ADVERTISEMENT

കൊറോണ മൂലം ലോകമാകെ നിശ്ചലമാകുന്നതിനു മുൻപ് താന്‍ നടത്തിയ യാത്രയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കുകയാണ് നടി രജീഷ വിജയന്‍. ഹിമാചല്‍‌പ്രദേശിലെ പ്രകൃതിമനോഹരമായ കസോളിലേക്കായിരുന്നു രജീഷയുടെ യാത്ര. 

യാത്ര രജീഷയുടെ വാക്കുകളില്‍:

"ഡല്‍ഹിയിൽ നിന്ന് ഒരു രാത്രി നീണ്ട യാത്രയ്ക്ക് ശേഷം ഹിമാലയത്തിന്‍റെ അതിശയകരമായ കാഴ്ചയിലേക്കാണ് ഞങ്ങള്‍ ഉണർന്നത്. പാർവതി താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന കസോൾ സഞ്ചാരികള്‍ക്കായുള്ള മനോഹരമായ സ്ഥലമാണ്, പ്രകൃതിയും സമാധാനവും ആഗ്രഹിക്കുന്ന ആർക്കും ഇത് ശരിക്കും ഒരു വീടു തന്നെയാണ്."

കസോളില്‍ താമസിച്ച സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളും രജീഷ പങ്കുവച്ചിട്ടുണ്ട്. ഒരു നിമിഷം കൊണ്ട് ധ്യാനത്തിലേക്ക് വീണു പോകാവുന്നത്രയും മനോഹരമായ കാഴ്ചകളും നദിയുടെ കര്‍ണാനന്ദകരമായ ശബ്ദവുമാണ് ഇവിടെ. യാത്രയുടെ ഓര്‍മയ്ക്കായി കസോളില്‍ നിന്നുള്ള കല്ലുകളും രജീഷ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ഹിമാചല്‍പ്രദേശിലെ അതിപ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി, സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കസോ‌ള്‍ എല്ലാ കാലത്തും സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ബുന്ദാറില്‍ നിന്നും മണികരനിലേക്ക് പോകുന്ന വഴിയില്‍, പാര്‍വതി നദീതീരത്തുള്ള ഈ കൊച്ചുഗ്രാമം മനോഹരമായ ഹിമാലയക്കാഴ്ചകളും വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മനോഹരമായ കാലാവസ്ഥയും തിരക്കില്ലായ്മയുമെല്ലാം കൊണ്ട് വര്‍ഷംതോറും ധാരാളം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അധികം ചെലവില്ല എന്നതിനാല്‍ ബാക്ക്പാക്കേഴ്സിനും ഇവിടം പ്രിയപ്പെട്ടതാണ്.

ഹിമാച‌ല്‍ പ്രദേശിലെ 'മിനി ഇസ്രായേല്‍' എന്നും പേരുള്ള കസോളില്‍ നിന്നാണ് സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുട‌ങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഹിമാലയന്‍ ട്രെക്കിംഗ് ആരംഭിക്കുന്നത്. വാട്ടര്‍ റാഫ്റ്റിംഗി‌നും അനുയോജ്യമാണ് ഈ സ്ഥലം.

English Summary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com