ്ട് - ഗ്രേറ്റ് ആൻഡമാനീസ്, ജരാവാസ്, ഓഞ്ച്, ഷോംപെൻ, നിക്കോബറീസ്, സെന്റിനലീസ്. വിനോദസഞ്ചാരികൾ എത്തിയാൽ ദ്വീപിൽ വൈറസ് ബാധ പടരാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. രോഗലക്ഷണമുള്ള ഉദ്യോഗസ്ഥരെ ഗോത്രമേഖല സന്ദർശിക്കുന്നതിൽനിന്ന് വിലക്കിയിട്ടുണ്ടെന്നും മറ്റ് ഉദ്യോഗസ്ഥരോട് ഗോത്രങ്ങളുമായുള്ള ബന്ധം പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആദിവാസി റിസർവ് പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തിൽ വൈറസ് പകരാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ നടപടികൾ.

എന്നിരുന്നാലും, ദ്വീപു നിവാസികൾക്കു വേണ്ടി മാത്രം, ഡയറക്ടറേറ്റ് ഓഫ് ഷിപ്പിങ് സർവീസസ് (ഡി‌എസ്‌എസ്), സ്വകാര്യ കപ്പലുകൾ, അഡ്മിനിസ്ട്രേറ്റീവ് ബസുകൾ, സ്വകാര്യ ബസുകൾ എന്നിവയുൾപ്പെടെയുള്ള ഗതാഗത മാർഗങ്ങൾ പരിമിതമായ അളവിൽ പ്രവർത്തിക്കും. പൊതു ഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ തമ്മിൽ അടുത്തു പെരുമാറുന്നത് ഒഴിവാക്കാൻ വേണ്ട സൗകര്യങ്ങളും നിർദേശങ്ങളും നൽകാനും തീരുമാനമായി. ഓരോ യാത്രയ്ക്കും മുമ്പും ശേഷവും ബോട്ടുകളും വാഹനങ്ങളും വൃത്തിയാക്കാനും  ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ ഈ മേഖലയിലെ ടൂറിസം വ്യവസായത്തിന് വൻ നഷ്ടമാണുണ്ടായിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം ആൻഡമാൻ മേഖലയിലെ ടൂറിസം മേഖലയുടെ വരുമാനം വിമാന നിരക്ക് ഉൾപ്പെടെ ഓരോ വർഷവും ഏകദേശം 100 കോടി രൂപയാണ്. എന്നാൽ ഇത്തവണ വരുമാനം പകുതിയായി കുറയും എന്ന ആശങ്കയുണ്ട്. ഇവിടെ ഇതുവരെ കൊറോണ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ ആരും ആശങ്കപ്പെടേണ്ടതില്ല എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA