ADVERTISEMENT
dharmashala

ചരിത്രമുറങ്ങുന്ന ബുദ്ധവിഹാരങ്ങളുടെയും മഞ്ഞു പുതച്ച ഹിമാലയക്കാഴ്ചകളുടെയും നുരഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളുടെയും നാടാണ് ധര്‍മ്മശാല. ഹിമാചല്‍ പ്രദേശിലെ കാങ്ങ്‌ഗ്ര ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഭൂമി സ്വര്‍ഗ്ഗം പോലെ സുന്ദരമാണ്. നഗരത്തിരക്കുകളില്‍ നിന്നും മാറി സമാധാനവും ശാന്തിയും നിറഞ്ഞ കുറച്ചു സമയം ചെലവഴിക്കാനാണ് സഞ്ചാരികള്‍ സാധാരണ ഇവിടേക്ക് വരുന്നത്. ധര്‍മ്മശാലയില്‍ എത്തിയാല്‍ സന്ദര്‍ശിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. 

കാവേരി ദാല്‍ തടാകം 

ചുറ്റും പച്ചപ്പും പര്‍വ്വതത്തലപ്പുകളും തഴുകി വരുന്ന കാറ്റേറ്റ് വിശാലമായ തടാകക്കരയില്‍ ഒരു ദിവസം ചെലവഴിക്കണോ? ധര്‍മ്മശാലയില്‍ നിന്ന് 9 കിലോമീറ്റര്‍ പോയാല്‍ എത്തുന്ന കാവേരി ദാല്‍ തടാകം ഇതിന് അനുയോജ്യമായ സ്ഥലമാണ്. ധാരാളം സഞ്ചാരികള്‍ വന്നെത്തുന്ന സ്ഥലം കൂടിയാണ് ഇത്.

ഭാഗ്സുനാഗ് വെള്ളച്ചാട്ടം

ധര്‍മ്മശാലയിലെ അതിപ്രശസ്തമായ ഒരു വെള്ളച്ചാട്ടമാണ് ഭാഗ്സുനാഗ്. തെളിഞ്ഞ ചില്ലുപോലുള്ള വെള്ളമാണ് ഇവിടെയുള്ളത്. ഈ കുഞ്ഞു വെള്ളച്ചാട്ടത്തിനരികില്‍ വെള്ളത്തിന്റെ കളകള നാദം കേട്ട് അടുത്തുള്ള പാറകളില്‍ ഇരിക്കുന്നത് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്യമാണ്. ഇതിനടുത്ത് തന്നെയുള്ള ഭാഗ്സുനാഗ് ക്ഷേത്രവും ഒപ്പം സന്ദര്‍ശിക്കാം.

ട്രയുണ്ട് ട്രെക്കിങ്

ഹിമാലയന്‍ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ എപ്പോഴും കാണുന്ന ഒരിനമാണ് ട്രയുണ്ട് ട്രെക്കിംഗ്. ഒരു വശത്ത് ധൌലാധര്‍ മലനിരകളും മറുവശത്ത് കാംഗ്ര താഴ്വരയുമായി വളരെ സുന്ദരമായ ഒരു യാത്രയാണിത്. നിറയെ പാറകളും ഓക്ക്-ദേവതാരു മരങ്ങളും നിറഞ്ഞ വഴിയിലൂടെയാണ് ഈ യാത്ര. പത്തു കിലോമീറ്റര്‍ ട്രെക്കിംഗ് കഴിഞ്ഞ് ഏറ്റവും മുകളിലെത്തിയാല്‍ രാത്രി ഇവിടെ താമസിക്കുകയുമാവാം. 

ബുദ്ധവിഹാരങ്ങള്‍

രാഷ്ട്രീയ അധിനിവേശത്തെ തുടര്‍ന്ന് നാടുവിട്ട തിബറ്റന്‍ ബുദ്ധമതവിശ്വാസികളുടെ അഭയകേന്ദ്രമാണ് ധര്‍മ്മശാല. തിബറ്റില്‍ നിന്നും പാലായനം ചെയ്ത തിബറ്റന്‍ ബുദ്ധമതത്തിന്‍റെ അത്മീയ ആചാര്യന്‍ ദലൈലാമയുടെ ആസ്ഥാനമാണ് ഇവിടം. മഞ്ഞയും ചുവപ്പും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് നടന്നു നീങ്ങുന്ന ബുദ്ധസന്യാസിമാരെ ഇവിടെയെങ്ങും കാണാം. മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബുദ്ധവിഹാരങ്ങളും ധര്‍മ്മശാലയുടെ മുഖമുദ്രയാണ്.

ശ്രീബുദ്ധന്‍റെ കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിച്ച ദലൈലാമയുടെ ക്ഷേത്രമായ നാംഗ്യാല്‍ വിഹാരം സന്ദര്‍ശിക്കാം. ഇവിടെ സഞ്ചാരികള്‍ക്ക് പ്രാര്‍ത്ഥനയില്‍ പങ്കു ചേരാം. ലൈബ്രറി, മ്യൂസിയം എന്നിവ കൂടാതെ സഞ്ചാരികള്‍ക്കായി ഒരു കഫേയും ഇവിടെയുണ്ട്. ബുദ്ധിസ്റ്റ് ഫിലോസഫിയും താന്ത്രിക് മെഡിറ്റേഷനും പഠിപ്പിക്കുന്ന ഗ്യൂട്ടോ മൊണാസ്ട്രിയാണ് മറ്റൊന്ന്. ലൈബ്രറി ഓഫ് ടിബറ്റന്‍ വര്‍ക്ക്സ് ആന്‍ഡ് ആര്‍ക്കൈവ്സിന്‍റെ തൊട്ടുതാഴെയായി സ്ഥിതി ചെയ്യുന്ന നെച്ചുംഗ് മൊണാസ്ട്രിയില്‍ നിന്ന് നോക്കിയാല്‍ കാണുന്ന മഞ്ഞു പുതച്ച മലനിരകളുടെ കാഴ്ച അവിസ്മരണീയമായ അനുഭവമാണ്. 

നാഡി ഗ്രാമം

ശാന്തമായി സമയം ചെലവഴിക്കാന്‍ വരുന്നവര്‍ക്ക് നാഡി ഗ്രാമത്തേക്കാള്‍ പറ്റിയ മറ്റൊരു സ്ഥലമില്ല. സണ്‍സെറ്റ് പോയിന്‍റ്, വ്യൂ പോയിന്‍റ്, ഇക്കോ പോയിന്‍റ് തുടങ്ങി സഞ്ചാരികള്‍ക്ക് കാണാന്‍ പ്രകൃതിയുടെ പല മുഖങ്ങളുണ്ട് ഇവിടെ. വേണമെങ്കില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രി ആസ്വദിച്ചു കൊണ്ട് ടെന്‍റടിച്ചു താമസിക്കുകയുമാവാം.

എങ്ങനെ എത്താം?

85 കിലോമീറ്റര്‍ അകലെയുള്ള പത്താന്‍‌കോട്ടാണ് ധര്‍മ്മശാലയ്ക്ക് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, അടുത്തുള്ള വിമാനത്താവളമായ ഗഗ്ഗലാവട്ടെ, 13 കിലോമീറ്റര്‍ ദൂരെയാണ്. ഡല്‍ഹി, ചണ്ഡീഗഢ്, സിംല തുടങ്ങിയ നഗരങ്ങളില്‍ നിന്നും റോഡ്‌ വഴിയും സുഖമായി എത്തിച്ചേരാവുന്നതാണ്.

English Summary: Dharamshala travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com