ADVERTISEMENT

മഞ്ഞിന്‍ കണങ്ങള്‍ പുതച്ചു മയങ്ങുന്ന താഴ്‌‌‌വരകളും നുരയിട്ടൊഴുകുന്ന നദികളും മേഘങ്ങള്‍ ജനിച്ചു വീഴുന്ന പര്‍വതശിഖരങ്ങളും അതിരിടുന്ന മനോഹര ഭൂമി. വര്‍ഷം മുഴുവന്‍ നിര്‍ത്താതെ ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ നാട്. സമുദ്രനിരപ്പില്‍നിന്നു 4,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചിറാപുഞ്ചിക്ക്  ഒരു ആമുഖം ആവശ്യമില്ല. പാഠപുസ്തകം മുതല്‍ ഗിന്നസ് ബുക്ക് വരെ പരന്നുകിടക്കുന്ന അതിന്‍റെ പ്രശസ്തി തന്നെ ധാരാളം!

cherrapunji-1

‘മേഘങ്ങളുടെ വീട്’ എന്നറിയപ്പെടുന്ന മേഘാലയയിലാണ് ഈ സുന്ദരഭൂമി. 

184228823

സന്ദര്‍ശിക്കാന്‍ മികച്ച സമയം 

ലോകത്തില്‍ ആകെ ഒറ്റ ഋതു മാത്രമുള്ള ഒരു സ്ഥലം മാത്രമേയുള്ളൂ. മണ്‍സൂണ്‍ കാലം ഒരിക്കലും തീരാത്ത ചിറാപുഞ്ചി. പെയ്യുന്ന മഴയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും എന്ന് മാത്രമേയുള്ളൂ, ഒരു മാസം പോലും തോരാതെ പെയ്യുന്ന മഴയാണ് ഇവിടെ. പകല്‍ ഉള്ളതിനേക്കാള്‍ രാത്രിയാണ് മഴ പെയ്യുന്നത്. അതിനാല്‍ മഴ കാരണം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത് വളരെ കുറവാണ്. മഴ ഇഷ്ടപ്പെടുന്നവര്‍ക്ക് വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന ഇടമാണ് ചിറാപുഞ്ചി.

cherrapunji-4

ഏറ്റവും കൂടുതല്‍ മഴയുള്ള സമയം 

വര്‍ഷം മുഴുവന്‍ നിര്‍ത്താതെ പെയ്യുമെങ്കിലും മേയ്‌ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. ഇരുട്ടും ഇടിയും മിന്നലുമൊക്കെയായി നല്ല കിടുക്കന്‍ മഴക്കാലമാണ് ഈ സമയം!

ഇപ്പോഴത്തെ കണക്കനുസരിച്ച് ചിറാപുഞ്ചിയില്‍ പ്രതിവര്‍ഷം ലഭിക്കുന്ന മഴയുടെ ശരാശരി അളവ് 10,871 മില്ലിമീറ്ററാണ്. 1861 ലാണ് റെക്കോര്‍ഡ് മഴ ലഭിച്ചത്– 22,987 മില്ലിമീറ്റർ.ചിറാപുഞ്ചിയിൽനിന്ന് 10 കിലോമീറ്റർ അകലെയാണ് മൗസിന്‍റം ഗ്രാമം. ലോകത്തില്‍ ഏറ്റവും കൂടുതൽ മഴയുള്ള സ്ഥലം എന്ന റെക്കോര്‍ഡ് ചിറാപുഞ്ചിയില്‍ നിന്നു തട്ടിയെടുത്ത ഈ ഗ്രാമത്തില്‍ പ്രതിവര്‍ഷം ശരാശരി 12,163 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്.

മഴവില്ലു കാണാന്‍ ആഗ്രഹം ഉള്ളവർ സെപ്റ്റംബറിൽ എത്തുന്നതാണ് നല്ലത്. കടുത്ത മഴയൊക്കെ ഒതുങ്ങി മരങ്ങളില്‍ ചെറിയ തളിരുകള്‍ വന്നു തുടങ്ങുകയും ആകാശം കരിനിറത്തില്‍ നിന്നു നീലയിലേക്ക് പതിയെ മാറുകയും ചെയ്യുന്ന ഈ സമയത്ത് ആകാശത്ത് മനോഹരമായ മഴവില്ലുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

ചിറാപുഞ്ചിയില്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ 

ഒരു കാലത്ത് ലോകത്തില്‍ ഏറ്റവും നനവുള്ള ഇടമായിരുന്ന ചിറാപുഞ്ചിയില്‍ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉണ്ട്. മാവ്സ്മൈ ഗുഹ, ക്രെം മാവ്മ്ലു ഗുഹ, നോഹ്കലികായ് വെള്ളച്ചാട്ടം, ഡബിൾ ഡെക്കർ ലിവിങ് റൂട്ട് ബ്രിജ്, സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം, ഡെയ്‌ൻ‌ത്‌ലെൻ‌ വെള്ളച്ചാട്ടം, ക്രെം ഫില്ലറ്റ്, തങ്ഖാരംഗ് പാർക്ക്, ഇക്കോ പാർക്ക്, കിൻ‌റെം വെള്ളച്ചാട്ടം, മോട്ട്രോപ്പ്/ ഖോ റാംഹ, ഡാവ്കി, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മോലിനോങ്, ഇന്ത്യയിലെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടമായ മാവ്സ്മയി, നോങ്‌സാവ്‌ലിയ, നോക്രെക് നാഷനൽ പാർക്ക് എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം നടത്താം.

എങ്ങനെ എത്താം?

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽനിന്ന് 58 കിലോമീറ്റര്‍ ദൂരെയാണ് ചിറാപുഞ്ചി. ട്രെയിന്‍/ബസ്/ഫ്ലൈറ്റ് മാര്‍ഗം എത്തിച്ചേര്‍ന്നാല്‍ ഇവിടെ നിന്നു ചിറാപുഞ്ചിയിലേക്ക് ബസുകളും ടാക്സികളും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com