മലമുകളില്‍ പാറ തുരന്നുണ്ടാക്കിയ ബാബാ ബാലക് നാഥ ക്ഷേത്രം

Baba-Balak-Nath-temple
SHARE

പ്രകൃതിയോടിണങ്ങിയ രീതിയില്‍ മല തുരന്ന് നിര്‍മിക്കപ്പെട്ട കുന്നിന്‍മുകളിലെ ക്ഷേത്രം. ഹിമാചൽ പ്രദേശിൽ ധർമ്മശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബാബാ ബാലക് നാഥ ക്ഷേത്രത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. പഞ്ചാബിലെയും ഹിമാചല്‍‌പ്രദേശിലെയും ഹിന്ദുക്കള്‍ ആരാധിച്ചു വരുന്ന ബാബാ ബാലക് നാഥ് അഥവാ സിദ്ധ ബാബ ബാലക് നാഥിന്‍റെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ഹാമിര്‍പൂര്‍ ജില്ലയില്‍ മലയുടെ മുകളിലായി ചക്മോത്ത് എന്ന കൊച്ചു ഗ്രാമത്തിലാണ്. പ്രാദേശിക വാസികള്‍ ഈ ക്ഷേത്രത്തെ വിളിക്കുന്നത് ദിയോത്സിദ് എന്നാണ്.

തുടക്കം അമരകഥ കേട്ട തത്തയില്‍ നിന്ന് 

ശിവനുമായി ബന്ധപ്പെട്ടതാണ് ഇവിടുത്തെ ചരിത്രം. അമർനാഥിലെ ഗുഹയിൽ വച്ച് ശിവൻ അമരകഥ തന്നോട് പറയുമ്പോള്‍ പാർവതി ദേവി ഉറങ്ങിപ്പോയത്രേ. ആ സമയത്ത് ഗുഹയിൽ ഒരു കുഞ്ഞു തത്ത ഉണ്ടായിരുന്നു. അത് കഥ കേൾക്കുകയും ഇടയ്ക്കിടെ മൂളുന്ന ശബ്ദം ഉണ്ടാക്കുകയും ചെയ്തു. കഥ തീര്‍ന്നപ്പോഴാണ്‌ ശിവൻ പാർവതി ദേവി ഉറങ്ങുന്നത് കണ്ടത്. കാര്യങ്ങള്‍ മനസിലായപ്പോള്‍ കഥ കേട്ട കിളിയോട് ശിവന് കോപം തോന്നി. ശിവന്‍ തത്തയുടെ നേര്‍ക്ക് ത്രിശൂലമയച്ചു. തത്ത അവിടെ നിന്ന് രക്ഷപെട്ടെങ്കിലും ത്രിശൂലം പിന്നാലെ തന്നെ ഉണ്ടായിരുന്നു. വഴിയില്‍ വ്യാസമുനിയുടെ ഭാര്യ അലറിവിളിച്ചു കൊണ്ടിരിക്കുന്നത് കണ്ട കിളി അവരുടെ വായിലൂടെ വയറ്റിൽ പ്രവേശിച്ചു. സ്ത്രീകളെ കൊല്ലുന്നത് പാപമായതിനാൽ ത്രിശൂലം യാത്ര നിർത്തി. 

കിളി പുറത്തു വരുന്നതും നോക്കി ശിവന്‍ അവിടെത്തന്നെ ഇരുന്നെന്നും ലോകം നിശ്ചലമായെന്നുമാണ് കഥ. തുടര്‍ന്ന് എല്ലാവരും കൂടി നാരദ മുനിയെ കണ്ടു ലോകത്തെ രക്ഷിക്കാൻ ശിവനോട് പറയാന്‍ അഭ്യർത്ഥിച്ചു. തുടർന്ന് നാരദൻ ശിവന്റെ അടുത്തെത്തി കോപം ഉപേക്ഷിക്കാൻ അപേക്ഷിച്ചു. 

അമരകഥ കേട്ട തത്തക്ക് മരണം ഇല്ലെന്ന് നാരദന്‍ ഉണര്‍ത്തിച്ചു. തത്തയോട് പുറത്തു വരാന്‍ ശിവന്‍ പറഞ്ഞു. പകരമായി തത്ത ഒരു അനുഗ്രഹം ആവശ്യപ്പെട്ടു. താന്‍ പുറത്തു വരുന്ന സമയത്ത് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ജ്ഞാനികളും അനശ്വരന്മാരും ആവണം എന്നായിരുന്നു അത്. ശിവന്‍ അത് അംഗീകരിച്ചു. തത്ത പുറത്തു വരികയും അതേ സമയം ജനിച്ച കുഞ്ഞുങ്ങള്‍ക്ക് ആവശ്യപ്പെട്ട പ്രകാരം അനുഗ്രഹം ലഭിക്കുകയും ചെയ്തു. അതിലൊരു കുഞ്ഞാണത്രേ ബാബ ബാലക് നാഥ്‌. നവ്‌ നാഥ്, സുഖ്ദേവ് മുനി, ചൌരസി സിദ്ധ് എന്നിവരാണ് അനുഗ്രഹം ലഭിച്ച മറ്റുള്ളവര്‍. 

എല്ലാ യുഗത്തിലും ബാബ ബാലക് നാഥ്‌ വ്യത്യസ്ത രൂപങ്ങളില്‍ അവതരിക്കും എന്നാണു വിശ്വാസം. സദ്‌യുഗത്തില്‍ സ്കന്ദനായും ത്രേതായുഗത്തില്‍ കൌള്‍ ആയും ദ്വാപരയുഗത്തില്‍ മഹാകൗള്‍ ആയുമായി അദ്ദേഹം അവതരിച്ചു എന്നാണു വിശ്വാസം.

എങ്ങനെ എത്തിച്ചേരാം?

ചണ്ഡിഗഡ് ആണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്‌. ഇവിടെ നിന്നും 120 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. 50 കിലോമീറ്റര്‍ അകലെയുള്ള ഉന റെയില്‍വേ സ്റ്റേഷനില്‍ ആണ് ട്രെയിന്‍ വഴി വരുന്നവര്‍ ഇറങ്ങേണ്ടത്. 

ബിലാസ്പൂർ, ഹാമിർപൂർ ജില്ലകളുടെ അതിർത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബിലാസ്പൂർ (40 കിലോമീറ്റർ), ഹാമിർപൂർ (45 കിലോമീറ്റർ) എന്നിവിടങ്ങളിൽ നിന്ന് റോഡ് വഴി ഇവിടെയത്താം. വിനോദ സഞ്ചാരികൾക്കായി സ്വകാര്യ ടാക്സി സൗകര്യം ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA