ADVERTISEMENT

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കന്യാകുമാരി. ദേവി കന്യാകുമാരിയുടെ പേരില്‍ അറിയപ്പെടുന്ന തമിഴ്നാട്ടിലെ ഈ സ്ഥലത്തിന് കേപ് കൊമോറിന്‍ എന്നും പേരുണ്ട്. മനോഹരമായ ബീച്ചും ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ കന്യാകുമാരിയെക്കുറിച്ച് അവിടെ പോകുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഇതാ.

kanyakumari-temple-gif

കന്യാകുമാരി ക്ഷേത്രം 

ഹിന്ദു വിശ്വാസമനുസരിച്ച് പാർവതീ ദേവിയുടെ അവതാരമായ ബാലാംബിക ദേവി കുടിയിരിക്കുന്ന സ്ഥലമാണ് കന്യാകുമാരി. ഏകദേശം 3000 വർഷങ്ങളോളം പഴക്കമുള്ള കന്യാകുമാരി ദേവീ ക്ഷേത്രമാണ് ഇവിടത്തെ ഒരു പ്രധാന ആകർഷണം. ത്രിവേണി സംഗമത്തിനടുത്തായാണ് ക്ഷേത്രം. മതത്തിന്‍റെ വേലിക്കെട്ടുകള്‍ ഇല്ലാതെ എല്ലാവര്‍ക്കും ഒരേപോലെ കയറാവുന്ന ഈ ക്ഷേത്രം പുലർച്ചെ നാലരക്കാണ് തുറക്കുന്നത്. പിന്നീട് ഉച്ചയോടെ അടയ്ക്കുന്ന ക്ഷേത്രം വീണ്ടും വൈകീട്ട് 4 മുതൽ രാത്രി 8 വരെ തുറന്നിരിക്കും. ക്ഷേത്രത്തിനകത്ത് ഫോട്ടോഗ്രാഫി പാടില്ല എന്ന് നിയമമുണ്ട്.

മരുന്തുവാഴ്മലൈ അഥവാ മരുത്വാമല

കന്യാകുമാരി–ശുചീന്ദ്രം ദേശീയപാതയിൽ പൊറ്റൈയടി എന്ന സ്ഥലത്തുനിന്നും തിരിഞ്ഞുവേണം മരുത്വാമല എന്ന മരുന്തുവാഴ്മലൈയുടെ ചുവട്ടിലെത്താൻ. കന്യാകുമാരിയിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് ഇത്. ഒട്ടേറെ അപൂർവ ഔഷധങ്ങളുടെ കലവറയായ ഇവിടം ശ്രീനാരായണഗുരു ഉൾപ്പടെയുള്ള ഋഷീശ്വരന്മാരുടെ തപോഭൂമിയുമായിരുന്നു. ഹനുമാൻ അവിടെ മൃതസഞ്ജീവനി ഉപേക്ഷിച്ചുവെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഹിന്ദുക്കൾക്ക് വലിയ പ്രാധാന്യമുള്ള ഇടമാണിത്.

തിരുവള്ളുവര്‍ പ്രതിമ

തമിഴ് തത്ത്വചിന്തകനും കവിയും തമിഴ് സാഹിത്യത്തിലെ ഇതിഹാസവുമായ തിരുക്കുറലിന്‍റെ രചയിതാവുമായ ആയ തിരുവള്ളുവരുടെ പ്രതിമയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. 133 അടി ഉയരമുള്ള തിരുവള്ളുവറിന്റെ ശിലാപ്രതിമ രണ്ടായിരത്തിലാണ് അനാച്ഛാദനം ചെയ്തത്. ബംഗാൾ ഉൾക്കടലും അറേബ്യൻ കടലും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന ഇടത്താണിതുള്ളത്. കടലിന് നടുവിൽ നിർമിച്ച ശിൽപകലയിലെ ഒരു അദ്ഭുതം കൂടിയാണിത്. തിരുവള്ളുവർ പ്രതിമയുടെ അടുത്തെത്താൻ മുകളിലേക്ക് പടവുകളുണ്ട്. കയറുന്നിടത്ത് തമിഴിലും ഇംഗ്ലീഷിലും തിരുക്കുറളിലെ 133 അധ്യായത്തെ അനുസ്മരിപ്പിക്കും വിധം ലിഖിതങ്ങളുണ്ട്. കരിക്കൽക്കെട്ടിനുള്ളിലൂടെ മുകളിലേക്ക് നടക്കുമ്പോൾ പുറത്ത് വെയിലാണെന്ന് തോന്നുക പോലുമില്ല. നല്ല തണുപ്പ്. പ്രതിമയുടെ കാൽപാദത്തിന് അരികിലായി മുകളിലെത്തുമ്പോൾ കടലിനെ ഏരിയൽ വ്യൂവിൽ കാണാം. വിവേകാന്ദപ്പാറ മുഴുവനായി ക്യമറയിൽ പകർത്താൻ ഇവിടെ നിന്നും മാത്രമേ പറ്റൂ. 

kanyakumari-travel3

വിവേകാനന്ദപ്പാറ

1892ല്‍ കടല്‍ നീന്തിക്കടന്നെത്തിയ സ്വാമി വിവേകാനന്ദന്‍ ധ്യാനിച്ചിരുന്ന സ്ഥലമാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്. കന്യാകുമാരിയിലുള്ള വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി കാണുന്ന രണ്ടു പാറകളിൽ ഒന്നാണ് ഇത്.  വിവേകാനന്ദസ്വാമികൾ കടൽ നീന്തിക്കടന്ന് 1892 ഡിസംബർ 23,24,25 തീയതികളിൽ ഈ പാറയിൽ വന്നു ധ്യാനിച്ചിരുന്നിരുന്നു എന്നാണ് ഐതിഹ്യം. വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥമാണ് ഈ സ്മാകരം പണിത് 1970ൽ രാഷ്ട്രത്തിന് സമർപ്പിച്ചത്. ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്ന് തപസ്സനുഷ്ടിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീപാദപ്പാറയും ഇവിടെയാണ്‌ ഉള്ളത്. ബംഗാൾ ഉൾക്കടലും, അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും യോജിച്ച് ഒന്നായിത്തീരുന്ന ത്രിവേണി സമുദ്രസംഗമം ഇവിടെ നിന്ന് നോക്കിയാല്‍ കാണാം. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിങ്ങനെ രണ്ടു മണ്ഡപങ്ങള്‍ ഇവിടെയുണ്ട്.

kanyakumari-travel8

സാംസ്കാരിക പരിപാടികള്‍

ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പ്രതിഫലനം കന്യാകുമാരിയില്‍ കാണാന്‍ സാധിക്കും. ധാരാളം സാംസ്‌കാരിക മേളകളും പരിപാടികളും മറ്റും ഇവിടെ നടക്കാറുണ്ട്. ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ കേപ് ഫെസ്റ്റിവല്‍ പോലെയുള്ള പരിപാടികളില്‍ സംബന്ധിക്കാനായി നിരവധി ടൂറിസ്റ്റുകള്‍ എത്തിച്ചേരാറുണ്ട്.

കലയുടെ കേന്ദ്രം 

പുരാതന കാലത്ത് വ്യാപാരത്തിന്‍റെ നട്ടെല്ലായിരുന്നു കന്യാകുമാരി ജില്ല. കലയുടെയും മതത്തിന്‍റെയും കേന്ദ്രം കൂടിയായിരുന്നു ഇത്.

അധികമാരും പോവാത്ത ഇടങ്ങളുമുണ്ട് 

ഇവ കൂടാതെ പദ്മനാഭപുരം കൊട്ടാരം, ശുചീന്ദ്രം ക്ഷേത്രം, ഗാന്ധിജിയുടെ ചിതാഭസ്മ സ്മാരകം, മെഴുക് പ്രതിമകളുടെ മ്യൂസിയം, തോവാള പൂ മാർക്കറ്റ്, മുപ്പന്തൽ വിൻഡ് ഫാം തുടങ്ങിയ സ്ഥലങ്ങളും കന്യാകുമാരി യാത്രയിൽ സന്ദർശിക്കാവുന്നതാണ്. മുട്ടം ബീച്ച്, ശംഖുതുറൈ ബീച്ച്, ചൊത്തവിളൈ ബീച്ച്, കന്യാകുമാരി ബീച്ച്, തേങ്ങാപ്പട്ടണം ബീച്ച് എന്നിങ്ങനെ അത്ര പ്രശസ്തമല്ലാത്ത ബീച്ചുകളും ഉണ്ട്.

സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സമയം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയത്താണ് കന്യാകുമാരി കാണാന്‍ പോകാന്‍ ഏറ്റവും നല്ലത്. മഴക്കാലം ഇഷ്ടമുള്ളവര്‍ക്ക് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലം തെരഞ്ഞെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com