ADVERTISEMENT

ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ഹവാമഹൽ; രാജ്യത്തെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രവും. ലോക പൈതൃകപട്ടികയിൽ വരെ ഇടം പിടിച്ചിട്ടുള്ള ഹവാമഹലിനെ ഈ കൊറോണാ കാലത്ത് ഓർക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്.

ഇന്ന് ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന കാര്യം സാമൂഹിക അകലം പാലിക്കൽ ആണല്ലോ. കൊറോണയെന്ന മഹാവിപത്തിൽ നിന്നു രക്ഷ നേടാൻ അതാവശ്യമാണ്. എന്നാൽ കാലങ്ങൾക്കു മുൻപേ ഹവാമഹലിലെ സ്ത്രീകൾ സാമൂഹിക അകലം പാലിക്കാൻ പരിശീലിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു, അതിലേക്ക് വരാം.

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുർ നഗരത്തിലാണ് ഹവാമഹൽ. 1876 ൽ ബ്രിട്ടിഷ് വെയിൽസിലെ രാജകുമാരൻ ജയ്പുർ സന്ദർശിച്ചപ്പോൾ മാഹാരാജാ രാംസിങ് നഗരത്തിനു മുഴുവൻ പിങ്ക് നിറമടിച്ചാണത്രേ സ്വീകരിച്ചത്. അങ്ങനെയാണ് പിങ്ക് സിറ്റി എന്നറിയപ്പെട്ടത്. ജയ്പുരിന്റെ മുഖമുദ്രയാണു ഹവാമഹൽ. കാറ്റിന്റെ കൊട്ടാരം എന്നു തന്നെ അർഥം. 220 വർഷം പഴക്കമുണ്ട് ഈ സ്മാരകത്തിന്.

റോഡിൽനിന്നു കണ്ടാൽ നമ്മുടെ  കൃഷ്ണകിരീടം പൂക്കുല പോലെയാണ് ഹവാമഹൽ. ഏറെ കിളിവാതിലുകൾ ഉണ്ടെങ്കിലും അങ്ങോട്ട് ഒന്നും കാണാൻ കഴിയില്ല. അഞ്ചു നിലകളുണ്ട് ഹവാമഹലിന്. ശരത് മന്ദിർ, രത്ന മന്ദിർ, വിചിത്ര മന്ദിർ, പ്രകാശ് മന്ദിർ, ഹവാ മന്ദിർ എന്നിവയാണവ. ഓരോ നിലയിലേക്കും കയറാൻ പടവുകളുണ്ട്. 

രജപുത്ര വനിതകൾക്ക് നിരത്തിലെ ഉത്സവാഘോഷം കാണാനാണ് ഹവാമഹൽ ഉണ്ടാക്കിയത്. 953 കിളിവാതിലുകളുണ്ട് ഇതിന്. ഇതിലൂടെ രാജസ്ത്രീകൾക്കു നിരത്തു കാണാം. എന്നാൽ  ജനങ്ങൾക്ക് അവരെ കാണാനുമാവില്ല. പണ്ട് സാമൂഹിക അകലം പാലിച്ചിരുന്നത് ഇങ്ങനെയായിരുന്നു.

ക്രോസ് വെന്റിലേഷൻ ആണ് ഹവാമഹലിന്റെ പ്രത്യേകതകളിലൊന്ന്. കാറ്റ് കയറിയും ഇറങ്ങിയും പൊയ്ക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ചൂടുകാലത്തും ഹവാമഹലിനുള്ളിൽ തണുപ്പുണ്ടാകും. ബെൽജിയം കണ്ണാടികളാണ് അലങ്കാരത്തിനായി പിടിപ്പിച്ചിട്ടുള്ളത്.  

ഹവാ മഹലിന്റെ മുകളിൽനിന്നു ജയ്പുർ പട്ടണത്തിന്റെ എല്ലാ ഭാഗവും കാണാം. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ജന്തർ മന്ദർ ആണ് പിന്നിൽ സ്ഥിതി ചെയുന്നത്. ജ്യോതിശാസ്ത്രഗവേഷണങ്ങൾക്കു നിർമിച്ചതാണ് ജന്തർ മന്തർ. അടിത്തറ കെട്ടാത്ത കെട്ടിടമാണ് ഹവാമഹൽ. രജപുത്ര- മുഗൾ വാസ്തു നിർമാണ രീതി സംയോജിച്ചതിന്റെ മകുടോദാഹരണം. ഫൗണ്ടേഷൻ ഇല്ലാത്ത ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന വിശേഷണവും ഹവാമഹലിനുണ്ട്.

English Summary: hawa mahal and social distancing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com