താജ്മഹല്‍ മാത്രമല്ല... മധ്യപ്രദേശിലെ ഈ പ്രണയസ്മാരകത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Roopmati-Pavilion
SHARE

സംഗീതപ്രിയനായിരുന്ന ബസ് ബഹദൂര്‍ മണ്ടുവിലെ സുല്‍ത്താനായി വാഴുന്ന കാലം. ഒരിക്കല്‍ കാട്ടില്‍ വേട്ടയ്ക്കു പോയതായിരുന്നു അദ്ദേഹം. അപ്പോഴാണ്‌ എവിടെനിന്നോ മനോഹരമായ ഒരു ഗാനം ഒഴുകി വരുന്നതു കേട്ടത്. ഗാനത്തിന്‍റെ ഉറവിടം അന്വേഷിച്ചു ചെന്ന സുല്‍ത്താന്‍റെ മുന്നില്‍ അതിസുന്ദരിയായ ഒരു യുവതിയും കൂട്ടുകാരും ദൃശ്യമായി. പാട്ടു പാടിക്കൊണ്ട് ആടുകളെ മേയ്ച്ചു നടക്കുകയായിരുന്നു അവര്‍.

യുവതിയുടെ സൗന്ദര്യത്തിലും ശബ്ദസൗകുമാര്യത്തിലും മയങ്ങിയ സുല്‍ത്താന്‍, രൂപമതി എന്ന ആ ഇടയകന്യകയോട് തന്‍റെ കൂടെപ്പോരാന്‍ അഭ്യര്‍ഥിച്ചു. ഒരു നിബന്ധനയോടെ അവള്‍ സമ്മതിച്ചു. രാജാവിന്‍റെ കണ്ണെത്തും ദൂരത്ത് തനിക്കു വേണ്ടി ഒരു കൊട്ടാരം പണിയണം, അവിടെനിന്നു നോക്കിയാല്‍ നര്‍മദ നദി ഒഴുകുന്നത് കാണാനാവണം.

രാജാവ് സമ്മതിച്ചു. മനോഹരമായ ഒരു പ്രണയകഥയുടെ ആരംഭമായിരുന്നു അത്. തന്‍റെ ഹൃദയം കവര്‍ന്ന രൂപമതിയെ അദ്ദേഹം റാണിയായി വാഴിച്ചു. അദ്ദേഹം തന്‍റെ പ്രിയതമയ്ക്കായി പണിത ആ കൊട്ടാരമാണ് ‘രൂപമതി പവലിയന്‍’ എന്നറിയപ്പെടുന്നത്. പിന്നീട് മുഗള്‍ അധിനിവേശ കാലത്ത് ആദം ഖാന്‍ ഇവിടം പിടിച്ചെടുത്തപ്പോള്‍ ബസ് ബഹദൂര്‍ സഹായാഭ്യര്‍ഥനയുമായി ചിത്തോര്‍ഗഡിലേക്ക് പോവുകയും മാനഹാനി ഭയന്ന് റാണി വിഷം കഴിച്ച് ജീവനൊടുക്കുകയും ചെയ്തു എന്നാണു കഥ. 

Roopmati-Pavilion1

താജ്മഹല്‍ മാത്രമല്ല, ഇന്ത്യയില്‍ വേറെയും പ്രണയസ്മാരകങ്ങള്‍ ഉണ്ട് എന്നതിന്‍റെ ഉത്തമോദാഹരണമാണ്‌ രൂപമതി പവലിയന്‍. ഇന്ന് ഇതൊരു ടൂറിസ്റ്റ് കേന്ദ്രമാണ്. ബസ് ബഹദൂറിന്‍റെ കൊട്ടാരത്തിനു തെക്ക് ഭാഗത്തായി കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഈ മനോഹരമായ പവലിയനിൽ നിന്നാല്‍ നർമദ നദിയുടെയും താഴ്‍വയുടെയും മനോഹരമായ കാഴ്ച കാണാം. കൊട്ടാരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന എക്കോ പോയിന്റ്‌ ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. നര്‍മദ നദിക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയ ദര്‍ശനം കൊട്ടാരത്തില്‍നിന്ന് കാണുമ്പോള്‍ അതീവഹൃദ്യമാണ്. ഇതു കാണാന്‍ വേണ്ടിയും നിരവധി സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ കെട്ടിടം അഫ്ഗാൻ വാസ്തുവിദ്യയുടെ ഗംഭീരമായ പ്രതിഫലനമാണ്. സാന്‍ഡ്സ്റ്റോണില്‍ കൊത്തിയെടുത്ത കവിതയാണ് 72 മീറ്റർ ഉയരമുള്ള ഈ കോട്ട. വ്യത്യസ്ത കാലഘട്ടങ്ങളിൽ ഈ കെട്ടിടത്തിൽ രണ്ടോ മൂന്നോ ഘട്ടമായി കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും. കെട്ടിടത്തിന്‍റെ യഥാർഥ ഘടന കിഴക്കു നിന്ന് നോക്കിയാല്‍ വ്യക്തമായി കാണാം. ഇരുവശത്തും മുറികള്‍ ഉള്ള വലിയൊരു ഹാള്‍ ഇവിടെ കാണാം.ചുവരുകളുടെ അടിഭാഗത്ത് കുത്തനെയുള്ള ഒരു ചെരിവുണ്ട്. കെട്ടിടത്തിന്റെ മുകളിലുള്ള പവലിയനുകളില്ലാത്ത ഭാഗവും ആദ്യ നിര്‍മാണ ഘട്ടത്തിലുള്ളതാണ്. സൈനിക നിരീക്ഷണത്തിനായി നിര്‍മിച്ചതാണ് ഈ ഭാഗം എന്ന് കരുതപ്പെടുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ താഴെയുള്ള നിമാര്‍ സമതലങ്ങളുടെ കാഴ്ച വ്യക്തമായി കാണാം.

ഇടനാഴികളാണ് പവലിയന്റെ ബേസ്മെന്റിന്റെ സവിശേഷത. നിരവധി തുറസ്സുകളുണ്ട് ഇവിടെ. ഇതിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ഒരു വലിയ മഴവെള്ള സംഭരണിയും കാണാം. മണ്ടുവിൽ സ്ഥിതി ചെയ്യുന്ന രൂപമതി പവലിയന്‍ മധ്യപ്രദേശിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൊട്ടാരം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പൊതു, സ്വകാര്യ ഗതാഗത മാർഗ്ഗങ്ങൾ എളുപ്പത്തില്‍ ലഭ്യമാണ്. 

ശ്രദ്ധിക്കാം : കോറോണ ഭീതിയെ തുടർന്ന് രാജ്യം മുഴുവനും ലോക്ഡൗൺ ആയതിനാൽ രൂപമതി പവലിയന്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA