ADVERTISEMENT

ഈ ചിത്രങ്ങള്‍ കണ്ടാല്‍ ഏതെങ്കിലും യൂറോപ്യന്‍ നഗരമാണെന്ന് തോന്നുന്നുണ്ടോ. എങ്കില്‍ ഇത് മുംബൈ ആണ്. രാജ്യം മുഴുവന്‍ കൊറോണയ്‌ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി നഗരം നിശ്ചലമായിരിക്കുന്ന കാഴ്ച്ചയാണിത്. ആളനക്കമില്ല, ട്രാഫിക് ജാമുകളില്ല, വീഥികളും തെരുവോരങ്ങളുമെല്ലാം നിശബ്ദം. ഇടയ്ക്ക് മാത്രം കടന്നുപോകുന്ന സ്വകാര്യ വാഹനങ്ങളുടെ ശബ്ദമൊഴിച്ചാല്‍ മുംബൈ നഗരം ശരിക്കും ഉറക്കത്തിലാണെന്ന് പറയേണ്ടിവരും. 

mumbai-covid193

ഈയൊരു കാഴ്ച്ച ചിലപ്പോള്‍ അപൂര്‍വ്വമായിരിക്കും. ഇതിന് മുമ്പ് ഒരിക്കലെങ്കിലും നഗരത്തിന് ഇങ്ങനെയൊരു അവസ്ഥയുണ്ടായിട്ടുണ്ടോ എന്നത് സംശയമുള്ള കാര്യമാണ്.

mumbai-covid196

 

mumbai-covid198

സോഷ്യല്‍ മീഡിയയിലെല്ലാം തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രങ്ങള്‍ ഒരു ചിന്താവിഷയം കൂടിയാണ്. എന്തെന്നാല്‍ 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന ഈ മഹാനഗരങ്ങളൊക്കെ യാതൊരു പ്രവര്‍ത്തനങ്ങളുമില്ലാതെ ദിവസങ്ങളോളം ഉറക്കത്തിലേക്ക് പോകുമ്പോള്‍ അത് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന കാഴ്ച്ച തന്നെയാണ്. മുംബൈയുടെ പ്രശസ്തമായ ജുഹുബീച്ചും ഉദയാസ്തമയങ്ങളെ പ്രണയിക്കുന്നവരുടെ പറുദീസയായ മറൈന്‍ ഡ്രൈവ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരിക്കുന്നു. 

mumbai-covid191

മുംബൈ സന്ദര്‍ശിക്കുന്ന ആരും പകര്‍ത്തുന്നൊരു ചിത്രമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യയും അതിന്റെ പശ്ചാത്തലത്തില്‍ പ്രാവുകള്‍ക്കൊപ്പമുള്ളതും.  എന്നാല്‍ ലോക് ഡൗണ്‍ കാലത്തെ ഫോട്ടോയില്‍ പ്രാവുകള്‍ മാത്രമാണുള്ളത്. വിജനമായ കാഴ്ച്ച കാണേണ്ടതുതന്നെ. ഇത്തരത്തില്‍ നഗരം മുഴുവന്‍ നിശബ്ദതയുടെ മൂടുപടമണിഞ്ഞിരിക്കുന്നു.

mumbai-covid197

 

mumbai-covid19

അന്തരീക്ഷവും തെളിഞ്ഞിരിക്കുന്നു. മുംബൈ നഗരം മാത്രമല്ല രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളും ഇങ്ങനെ വിജനമായിരിക്കുന്ന കാഴ്ച്ചയാണ് എങ്ങും. ജീവിതത്തില്‍ ചിലപ്പോള്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്നതാണിതെന്ന രീതിയിലാണ് ഈ ചിത്രങ്ങളൊക്കെ സോഷ്യന്‍ ഇടങ്ങളില്‍ വൈറലാകുന്നത്.

ലോകം മുഴുവന്‍ കൊറോണയെന്ന വിപത്തിനെ പേടിച്ച് വീടുകള്‍ക്കുള്ളിലേയ്ക്ക് ചുരുങ്ങിയ ഈ കാലത്ത് ലോകമെമ്പാടുമുള്ള വമ്പന്‍ നഗരങ്ങളെല്ലാം ഇത്തരത്തില്‍ ആശ്വാസത്തിന്റെ, തിരക്കില്ലായ്മയുടെ ദീര്‍ഘനിശ്വാസങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട് എന്നത് മറ്റൊരു സത്യമാണ്. 

ഡല്‍ഹിപോലെയുള്ള വായുമലിനീകരണ നഗരങ്ങളൊക്കെ ഒരുതരത്തില്‍ ശുദ്ധീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈയടുത്ത് വെനീസിലെ കനാലുകള്‍ കാലങ്ങള്‍ക്കുശേഷം തെളിഞ്ഞവെള്ളത്താല്‍ ഒഴുകുന്ന കാഴ്ച്ചയും നമ്മള്‍ കണ്ടതാണ്. കൊവിഡ് -19 എന്ന മഹാമരിയ്‌ക്കെതിരെ പൊരുതാന്‍ ലോകജനത തീരുമാനിച്ചപ്പോള്‍ പ്രകൃതി മാതാവ് സ്വയം ഒരു മാറ്റത്തിനുള്ള തയാറെടുപ്പിലാണെന്ന് വേണം മനസ്സിലാക്കാന്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com