മുല്ല പൂക്കൾ നിറഞ്ഞ പര്‍വ്വതം; അറിയാം വശ്യ മലനിരയെക്കുറിച്ച് രസകരമായ വിവരങ്ങൾ

Kudajadri-Hills
SHARE

കർണാടകയിലെ ഏറ്റവും പ്രശസ്‌തമായ കൊടുമുടികളിൽ ഒന്നാണ് കുടജാദ്രി. കർണാടകത്തിലെ പത്താമത്തെ ഉയർന്ന കൊടുമുടിയായ ഇവിടം സഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഇടമാണ്. ട്രെക്കിങ്ങിനും വിനോദത്തിനും പേരുകേട്ടതാണ് എന്നു മാത്രമല്ല ആത്മീയ പ്രാധാന്യവും കൂടിയുണ്ട് ഈ മനോഹരമായ പ്രദേശത്തിന്. പ്രകൃതിയുടെ കരവിരുത് ആവോളം ചേര്‍ത്ത് ചിത്രം പോലെ പണിതെടുത്ത ഈ മലനിരകളെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ വേറെയുമുണ്ട്!

kudajadri-trip1

ആ പേരിനു പിന്നിലെ കഥ

സംസ്കൃതത്തിലെ കുടകാചലം എന്ന പേരു ലോപിച്ചാണ് കുടജാദ്രി എന്ന വാക്ക് വന്നത്. 'കുടജ' അഥവാ മുല്ല പുഷ്പങ്ങള്‍ നിറഞ്ഞ പര്‍വ്വതം എന്നാണു ഇതിനര്‍ത്ഥം. പ്രാദേശിക വാസികള്‍ ഈ സ്ഥലത്തെ 'കൊടചാദ്രി', കൊടാശി പാര്‍വതി' എന്നും വിളിക്കുന്നു.

kudajadri

ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠം 

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മല കയറി എത്തിയ യൂറോപ്യന്മാര്‍ ഈ സ്ഥലത്തെ വിശേഷിപ്പിച്ചത് ലോകത്തിലെ ഏറ്റവും മനോഹരമായ ഇടം എന്നായിരുന്നു. ആദി ശങ്കരന്‍ ഇവിടെ വന്നു ധ്യാനിച്ചിരുന്നു എന്ന് പറയപ്പെടുന്നു. കൊല്ലൂരില്‍ അദ്ദേഹം ക്ഷേത്രം സ്ഥാപിക്കുകയുമുണ്ടായി. മലമുകളില്‍ ആദി ശങ്കരന് സമര്‍പ്പിച്ച ഒരു ക്ഷേത്രം കാണാം. സര്‍വജ്ഞപീഠം എന്നറിയപ്പെടുന്ന ഇവിടം സഞ്ചാരികളുടെയും വിശ്വാസികളുടെയും പറുദീസയാണ്.

kudajadri

ദേശീയോദ്യാനത്തിനു നടുവില്‍

മൂകാംബിക ദേശീയ ഉദ്യാനത്തിനു നടുവിലാണ് കുടജാദ്രി സ്ഥിതിചെയ്യുന്നത്. ഇടതൂർന്ന ഷോല വനങ്ങളാല്‍ മൂടപ്പെട്ട കുടജാദ്രി വിനോദസഞ്ചാരികൾക്ക്‌  കണ്ണിനും മനസിനും വിരുന്നൊരുക്കുന്നു. പശ്ചിമഘട്ടത്തിലുള്ള ഉഷ്ണമേഖലാ മഴക്കാടാണ് ഇത് എന്നതാണ് ശ്രദ്ധേയം. ജൈവ വൈവിധ്യം കൊണ്ട് സമൃദ്ധമായ ഇവിടം വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ്. മലബാർ ലങ്കൂർ, മലബാർ പൈഡ് ഹോൺബിൽ, ഇന്ത്യൻ ടൈഗർ, ഹീന, റോക്ക് പൈത്തൺ എന്നിവ ഇവിടെ കാണപ്പെടുന്ന ചില അപൂര്‍വ്വ ജീവി ഇനങ്ങളാണ്. 

Souparnika river at Kollur

കാന്തിക ശക്തിയുള്ള കല്ലുകള്‍

കുടജാദ്രിയില്‍ കാണപ്പെടുന്ന കല്ലുകള്‍ക്ക് കാന്തിക ശക്തി ഉണ്ടെന്നു പറയപ്പെടുന്നു. മാംഗനീസ്, ഇരുമ്പ് തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുള്ള കല്ലുകള്‍ ആണിവ. എന്നാല്‍ ഇവയുടെ ഖനനം ഇവിടെ അനുവദനീയമല്ല.

മൂലസ്ഥാനം 

കൊല്ലൂരിലെ ശ്രീ മൂകാംബിക ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായി കണക്കാക്കുന്ന ഒരു ചെറിയ ക്ഷേത്രം കുടജാദ്രിയുടെ താഴ്‌വരയിലുണ്ട്. ഇവിടെ നിന്നുമാണ് കുടജാദ്രിയുടെ മുകളിലേക്കുള്ള രണ്ടു കിലോമീറ്റര്‍ യാത്ര ആരംഭിക്കുന്നത്.

ഭീമന്‍ ഇരുമ്പുതൂണ്‍

കുടജാദ്രിക്ക് സമീപത്തായുള്ള മൂകാംബിക ക്ഷേത്രത്തിന്‍റെ മുന്‍വശത്തായി 40 അടി നീളമുള്ള ഭീമനൊരു ഇരുമ്പ് തൂണ്‍ ഉണ്ട്. മൗണ്ട് അബുവിലെ ധറില്‍ ഉള്ള ചരിത്രപരമായ ഇരുമ്പു സ്തംഭവുമായാണ് ഇതിനെ താരതമ്യം ചെയ്യുന്നത്.

മനോഹരമായ വെള്ളച്ചാട്ടങ്ങള്‍

പ്രകൃതിരമണീയമായ വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണ് കുടജാദ്രി. ഇവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ഹിഡ്ലുമനെ വെള്ളച്ചാട്ടം സാഹസിക സഞ്ചാരികള്‍ക്ക് പറ്റിയ ഇടമാണ്. കൊടും വനത്തിനുള്ളിലെ അരസിനഗുണ്ടി വെള്ളച്ചാട്ടം, തെക്കു ഭാഗത്തുള്ള ബേലക്കല്ല് എന്നിവയും ട്രെക്കിംഗ് നടത്തി പോയി കണ്ടു വരാം.

സൂര്യാസ്തമയക്കാഴ്ചയുടെ സൗന്ദര്യം നുകരാം

ഏതൊരു സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കാഴ്ചയാണ് കുടജാദ്രിയില്‍ നിന്നുള്ള അസ്തമയം. അറബിക്കടലില്‍ ഒരു തങ്കത്തളികയെന്ന പോലെ സൂര്യന്‍ മുങ്ങിത്താഴുന്നത് കുടജാദ്രിയുടെ മുകളില്‍ നിന്ന് നോക്കിയാല്‍ കാണാം. സൂര്യന്‍റെ ആകൃതി മാറുന്നതും നോക്കി നില്‍ക്കാം.

ട്രെക്കിങ് തുടങ്ങും മുന്‍പേ

സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് കുടജാദ്രി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ലത്. കൊല്ലൂര്‍ വരെ ജീപ്പിനു വന്ന് ബാക്കി ദൂരം നടന്നു കയറാം. താഴ്‌‌വരയിലുള്ള നഗോടി അഥവാ നിട്ടൂര്‍ എന്ന് പേരുള്ള ഒരു ഗ്രാമത്തില്‍ നിന്നാണ് കുടജാദ്രി ട്രെക്കിങ് തുടങ്ങുന്നത്. രാത്രി ക്യാമ്പ് ചെയ്ത് ഇവിടെ തങ്ങുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്. രാത്രികാല താമസത്തിനായി സര്‍ക്കാര്‍ വക ഒരു ബംഗ്ലാവ് ഇവിടെയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA