കണ്ണു മഞ്ഞളിക്കും ബെംഗളൂരുവിലെ ഈ മദ്യ സൂപ്പര്‍ മാര്‍ക്കറ്റ് കണ്ടാൽ; ഏഷ്യയിലെ ഏറ്റവും വലുത്

tonique-shop
SHARE

ഏഷ്യയിലെ ഏറ്റവും വലിയ മദ്യവിൽപ്പനശാല എവിടെയാണെന്നറിയാമോ? സംശയം വേണ്ട, കേരളത്തിലല്ല! ബെംഗളൂരുവിലെ എംജി റോഡിലാണ്. ബെംഗളൂരുവിന്റെ ലാന്‍ഡ്‌ മാര്‍ക്കുകളില്‍ ഒന്നായിരുന്ന 'ജുവല്‍സ് ഡി പാരഗണ്‍' എന്ന ജ്വല്ലറി ഉണ്ടായിരുന്ന കെട്ടിടത്തിലാണ് 'ടോണിക്' എന്ന് പേരുള്ള ഈ മദ്യ മഹാദ്ഭുതം സ്ഥിതി ചെയ്യുന്നത്. എംജി റോഡിനും എം ചിന്നസ്വാമി സ്റ്റേഡിയത്തിനുമിടയില്‍, ജുവല്‍സ് ഡി പാരഗന്‍ കോര്‍ണര്‍ എന്നറിയപ്പെടിരുന്ന അതേയിടത്ത്.

കയറിച്ചെല്ലുമ്പോള്‍ തന്നെ കാണാം, തിളക്കമുള്ള കറുത്ത അക്ഷരങ്ങളില്‍ എഴുതിയ 'ടോണിക്' എന്ന ബോര്‍ഡ്. ഉള്ളിലേക്ക് കടക്കുമ്പോള്‍ മദ്യത്തിന്‍റെ വിശാലമായ കളക്ഷന്‍ കണ്ട് കണ്ണു മഞ്ഞളിച്ചു പോകും എന്നുറപ്പ്. രണ്ടു നിലകളിലായി 30,000 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ഈ 'മദ്യലോകം'.

ബെംഗളൂരുവിലെ മറ്റു മദ്യ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും വ്യത്യസ്തമായി ഇവിടം മനോഹരമായി അലങ്കരിച്ചിരിക്കുന്നതായി കാണാം. ഹാര്‍ഡ് വുഡ് പാകിയ നിലവും വായുവില്‍ പടരുന്ന അരോമ ഓയിലിന്‍റെ സുഗന്ധവും മൂഡ്‌ ലൈറ്റിങ്ങുമെല്ലാം മറ്റൊരു ലോകത്തെത്തിയ പോലെയുള്ള അനുഭവമാണ് സന്ദര്‍ശകര്‍ക്ക് നല്‍കുക.

മദ്യലോകത്തെ 'ല്യൂയിസ് വിറ്റണ്‍' ആവാനുള്ള ശ്രമം

ഹൈദരാബാദ് സ്വദേശിയായ വ്യവസായി അനിത് റെഡ്ഡിയാണ് ഈ സംരംഭത്തിന് പിന്നില്‍. മദ്യലോകത്തെ 'ല്യൂയിസ് വിറ്റണ്‍' ആവാനാണ് തങ്ങളുടെ ശ്രമമെന്ന് അനിത് പറയുന്നു. രണ്ടു വര്‍ഷം മുന്‍പേ ഹൈദരാബാദില്‍ 15,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയ മദ്യ സൂപ്പര്‍ മാര്‍ക്കറ്റായിരുന്നു ആദ്യഘട്ടം. മദ്യം വാങ്ങുക എന്നത് മനോഹരമായ ഒരു അനുഭവമായിരിക്കണമെന്ന് 43 കാരനായ റെഡ്ഡി വിശ്വസിക്കുന്നു. മദ്യം വാങ്ങുന്നവർക്ക് സോമെലിയറുകളുമായും ബ്രൂമാസ്റ്റർമാരുമായും സംവദിക്കാൻ കഴിയുന്ന ഇടങ്ങളും ഈ സ്റ്റോറിനുള്ളിൽ തയാറാക്കിയിട്ടുണ്ട്. നൂറു കോടിയിലധികം ടേണ്‍ ഓവര്‍ ആണ് 2018ല്‍ മദ്യ വ്യവസായത്തിലൂടെ റെഡ്ഡി നേടിയത്. മികച്ച വൈനുകളും വിസ്കിയും മുതൽ കഹ്ലുവ, കോയിൻ‌ട്രിയോ പോലുള്ള മദ്യങ്ങൾ വരെ ലോകമെമ്പാടുമുള്ള ഏകദേശം 1,500- ലധികം ബ്രാൻഡുകളുടെ മദ്യം ഇവിടെ കിട്ടും.

പൂര്‍ണമായും വൈനിനായി സമര്‍പ്പിച്ചിരിക്കുന്ന മുകളിലത്തെ നിലയില്‍ ഷാംപെയ്ൻ ഉൾപ്പെടെ ഏകദേശം 1,000 വ്യത്യസ്ത ലേബലുകൾ സൂക്ഷിച്ചിരിക്കുന്നു. വിവിധ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാനാവുന്ന 600 ചതുരശ്ര അടി വൈന്‍ ടേസ്റ്റിങ്ങ് റൂം, ഫ്രഷ്‌ ലിക്കര്‍ ചോക്ലേറ്റുകളും മറ്റ് പലഹാരങ്ങളും ലഭിക്കുന്ന ബേക്കറി, ചീസ് സെക്ഷന്‍ എന്നിവയും ഇവിടെയുണ്ട്.

സ്പിരിറ്റ്സ് വിഭാഗത്തില്‍ ഏകദേശം 600-700 ലേബലുകൾ ലഭ്യമാണ്. 40 തരത്തിലുള്ള ബിയറും ഇവിടെ കിട്ടും. ഏകദേശം 500 രൂപമുതല്‍ 3.90 ലക്ഷം രൂപ വരെ വിലയുള്ള മദ്യം ഇവിടെയുണ്ട്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സഹായത്തിനായി മുപ്പതോളം സ്റ്റാഫുകള്‍ ഇവിടെയുണ്ട്. സ്ത്രീകളെ സഹായിക്കാന്‍ പ്രത്യേകം ഫീമെയില്‍ ഗാര്‍ഡുകളെയും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ പത്തു മുതല്‍ വൈകീട്ട് എഴുവരെയാണ് പ്രവര്‍ത്തന സമയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA