ADVERTISEMENT

ലക്ഷദ്വീപ് യാത്ര മിക്ക സഞ്ചാരികളുടെയും ഉള്ളിലുള്ള മോഹമാണ്. പവിഴപുറ്റുകളുടെ സൗന്ദര്യമാണ് ലക്ഷദ്വീപിനെ സുന്ദരിയാക്കുന്നത്‌. ലക്ഷം ദ്വീപുകളുടെ സമുച്ചയമാണ് ലക്ഷദ്വീപെന്ന് സാഹിതീകരിച്ച് പറയാം. എന്തുതന്നെ ആയാലും കേരളവുമായി അഭേദ്യമായ ബന്ധമുണ്ട് ഈ ദ്വീപിന്. കണ്ണാടി പോലെ കടലിന്റെ അടിത്തട്ട് കാണാൻ കഴിയുന്ന വെള്ളം, മനോഹരമായ പവിഴപ്പുറ്റുകൾ, എല്ലാം കൊണ്ടും ഒരുതരം കടലിന്റെ ലോകത്തായി പോകുന്ന അനുഭവമാണ് ലക്ഷദ്വീപ് യാത്ര.

വളരെയധികം കടമ്പകൾ കടന്നാൽ മാത്രമേ ദ്വീപ് സമൂഹത്തിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളൂ. യാത്രയ്ക്കുള്ള അനുവാദം ലഭിച്ചാലും പിന്നെയും ശ്രദ്ധിക്കാനുണ്ട് ഏറെ കാര്യങ്ങൾ. യാത്രക്കായുള്ള അനുമതിയെക്കുറിച്ചുള്ള സംശയമാണ് മിക്കവർക്കും. എങ്ങനെ എളുപ്പത്തിൽ ലക്ഷദ്വീപിലേക്ക് യാത്രതിരിക്കാം വിസിറ്റിങ് പെർമിറ്റ്‌ എങ്ങനെ ലഭിക്കും? ചുരുങ്ങിയ ചെലവിൽ എങ്ങനെ ദ്വീപിൽ പോകാം? എല്ലാത്തിനുമുള്ള ഉത്തരവുമായി വ്ളോഗിലൂടെ എത്തിയിരിക്കുകയാണ് സാ‍ദ്ദിഖ്. സഞ്ചാരികളുടെ സംശയത്തിനുള്ള ഉത്തരമാണ് സാ‍ദ്ദിഖിന്റെ വ്ലോഗ്.

ലക്ഷദ്വീപിലേക്ക് നാലുമാര്‍ഗത്തിലൂടെ എത്തിച്ചേരാം. പ്രൈവെറ്റ് ടൂർ പാക്കേജ്, ഗവൺമെന്റ് ടൂർ പാക്കേജ്,വിസിറ്റിങ് പെർമിറ്റ്, ജോബ് പെർമിറ്റ്. യാത്രക്കാര്‍ക്ക് എളുപ്പത്തിൽ ലക്ഷദ്വീപിലേക്ക് പോകാൻ സാധിക്കുന്നത് വിസിറ്റിങ് പെർമിറ്റിലൂടെയാണ്. അടുത്ത സംശയം എങ്ങനെയാണ് വിസിറ്റിങ് പെർമിറ്റ് എടുക്കുന്നതെന്നായിരിക്കും. 

വിസിറ്റിങ് പെർമിറ്റ് എങ്ങനെ എടുക്കാം

എറണാകുളം വെല്ലിംഗ്ടൺ ഐലന്‍ഡിലെ ലക്ഷദ്വീപ് അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്നും നേരിട്ട് ഇതിനുള്ള പെർമിറ്റ് എടുക്കാൻ സാധിക്കും. ലക്ഷദ്വീപിലുള്ള സുഹൃത്തുണ്ടെങ്കിൽ വിസിറ്റിങ് പെർമിറ്റ് എടുക്കാൻ എളുപ്പമാണ്. നിങ്ങളുടെ താമസ പരിധിയിലുള്ള പോലീസ് സ്റ്റേഷനിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും 3 പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ലക്ഷദ്വീപിലുള്ള സുഹൃത്തിനൊടൊപ്പം എറണാകുളം വെല്ലിംഗ്ടൺ ഐലന്‍ഡിലെ ലക്ഷദ്വീപ് അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ എത്തി പെർമിറ്റിനുള്ള അപേക്ഷ നൽകണം. ദ്വീപുകാരനായ വ്യക്തിയായിരിക്കും നിങ്ങളുടെ സ്പോൺസർ ആവുക. ഇൗ വ്യക്തിയിലായിരിക്കും നിങ്ങളുടെ മുഴുവനും ഉത്തരവാദിത്വവും. ഇക്കാര്യങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ പെർമിറ്റ് ലഭിക്കും. ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ഒാൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതായിരിക്കും കൂടുതൽ എളുപ്പം.

കുറച്ചു ഹോം സ്റ്റേകളും ചെറിയ റിസോട്ടുകളുമാണിവിടുള്ളത്. ഇവ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്ന സൗകര്യവുമുണ്ട്. മറ്റ് ദ്വീപുകളിലാണ് റിസോർട്ട് ബുക്കുചെയ്യുന്നതെങ്കിൽ ബോട്ടു മാർഗം പോകേണ്ടതാണ്. ലക്ഷദ്വീപിലെ കാലാവസ്ഥ കേരളത്തിന്റേതു പോലെതന്നെയാണ്. ഭക്ഷണവും കേരളത്തോട് സാമ്യമുള്ളതു തന്നെ. ഭാഷ മലയാളമാണ്. ഇംഗ്ലീഷും വശമുണ്ട്. വളരെ നല്ല ആതിഥേയരാണ്. മഴക്കാലത്ത് കഴിവതും യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. 

കടലുമായി ബന്ധപ്പെട്ട് വാട്ടർ സ്പോർട്ടുകളായ സ്കൂബാ, സ്നോർക്കലിംങ്, വിൻഡ് സർഫിങ്ങ്, കയാക്കിങ്ങ്, കനോയിങ്, ഫിഷിങ്ങ് തുടങ്ങിയവയക്കെല്ലാം ധാരാളം അവസരങ്ങളുണ്ടവിടെ. കുടുംബമായും കൂട്ടുകാരുമായും സോളോ ട്രിപ്പ് ആയാലും വളരെ ആസ്വദിക്കാൻ പറ്റുന്ന ഒരു കടലോര വിനോദ സഞ്ചാര കേന്ദ്രമാണിവിടം. ലക്ഷദ്വീപ് എന്നാണു പേരെങ്കിലും മുപ്പത്തിയാറു ദ്വീപുകളാണ് ഇവിടെയുള്ളത്, ഇതിൽ ജനവാസമുള്ള പതിനൊന്ന് ദ്വീപുകളിലേയ്ക്കും ബോട്ടു മാർഗം സഞ്ചരിക്കാനാകും.  മദ്യ നിരോധിത മേഖലയാണിവിടം. നിഷ്കളങ്കരായ ആളുകളാണിവിടെയുള്ളത്, അതുകൊണ്ട് തന്നെ ഇവിടുത്തെ മനുഷ്യരുടെ സ്നേഹമാസ്വദിച്ച് , കടൽ ഭംഗികളെ കണ്ടു ലക്ഷദ്വീപിലെ കാഴ്ചകള്‍ അനുഭവിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com