ADVERTISEMENT

ഉത്തരേന്ത്യൻ സുന്ദരി നേഹ സക്സേനയെ നിരവധി മലയാളചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ്. പുതിയ സ്ഥലങ്ങളിലെ കാഴ്ചകൾ ആസ്വദിക്കുവാനും അന്നാട്ടിലെ സംസ്കാരം അറിയുവാനും താരത്തിന് ഏറെ ഇഷ്ടമാണ്. പുതിയ സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി പാലക്കാടായിരുന്നു നേഹ. ലോക്ഡൗണിൽ കുടുങ്ങിയിരിക്കുകയാണ്. ഷൂട്ടിങ് താൽകാലികമായി  നിർത്തിവെച്ചതോടെ പാലക്കാടുള്ള സുഹൃത്തിന്റെ വീട്ടിലാണ് താരം. യാത്രകൾ എന്ന് പറഞ്ഞാൽ ജീവനാണ് 'കേരളത്തെ നെഞ്ചോട് ചേർക്കുന്ന ഈ നടിയ്ക്ക്. ലോകത്തെ മുഴുവനും ആശങ്കയിലാഴ്ത്തിയ കൊറോണ കാരണം പ്ലാൻ ചെയ്ത നിരവധി യാത്രകളും ഷൂട്ടുമൊക്കെ ഒഴിവാക്കേണ്ടി വന്നു.

Neha-saxsena01

യാത്ര മുടങ്ങി 

ഒരു പ്രോഗ്രാമിന്റെ ഭാഗമായി ദുബായ് യാത്ര ഉണ്ടായിരുന്നു. ദുബായ് തന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണെന്നും അവിടെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും നേഹ പറയുന്നു. പ്രോഗ്രാം കഴിഞ്ഞു  ദുബായിലെ കാഴ്ചകൾ ആസ്വദിച്ച് മടങ്ങാം എന്നായിരുന്നു പ്ലാൻ. എന്റെ  സുഹൃത്തായ ജെന്നിഫർ ദുബായ് എയർലൈനിൽ  ജോലി നോക്കുകയാണ്. ദുബായ് എത്തി റോഡ് ട്രിപ്പ് അല്ലെങ്കിൽ സാഹസിക വിനോദങ്ങളൊക്കെ നടത്തണമെന്ന് പദ്ധതി ഇട്ടിരുന്നു. എല്ലാം കൊറോണ തല്ലിക്കെടുത്തി എന്നുതന്നെ പറയാം.

യാത്ര പോകാനിരിക്കെ ഏതാനും ദിവസം മുൻപാണ് കൊറോണ ഭീതി വ്യാപിച്ചത്. അതുകൊണ്ടുതന്നെ യാത്ര ഒഴുവാക്കേണ്ടി വന്നു. ദുബായ് ട്രിപ്പിനുശേഷം എന്റെ നാടായ ഡെറാഡൂണിലേക്കു പോകാനായിരുന്നു പ്ലാൻ. 'അമ്മ മാത്രമാണവിടെയുള്ളത്. ലോക്‌ഡൌൺ കാരണം അവിടേക്കുള്ള യാത്രയും നടക്കാതെയായി. ഷൂട്ടും തിരക്കുമൊക്കെ കഴിഞ്ഞാൽ ഞാൻ ആദ്യം ഓടിയെത്തുന്നത് എന്റെ അമ്മയുടെ അടുത്തേക്കാണ്. അമ്മയെ കാണുന്നതിനൊപ്പം എന്റെ നാടിന്റെ സൗന്ദര്യത്തിലേക്കു എത്തുക എന്ന ലക്ഷ്യവുമുണ്ട്. കേരളത്തിന്റെ കാഴ്ചകളെല്ലാം എനിക്ക് പ്രിയമാണെങ്കിലും സ്വന്തം നാട് എന്നും പ്രിയമാണ്. അതങ്ങനെയാണല്ലോ, തിരക്കിട്ട ജീവിതരീതികളിലൂടെ സഞ്ചരിക്കുന്നതു കൊണ്ടാവാം, മെട്രോപൊളിറ്റൻ സിറ്റിയെക്കാളും അന്നും ഇന്നും ഇഷ്ടം പച്ചപ്പു നിറച്ച മനോഹരമായ ഭൂപ്രകൃതിയാൽ സമ്പന്നമായ നാടുകളെയാണ്. എന്റെ നാടും അങ്ങനെയാണ്. ഡെറാഡൂൺ ഹിൽസ്റ്റേഷനാണ്. കുളിരും മഞ്ഞുവീഴ്ചയുമൊക്കെ നിറഞ്ഞ ഇടം. അവിടെ എത്തിയാൽ മനസ്സിന് കിട്ടുന്ന സമാധാനം വേറെ എവിടെയും കിട്ടില്ല.

Neha-saxsena02

അവിടുത്തെ ഒാരോ കാഴ്ചകളിലും സ്വയം അലിഞ്ഞു പോകുന്നതായി തോന്നും. അങ്ങനെയുള്ള കാലാവസ്ഥ നിറഞ്ഞ ഇടങ്ങളാണ് എനിക്കിഷ്ടം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോകണമെങ്കിൽ ഞങ്ങളുടെ നാട് കണ്ടു വേണം യാത്ര പോകുവാൻ. ഡെറാഡൂണിൽ നിന്നും 45 മിനിറ്റ് ഡ്രൈവ് ചെയ്താൽ മസൂറി എന്ന കിടിലൻ സ്ഥലത്ത് എത്തിച്ചേരാം. അവിടുത്തെ സൗന്ദര്യത്തെ വാക്കുകളിൽ വർണിക്കുവാനാകില്ല. ഞാൻ നാട്ടിലെത്തിയാൽ അമ്മയുമായി മിക്കപ്പോഴും അവിടേക്ക് പോകാറുണ്ട്. എന്റെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ എന്നും തന്നെ പറയാം.

ഇത്തവണ നാട്ടിലെത്തിയിട്ട് അമ്മയുമായി വൈഷ്ണവി ക്ഷേത്രത്തിലേക്കും ഗോൾഡൻ ടെംപിളിലേക്കും അവിടെ നിന്നും ഋഷികേശിലേക്കും യാത്ര പോകണമെന്ന് കരുതിയതാ എല്ലാം താളം തെറ്റി എന്നു തന്നെ പറയാം.

neha-travel4

കൊറോണയുടെ ഭീതി മാറി എല്ലാം ഒന്ന് ശാന്തമായിട്ടുവേണം അമ്മയോടൊത്തു യാത്ര പോകുവാനെന്നും നേഹ പറയുന്നു.  ഇപ്പോഴത്തെ ഏറ്റവും വലിയ വിഷമം എന്റെ 'അമ്മ ആ നാട്ടിൽ ഒറ്റക്കാണ്, എന്ത് സഹായത്തിനും അവിടുത്തെ ഗവൺമെന്റും അധികാരികളും ഒപ്പമുണ്ടെങ്കിലും ഞാനും അമ്മയും രണ്ടിടത്തല്ലേ  അതാണ് ഏറെ വിഷമിപ്പിക്കുന്നതെന്നു നേഹ പറയുന്നു.

അമ്മയോടൊപ്പം യാത്ര പോകാനാണ് നേഹയ്ക്ക് ഇഷ്ടം. എത്ര തിരക്കാണെങ്കിലും വീണുകിട്ടുന്ന അവസരങ്ങളൊക്കെ യാത്രയ്ക്കായി മാറ്റിവയ്ക്കും. ഒക്ടോബറിലാണ് അമ്മയുടെയും നേഹയുടെയും ജന്മദിനം. എത്ര തിരക്കു വന്നാലും ആ ദിവസം അമ്മയോടൊപ്പം ചെലവഴിക്കാനായി നേഹ സ്വന്തം നാട്ടിലേക്ക് പറക്കും. അമ്മക്കരികിലെത്തിയാൽ സുന്ദരകാഴ്ചകൾ തേടി ഇരുവരും യാത്ര തുടങ്ങും. മുടങ്ങാതെ എല്ലാവർഷവും ജന്മദിനാഘോഷം സന്തോഷകരമായി നടത്താറുണ്ടെന്നും നേഹ പറയുന്നു.

ഇനിയും കാണാത്ത ഒരുപാട് രാജ്യങ്ങളിലേക്ക് അമ്മയോടൊത്തു യാത്ര പോകണം, ഒരുപാട് കാഴ്ചകൾ കാണണം എന്നതാണ് സ്വപ്‌നം. കൊറോണ മാറി എല്ലാം പഴയനിലയിലാവും നേഹ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com