ബനാറസില്‍ ടൂറിസ്റ്റ് ഗൈഡായി സാറ അലി ഖാന്‍: നടിയെ ആരും തിരിച്ചറിഞ്ഞില്ല!

sara-alikhan
SHARE

ഉള്ളില്‍ എപ്പോഴും കുട്ടിത്തം കാത്തു സൂക്ഷിക്കുന്നതു കൊണ്ടാവാം, ബോളിവുഡ് നടിയും നടന്‍ സെയ്ഫ് അലി ഖാന്‍റെ മകളുമായ സാറ അലി ഖാന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ എപ്പോഴും ആരാധകരില്‍ ചിരി പടര്‍ത്താറുണ്ട്. ഇത്തരമൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സാറ വീണ്ടും. ബനാറസില്‍ നിന്നാണ് ഇക്കുറി നടിയുടെ വീഡിയോ. 

ബനാറസിലെ വിശ്വനാഥ് ലെയ്നിലെ മാര്‍ക്കറ്റിലൂടെ മുടിയഴിച്ചിട്ട് പീച്ച് നിറത്തിലുള്ള ഷാളണിഞ്ഞ്, കഴുത്തില്‍ ഒരു മാലയും നെറ്റിയില്‍ ചുവന്ന കുറിയുമണിഞ്ഞ്‌ മാര്‍ക്കറ്റിലൂടെ നടക്കുകയാണ് സാറ. ഒപ്പം ടൂര്‍ ഗൈഡിനെപ്പോലെ ഓരോരോ കടകള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ നടിയെ ആരും തിരിച്ചറിഞ്ഞതായി വീഡിയോയില്‍ കാണിക്കുന്നില്ല. ഈ കൊറോണക്കാലത്ത് മാസ്ക് ഇടാതെ ഇങ്ങനെയൊരു പൊതുസ്ഥലത്ത് ഇറങ്ങി നടക്കുന്നത് അത്ര ശരിയല്ല എന്ന് ആരാധര്‍ ഈ വീഡിയോക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുമുണ്ട്. 

ഉത്തർ പ്രദേശില്‍ ഗംഗാനദിയുടെ പടിഞ്ഞാറൻ തീരത്തായി ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തിൽ കിടക്കുന്ന നഗരമാണ് ബനാറസ് എന്നും കാശി എന്നുമൊക്കെ പേരുകള്‍ ഉള്ള വാരാണസി.  ഹിന്ദുക്കളും ബുദ്ധമതക്കാരും ജൈനമതക്കാരുമെല്ലാം ഒരേ പോലെ പുണ്യനഗരമായി കണക്കാക്കുന്ന ഇടമാണിത്. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതല്‍ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ വരാണസിയിലുണ്ട്. ഇവിടെ നിന്നും വരുന്ന നെയ്തെടുത്ത സാരികളും പ്രാദേശിക ഗുസ്തിയുമെല്ലാം ലോകപ്രശസ്തമാണ്.

ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രം. ഓരോ വർഷവും ഇവിടെ 400 ഉത്സവങ്ങൾ നടക്കാറുണ്ട്.  ശിവരാത്രി സമയത്താണ് ഏറ്റവും പ്രധാനപ്പെട്ട ഉത്സവം വരുന്നത്. ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.

വേനൽക്കാലത്ത് കടുത്ത ചൂടാണ് ഇവിടെ. അതുകൊണ്ടുതന്നെ ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA