ഒരു ഗ്രാമത്തിലെ ആളുകൾ മുഴുവൻ ചെരിപ്പിടാതിരിക്കുക, കേൾക്കുമ്പോൾ കൗതുകമെന്ന് തോന്നാമെങ്കിലും ആൻഡമാൻ ഗ്രാമീണർക്ക് ഇതൊരു ആചാരമാണ്. തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ആൻഡമാൻ എന്ന് കേൾക്കുമ്പോൾ തെറ്റിദ്ധരിക്കേണ്ട. ആൻഡമാൻ – നിക്കോബാർ ദ്വീപിലല്ല, നമ്മുടെ തൊട്ടടുത്ത് തമിഴ്നാട്ടിൽ. തമിഴ്നാട്ടിലെ മധുരയ്ക്ക് അടുത്താണ് ‘െചരുപ്പിടാത്തവരുടെ നാട്’ എന്നറിയപ്പെടുന്ന ആൻഡമാൻ. വീട്ടിൽ നിന്ന് ഇറങ്ങിയാൽ ഗ്രാമത്തിന് പുറത്തെത്തുന്നതു വരെ ചെരിപ്പ് കയ്യിൽ സൂക്ഷിക്കും. അതിർത്തി കടന്നാൽ കാലിലിടും. മടക്കയാത്രയിലും ഗ്രാമാതിർത്തി വരെയേ ചെരിപ്പിന് കാലിൽ സ്ഥാനമുള്ളൂ.
തങ്ങളുടെ ഗ്രാമത്തിന്റെ ദേവതയായ മുത്തിയാലമ്മയോടുള്ള ആദരസൂചകമായാണ് ഗ്രാമീണർ നഗ്നപാദരായി നടക്കുന്നത്. ഒരു ക്ഷേത്രം പോലെ വിശുദ്ധമായാണ് ഗ്രാമീണർ തങ്ങളുടെ ഗ്രാമത്തെ കാണുന്നത്. എന്നു മുതലാണ് ഇങ്ങനെയൊരു ആചാരം തുടങ്ങിയതെന്ന് പലർക്കും അറിയില്ലെന്നതാണ് വസ്തുത.