ADVERTISEMENT

മഞ്ഞിലൂടെ ഒരു പര്‍വ്വതത്തലപ്പില്‍ നിന്നും മറ്റൊന്നിലേക്ക് തെളിയുന്ന മഴവില്ല്... അതും ഒന്നല്ല, രണ്ടെണ്ണം ഒരുമിച്ച്!

എപ്പോഴെങ്കിലും ഇങ്ങനെയൊരു കാഴ്ച കണ്ടിട്ടുണ്ടോ? ഹിമാലയത്തിനു മുകളിലെ ഷൂട്ടിങ്ങിന്റെ തുടക്ക ദിവസം കണ്ട അത്തരമൊരു മനോഹരമായ കാഴ്ച വിവരിക്കുന്നത് പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍.

''എത്തുന്ന ദിവസം തന്നെ ഹിമാലയം ഞങ്ങള്‍ക്ക് തന്നത് ഗംഭീരമായ വരവേല്‍പ്പായിരുന്നു. ഇരട്ട മഴവില്ലു കൊണ്ടുള്ള സ്വാഗതം. ഒരു മലമുകളില്‍ നിന്നും മറ്റൊന്നിലേക്ക് വിടര്‍ന്നു നില്‍ക്കുന്ന മഴ വില്ലിന്‍റെ കാഴ്ച കണ്ട് ക്രൂ മുഴുവന്‍ അദ്ഭുതപരതന്ത്രരായി നോക്കി നില്‍ക്കുകയായിരുന്നു. അത് കൈ കൊണ്ട് തൊടാനായിരുന്നെങ്കില്‍ എന്ന് എല്ലാവരും ആഗ്രഹിക്കുകയായിരുന്നു."

filim-location

സനല്‍കുമാറിന്‍റെ ഏറ്റവും പുതിയ സിനിമയായ 'കയറ്റ'ത്തിന്‍റെ ഷൂട്ടിനിടയിലാണ് മഞ്ജു വാര്യര്‍ അടക്കമുള്ള ക്രൂവിന് ഹിമാലയം ആ അപൂര്‍വ്വ അനുഭവത്തിന്‍റെ ദര്‍ശനമേകിയത്.

ഭൂരിഭാഗവും ഹിമാചല്‍ പ്രദേശില്‍ ചിത്രീകരിച്ച ഈ സിനിമയുടെ ഷൂട്ടിനിടെ മഴയും വെള്ളപ്പൊക്കവും കാരണം സിനിമാ സംഘം ഇവിടെ കുടുങ്ങിപ്പോയത് വാര്‍ത്ത‍യായിരുന്നു. മുപ്പതോളം പേരടങ്ങുന്ന ക്രൂവിന് ഇതുമൂലം ഏകദേശം ഒരാഴ്ചയോളം ഇവിടുത്തെ ഒരു വിദൂര ഗ്രാമത്തില്‍ താമസിക്കേണ്ടി വന്നു. പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് ഇവരെ തിരിച്ചു കൊണ്ടു വരികയായിരുന്നു. ഛത്രുവില്‍ നിന്നും ഹംതയിലേക്ക് സംഘം ട്രെക്കിംഗ് നടത്തിയാണ് തിരിച്ചു പോന്നത്.

ആ പോസ്റ്ററിനു പിന്നില്‍

manju-warrier-1
Photo by Firosh K Jayash

ഈദ് ദിനത്തിലാണ് 'കയറ്റം' സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ഹിമാലയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രം ഇതിനോടകം തന്നെ ശ്രദ്ധേയമായിക്കഴിഞ്ഞു. ഹൈക്കറായി മഞ്ജു വാര്യര്‍ വെള്ളിത്തിരയിലെത്തുന്ന സിനിമയുടെ കഥയും സനല്‍കുമാര്‍ ശശിധരന്റേതു തന്നെയാണ്. മഞ്ജു വാര്യര്‍ ആദ്യമായി പ്രൊഡ്യൂസറാവുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്.

സാഹസം നിറഞ്ഞ ഹംത പാസ്

മണാലിയില്‍ നിന്നും ഛത്രുവിലേക്കുള്ള ഹിമാലയന്‍ ഹംത പാസ് ട്രെക്കിംഗ് പാതയില്‍ സ്ഥിതി ചെയ്യുന്ന ഷിയ ഗോരുവായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ലഹോളിലെ ചന്ദ്ര താഴ്വരയ്ക്കും പ്രശസ്തമായ കുളു താഴ്വരയ്ക്കും ഇടയിലുള്ള ഇടനാഴിയാണ് പിര്‍ പഞ്ജല്‍ നിരകളില്‍ 4270 മീറ്റര്‍ ഉയരത്തിലുള്ള ഹംത പാസ്. വര്‍ഷംതോറും നിരവധി സഞ്ചാരികള്‍ ട്രെക്കിംഗ് നടത്തുന്ന റൂട്ട് ആണിത്.

filim-location1

മഞ്ഞിലൂടെ ഉള്ളില്‍ ആവേശം നിറച്ച് മുന്നോട്ട്

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ യാത്രാലിസ്റ്റില്‍ എപ്പോഴും കാണുന്ന ഒരു ഐറ്റമാണ് ഹംത പാസ് ട്രെക്കിംഗ്. കുത്തനെയുള്ള പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും പൈന്‍ മരങ്ങളും പുല്‍മേടുകളുമെല്ലാം കടന്ന് സഞ്ചാരികളെ സംബന്ധിച്ച് തികച്ചും സ്വപ്നതുല്യമായ ഒരു യാത്രയാണിത്. സമുദ്രനിരപ്പില്‍ നിന്നും ആറായിരം മീറ്റര്‍ ഉയരെയുള്ള തടാകങ്ങളും കൊടുമുടികളുമാണ് ഈ ട്രെക്കിന്‍റെ ഏറ്റവും പ്രത്യേകത. തണുത്ത കാലാവസ്ഥയും അപകടകരമായ വഴിയും കാരണം തുടക്കക്കാര്‍ക്ക് പോകാന്‍ പറ്റിയ ട്രെക്കല്ല ഇത്. മണാലിയില്‍ നിന്നാരംഭിച്ച് ഛത്രുവില്‍ അവസാനിക്കുന്ന ട്രെക്കിംഗ് പൂര്‍ത്തിയാക്കാന്‍ നാലു ദിവസമെടുക്കും.

kayattam-movie1

നാലു ദിവസത്തെ ട്രെക്കിംഗ് ഇങ്ങനെ

ഒന്നാം ദിവസം: (മണാലി മുതൽ ജോബ്രി വരെ, 19 കിലോമീറ്റർ, 45 മിനിറ്റ് ഡ്രൈവ്. ജോബ്രി മുതൽ ചിക്ക വരെ, 3–4 മണിക്കൂർ): മണാലിയിൽ നിന്ന് പ്രിനി, സേഥാൻ, വഴി ജോബ്രയില്‍ വന്നു നില്‍ക്കുന്ന ചെറിയ ഡ്രൈവ് ആണ് ആദ്യം. മലകയറുന്നവർ ഒരു ചെറിയ നദി മുറിച്ചുകടന്ന് ഇവിടെ നിന്നാണ് ട്രെക്ക് ആരംഭിക്കുന്നത്. പൈൻ, മേപ്പിൾ, ബിർച്ച് മരങ്ങൾ എന്നിങ്ങനെയുള്ള മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന കാട്ടിലൂടെയാണ് ഈ യാത്ര. ആദ്യ ദിവസത്തെ ട്രെക്കിംഗ് ചിക്കയിലുള്ള ക്യാമ്പ് സൈറ്റില്‍ അവസാനിക്കും. ഇവിടെ ഒരു വെള്ളച്ചാട്ടമുണ്ട്.

രണ്ടാം ദിവസം: (ചിക്ക മുതൽ ബാലു കാ ഗേര വരെ, 5–6 മണിക്കൂർ): ഹംത നദിക്കരികിലൂടെ ജ്വാര പുൽമേടുകളിലേക്ക് പ്രവേശിച്ചു കൊണ്ടാണ് രണ്ടാം ദിവസത്തെ യാത്ര തുടങ്ങുന്നത്. ഈ വഴിയില്‍ ഇടയക്കുടിലും ഒരു ചായക്കടയുമുണ്ട്. ട്രെക്കിംഗ് ചെയ്യുന്നവരുടെ വിശ്രമ കേന്ദ്രമാണ് ഇവിടം. ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ചാണ് ബാലു കാ ഗെരയിലേക്കുള്ള ബാക്കി യാത്ര തുടങ്ങുന്നത്. രാത്രിയാകുമ്പോഴേക്കും ഇവിടെയെത്താം. ഹംതാ പാസ് കണ്ടു തുടങ്ങുന്ന ആദ്യ പോയിന്റാണ് ഇവിടം. അടുത്ത ദിവസത്തെ യാത്ര തുടങ്ങുന്നതുവരെ ബാലു കാ ഗേരയില്‍ വീണ്ടും വിശ്രമം.

മൂന്നാം ദിവസം: (ബാലു കാ ഗേര മുതൽ ഷിയ ഗോരു വരെ, ഹംത പാസ് മുറിച്ചുകടക്കല്‍, 7–8 മണിക്കൂർ): മൂന്നാം ദിവസത്തെ യാത്ര മുന്നത്തെ ദിനങ്ങളെ അപേക്ഷിച്ച് അല്‍പ്പം കഠിനമാണ്. യാത്ര തുടങ്ങി കുറച്ചു കഴിയുമ്പോള്‍ ചെരിവ് ക്രമേണ കൂടിക്കൂടി വരുന്നതായി കാണാം. ക്രമേണ കുത്തനെയായി മാറുന്ന കയറ്റം നടന്നു കയറി ഹംത പാസിൽ എത്താൻ ഏകദേശം 3-4 മണിക്കൂർ സമയടുക്കും. പാസില്‍ എത്തിയാല്‍ ഇന്ദ്രസെന്‍ കൊടുമുടിയുടെയും മറ്റും മനോഹരമായ കാഴ്ച കാണാം. എന്നാല്‍ കടുത്ത തണുപ്പും കാറ്റും കാരണം ഇവിടെ അധിക നേരം നില്‍ക്കാനാവില്ല. ഇവിടെ നിന്ന് ലാഹൗൽ താഴ്‌വരയിലേക്കുള്ള കുത്തനെയുള്ള ഇറക്കമാണ് അടുത്ത കടമ്പ. ഇതിനായി ഏകദേശം രണ്ട് മണിക്കൂർ സമയമെടുക്കും. അതിനുശേഷമുള്ള പാത താരതമ്യേന അത്ര ബുദ്ധിമുട്ടില്ലാത്തതാണ്. ഷിയ ഗോരു ആണ് മൂന്നാം ദിവസത്തെ രാത്രി വിശ്രമ കേന്ദ്രം. ഈ യാത്രയിലെ ഏറ്റവും സുന്ദരമായ ക്യാമ്പ് സൈറ്റ് ആണ് ഷിയ ഗോരു.

നാലാം ദിവസം: (ഷിയ ഗോരു മുതൽ ഛത്രു വരെ, 5 മണിക്കൂർ): ഹിമാനികള്‍ നിറഞ്ഞ അരുവി മുറിച്ചു കടന്നു കൊണ്ട് നാലാം ദിവസത്തെ യാത്ര തുടങ്ങുന്നു. ഈ വഴി നേരെ പാറക്കല്ലുകള്‍ക്കിടയിലൂടെ മൊറെയ്ൻ താഴ്വരയിലേക്കാണ് ചെന്നിറങ്ങുന്നത്. ചന്ദ്ര നദിയുടെ ഇടത് കരയിലൂടെ അവസാന ട്രെക്കിംഗ് പോയിന്‍റായ ഛത്രുവിലേക്കുള്ള യാത്രയാണ് ഇനി. ഛത്രുവിൽ ട്രെക്ക് അവസാനിക്കുന്നു. ഇവിടെ നിന്നും  46 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രതാൽ തടാകം സന്ദർശിക്കാന്‍ വേണ്ടി യാത്ര തുടരുന്നവരും കുറവല്ല.

English Summary: Manju warrier film Kayattam shooting location

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com