ADVERTISEMENT

കാലാവസ്ഥയും സുന്ദരകാഴ്ചകളുമൊക്കെയായി എല്ലാവരെയും മോഹിപ്പിക്കുന്ന ഇടമാണ് ഹിമാചൽ പ്രദേശ്. കുളു, മണാലി, ഷിംല, ധർമശാല.. എന്നിങ്ങനെ നിരവധിയിടങ്ങൾ മനംമയക്കുന്ന കാഴ്ചകൾ ഒരുക്കിയിട്ടുണ്ട്. മിക്ക സഞ്ചാരികളും പോയിട്ടുള്ള ഇടമാണ് കുളു മണാലി. ഇപ്പോഴും അധികമാരും അറിയപ്പെടാത്ത സുന്ദരഭൂമികൾ ഹിമാചലിലുണ്ട്. അങ്ങനെയൊരിടമാണ് സെതാൻ.ഹിമാചൽപ്രദേശിലെ ഹംതാ വാലിയിലാണ് സെതാൻ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ മഞ്ഞു വീട് ഒരുക്കിയിരിക്കുന്നത് സെതാനു സമീപത്താണ്. 

ധൗലൊധര്‍ നിരകളുടെ സുന്ദരമായ ദൃശ്യങ്ങളും ശാന്തമായ അന്തരീക്ഷവുമെല്ലാം നഗരത്തിരക്കില്‍ നിന്നും അല്‍പ്പം ആശ്വാസം തേടി വരുന്ന യാത്രക്കാര്‍ക്ക് നവജീവന്‍ നല്‍കും. ഒരു പരിധിയില്‍ കൂടുതല്‍ ആളുകളെ ഇങ്ങോട്ടേക്ക് കടത്തി വിടുന്നതിനു നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ മണാലി പോലെ അമിതമായ ജനത്തിരക്കുമില്ല. സീസണ്‍ മാറുന്നതനുസരിച്ച് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സെതാനില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള വേനൽക്കാലത്ത് ഹൈക്കിംഗിനും ക്യാമ്പിംഗിനും അനുയോജ്യമാണ്. പാണ്ഡുറോപ, ലാമ ഡഗ്, ജോബ്രിനല്ല തുടങ്ങി നിരവധി ട്രെക്കിങ്ങുകളും ഉണ്ട്. പ്രസിദ്ധമായ ഹാംപ പാസ് ട്രെക്കിന്‍റെ ആരംഭം കൂടിയാണ് ഇവിടം.

Igloo-Village-Sethan--Manali1

മണാലിയെക്കാളും 700 മീറ്റർ ഉയരത്തിലാണ് സെതാൻ സ്ഥിതി ചെയ്യുന്നത്. മണാലിയിൽ നിന്ന് ഉദ്ദേശം 40 മിനിറ്റ് യാത്രയുണ്ട് സെതാനിലേക്ക്. പാണ്ഡു - റോപ, ഇന്ദ്രാസന പീക്ക് എന്നിവയാണ് സെതാനു തൊട്ടടുത്തുള്ള മറ്റ് പ്രധാന ആകർഷണങ്ങൾ. പഞ്ചപാണ്ഡവന്മാർ വനവാസകാലത്ത് ജീവിച്ചിരുന്ന ഇടമാണ് എന്ന് വിശ്വസിക്കുന്ന സ്ഥലമാണ് പാണ്ഡു - റോപ. ഇന്ദ്ര ദേവന്റെ സിംഹാസനം എന്നറിയപ്പെടുന്ന ഇന്ദ്രാ സന പീക്ക് സമുദ്രനിരപ്പിൽ നിന്നും ഉദ്ദേശം 6200 മീറ്റർ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്. സെതാനിൽ ഇന്ത്യയിലെ ആദ്യത്തെ മഞ്ഞു വീട് അഥവാ ഇഗ്ലൂ ഒരുക്കിയിരിക്കുന്നത് കീലിംഗ ഹിമാലയൻ അഡ്വഞ്ചേഴ്സ് കമ്പനിയുടെ നേതൃത്വത്തിലാണ്. ഇവിടെ താമസിക്കാൻ നൽകേണ്ട തുക സീസണനുസരിച്ച് മാറ്റം വരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com