ADVERTISEMENT
Kudajadri-Hills

പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ എം.എയ്ക്ക് പഠിച്ച കാലം സാഹിത്യ പഠനത്തെ വെറും അക്കാഡമിക്ക് നടവഴികളിൽ നിന്നും മാറ്റി ബഹുവിധ  വിഷയങ്ങളുമായും കലാ-സാംസ്കാരിക പ്രവർത്തനങ്ങളുമായും ബന്ധപ്പെടുത്തി സമ്പന്നമാക്കിയ അനേകം അനുഭവങ്ങളുടെ കാലമായിരുന്നു. യാത്രകൾ, വിവിധ ഭാഷാ രീതികൾ, സാഹിത്യങ്ങൾ, സിനിമകൾ, സംഗീതം തുടങ്ങി ഭാരതത്തിന്റെ വൈവിധ്യമാർന്ന കലാരൂപങ്ങൾ എന്നിവയൊക്കെ മനസ്സിന്റെ ബൗദ്ധികവും, പരിചിതവുമായ സകല സങ്കുചിത പരിധികളെയും ഭേദിക്കാൻ സഹായിച്ചു. തമിഴ് ഭാഷയോടും, കവിതകളോടുമുള്ള താല്പര്യത്തെ പ്രകീർത്തിച്ച് നാടക വിഭാഗത്തിലെ എന്റെ സുഹൃത്ത് വേലു സ്നേഹത്തോടെ എനിക്ക് തന്ന പാരിതോഷികം:

“അറിയെ വന്തത് എന്നെമോ ആംഗിലത്തൈ താൻ

ആനാൽ ഉയിരോടെ തഴുവിക്കൊണ്ടത് തമിഴൈ താൻ” 

രമണ മഹർഷിയുടെ തിരുവണ്ണാമലൈയിലെ ആശ്രമം ചുട്ടുപൊള്ളുന്ന ഒരു വേനൽക്കാലത്താണ് ഒരു ഫ്രഞ്ച് സുഹൃത്തിന്റേയും തമിഴ് സഹപാഠിയുടെയും കൂടെ ആ ആത്മീയ സാന്നിധ്യം പാദങ്ങൾക്ക് നൽകിയ കുളിർമയോടെ കുന്ന് കയറി കണ്ടത്. ആർതർ ഓസ്ബോൺ എഴുതിയ രമണ മഹർഷിയുടെ ജീവ ചരിത്രം ആദ്യം വായിച്ചത് ബി.എയ്ക്ക് പയ്യന്നുർ കോളേജിൽ പഠിക്കുമ്പോഴായിരുന്നു. ആത്മാന്വേഷണം മാത്രമാണ് എല്ലാത്തിനും പരിഹാരം എന്ന സന്ദേശം ഒരു തരത്തിലുള്ള ആലങ്കാരികതകളുമില്ലാതെ, അതേ സമയം നിത്യജീവിത ഉദാഹരണങ്ങളിലൂടെ സ്പഷ്ടമായി പറഞ്ഞു തരുന്ന അപൂർവം ഗുരുക്കന്മാരിൽ ശ്രേഷ്ഠനാണ് രമണ മഹർഷി.

ആശ്രമ പരിസരത്തിരിക്കുമ്പോൾ അതു വഴി വന്ന ഒരു സന്ന്യാസി എന്നെ നോക്കി ചില ഭാവി പ്രവചനങ്ങൾ നടത്തുകയും, ഒരു രുദ്രാക്ഷ മാല സ്നേഹത്തോടെ സമ്മാനിക്കുകയും ചെയ്തു. ഞാൻ തിരിച്ച് എന്ത് നൽകണം എന്ന് ചോദിച്ചപ്പോൾ ഒന്നും വേണ്ടാ എന്ന് വാത്സല്യത്തോടെ നിരസിച്ച് ഒരു പുഞ്ചിരിയോടെ കടന്നുപോവുകയും ചെയ്തു. അതിശയമെന്നു പറയട്ടെ, ഒരു വർഷത്തിനുശേഷം  പോണ്ടിച്ചേരിയിലെ ഒരു തെരുവിൽ വെച്ച് “എന്നെ മനസിലായോ” എന്ന് ചോദിച്ച് അടുത്തുവന്ന സന്യാസി തിരുവണ്ണാമലയിൽ കണ്ട ‘ഗണപതി’ എന്ന് പേരുള്ള അതേ സന്യാസിയായിരുന്നു!

ക്ലാസ്സ് മുറിയിൽ ഇരുന്നാൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്ന ക്യാമ്പസ് എന്നതുകൊണ്ട് തന്നെ പോണ്ടിച്ചേരിയിൽ പുസ്തകപ്പുഴുക്കളാകാൻ വിദ്യാർത്ഥികൾക്ക് ഏറെ ബുദ്ധിമുട്ടാണ്. മിക്കവാറും അവധിക്കാലങ്ങൾ യാത്രകൾക്കായി കരുതിവെച്ച് തമിഴ് നാടിന്റെയും ആന്ധ്രയുടെയും മണ്ണിലൂടെയും മനസിലൂടെയും നടത്തിയ യാത്രകൾ തന്ന അളവറ്റ അനുഭവ സമ്പത്തിന് കാലത്തോട് നന്ദി പറയുന്നു. പുസ്തകങ്ങളിലെ വാക്കുകൾക്കും പാത്രങ്ങൾക്കും ജീവൻ പകരുന്നത് ജീവിത പരിജ്ഞാനങ്ങളാകുമ്പോൾ മാത്രമാണ് സാഹിത്യ-കലാ പഠനം സമഗ്രമാകുന്നത്.

കൊല്ലൂരിലേക്ക്... കുടജാദ്രിയിലേക്ക്...

kudajadri-trip1

അങ്ങനെ ഒരു വേനലവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ കൊല്ലൂരിലേക്ക്, കുടജാദ്രിയിലേക്ക് നടത്തിയ സാഹസിക-സാംസ്കാരിക തീർത്ഥാടനത്തിന്റെ കഥ പറയാം.

ആവർത്തിച്ച് ഉടയ്ക്കപ്പെട്ട മനസ്സിന്റെ സ്ഫടിക മന്ദിരത്തിന്റെ തുണ്ടു കഷണങ്ങൾ ശേഖരിച്ച് തിരിച്ചറിവുകളുടെയും തീരുമാനങ്ങളുടെയും കഠിനമായ ചുടുകല്ലുകൾ കൊണ്ട് നാം നമ്മെത്തന്നെ സുരക്ഷിതമാക്കി നിർത്തുന്ന കവചങ്ങളുണ്ട്. അപൂർവം ചിലർ ഈ കവചങ്ങളെ ഒരു നിശബ്ദമായ തലോടൽ പോലെ തകർക്കും. നമ്മളതറിയുന്നത് അവർ നമുക്ക് വേണ്ടി ചെയ്യുന്ന ചെറുതോ വലുതോ ആയ കാര്യങ്ങളിലൂടെയാണ്, തികച്ചും അവിശ്വസനീയമായ ആ നിമിഷത്തിലാണ് സമാഗമങ്ങളുടെ ചാരുത, ജീവിതത്തിന്റെ അപരിമിതമായ സൗന്ദര്യം എന്നു തുടങ്ങി ഈ പ്രപഞ്ചം നമുക്ക് മുന്നിൽ തുറന്നു തരാൻ തീവ്രമായി കൊതിക്കുന്ന അഗണ്യമായ വിസ്മയങ്ങളെ നാം തിരിച്ചറിയുന്നത്. 

കുടജാദ്രിയിലേക്കുള്ള യാത്ര പൂർവ സന്നാഹങ്ങളോടെ ആയിരുന്നില്ല. മൂകാംബിക ദേവി ക്ഷേത്ര സന്ദർശനം കഴിഞ്ഞ് “ഇനിയെന്ത്” എന്നാലോചിച്ചു നിന്നപ്പോഴാണ് ദൂരെ മൂടൽ മഞ്ഞ് ഒരു മാന്ത്രികനെപ്പോലെ കുന്നുകളുടെയും, കാടുകളുടെയും മോഹിപ്പിക്കുന്ന സൗന്ദര്യം ഇടയ്ക്കിടെ തുറന്നു കാണിച്ചും, അടച്ചു വെച്ചും  കൊണ്ട് എന്നെയും, എന്റെ യൂണിവേഴ്സിറ്റി സഹപാഠികളായ ആന്ധ്രക്കാരൻ രാമനെയും, തമിഴ് നാട്ടുകാരൻ മുരുകനെയും അടക്കിവെക്കാനാകാത്ത വിധം കൊതിപ്പിച്ചത്.

ചോദിച്ചറിഞ്ഞതുപ്രകാരം സൗപർണികാ തീരത്തെ താടിക്കാരനെ അന്വേഷിച്ച് ഞങ്ങൾ  നീങ്ങി. നദീ തീരത്തെ ഒരു മണ്ഡപത്തിൽ കാവി മുണ്ടും കറുത്ത ഷർട്ടുമിട്ട് ഒരാൾ കൈത്തണ്ടകൊണ്ട് കണ്ണുകൾ മറച്ച് കിടക്കുന്നു. “വിജയേട്ടാ” എന്ന് വിളിച്ചപ്പോൾ ഉടൻ എഴുന്നേറ്റു. സ്നേഹത്തോടെ സംസാരം തുടങ്ങി. കുടജാദ്രിയിലേക്ക് കൂടെ വരാൻ തയ്യാറായി, അല്ല, കുടജാദ്രിയിലേക്ക് ഞങ്ങളെ കൊണ്ട് പോകാൻ തയ്യാറായി. “പാന്ഥർ പെരുവഴിയമ്പലം തന്നിലെ…” എന്ന പോലെ അതാ അല്പനേരത്തിനുള്ളിൽ കേരളത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ളവർ കൂടെ ചേർന്നൊരു  സംഘമാകുന്നു! 

“मैं अकेला ही चला था जानिब–ए–मंज़िल मगर

लोग साथ आते गये और कारवां बनता गया” 

(ഞാൻ പുറപ്പെട്ടത് ഒറ്റയ്ക്കായിരുന്നു ലക്ഷ്യത്തിലേക്ക് ,

മെല്ലെ ..ഓരോരുത്തരായി കൂടെക്കൂടി അതൊരു സഞ്ചാരിക്കൂട്ടമായി) 

മജ്‌റൂഹ് സുൽത്താൻ പുരിയുടെ പ്രസിദ്ധമായ ശായറി പോലെ.

കാട്ടിലൂടെയുള്ള യാത്ര തികച്ചും ആവേശജനകമായിരുന്നു. വിജയേട്ടൻ ആ സൗഹൃദ തീവണ്ടിയുടെ ഇന്ധനം നിറച്ച എൻജിൻ പോലെ പുകവിട്ടുകൊണ്ട് മുന്നിൽ നടന്നു. സ്നേഹ സംഭാഷണങ്ങളിലെവിടെയോ എന്നോട് വാത്സല്യം കൂടുതലായി. “മോനേ” എന്ന് വിളിക്കുകയും സാഹിത്യ-കലാ രംഗങ്ങളെക്കുറിച്ച് വാചാലനാകുകയും ചെയ്തു. വിജയേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ എം. ടി. യാണ്. കോട മഞ്ഞു മൂടി വന്ന ആ രാത്രിയെ ചൂട് പിടിപ്പിക്കും പോലെ വിജയേട്ടൻ എം. ടി. യുടെ രചനകളെക്കുറിച്ച് ഉന്മേഷത്തോടെ സംസാരിക്കുകയും, ‘മഞ്ഞ്’ എന്ന നോവൽ ഏറ്റവും പ്രിയപ്പെട്ടതെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു.

സ്വന്തം ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും പറയാൻ വിജയേട്ടൻ ഇഷ്ടപ്പെട്ടില്ല. “വിവാഹം ഒരാളുടെ മരണമാണ്” എന്ന്, ഭാവി പരിപാടികൾ ചർച്ച ചെയ്യുന്ന ഞങ്ങളോട് പറഞ്ഞ് ഒരു കനത്ത പുക നമുക്ക് നേരെ വിട്ട് ഞങ്ങൾ തങ്ങിയ “സന്തോഷ് ഹോട്ടൽ” -ന്റെ പിന്നാമ്പുറത്ത് എവിടെയോ പോയി ഒറ്റയ്ക്കിരുന്നു. തങ്കപ്പൻ ചേട്ടന്റെ കടയിൽ  രാത്രി നമ്മുടെ സഞ്ചാരി സംഘം പാട്ടും, നൃത്തവുമായി സജീവമായപ്പോൾ വിജയേട്ടൻ എന്തോ ഒന്നാവേശിച്ച ഒരലൗകിക ആനന്ദത്തിന്റെ മൂർദ്ധന്യതയിൽ നീണ്ട താടിയും മുടിയും കാറ്റിൽ പറത്തി മറ്റൊരാളായി.

“ഹരം  സർപഹാരം ചിതാഭൂവിഹാരം 

ഭവം വേദസാരം സദാ നിർവ്വികാരം

ശ്മശാനേ വസന്തം മനോജം ദഹന്തം

ശിവം ശങ്കരം ശംഭുമീശാനമീഡേ “

ശിവസ്തുതിയുടെ ഓജസ്സുറ്റ താളവും, ചൈതന്യവും ഒരു പക്ഷെ എനിക്കും വിജയേട്ടനും മാത്രം കേൾക്കാൻ കഴിയുംപോലെ ആ കാനനനിശീഥിനിയിൽ മാറ്റൊലി കൊണ്ടു. 

പിറ്റേന്ന് പുലർച്ചെ തുടങ്ങിയ മലകയറ്റം കുടജാദ്രിയിൽ ലക്‌ഷ്യം കണ്ടത് ഉച്ചയോടെയായിരുന്നു. വഴിയിലൊരിടത്ത് വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിച്ച് ഏറെ നേരം ചെലവഴിച്ചു. പിന്നെ ഗണേശ ഗുഹയിൽ അൽപനേരം. സർവജ്ഞ പീഠം കയറിയ ശങ്കരന്റെ ക്ഷേത്രപീഠത്തിനടുത്ത് മൂടൽ മഞ്ഞും, മേഘങ്ങളും കൈകാലുകൾക്കിടയിലൂടെ തഴുകിയൊഴുകി. താഴ്വരയും, കുന്നും ആകാശവും ഒന്നാകുന്ന സ്വർഗീയ പ്രതീതി. 

തിരിച്ചു വരുമ്പോൾ ‘സന്തോഷ് ഹോട്ടലിൽ’ നിന്നും ഭക്ഷണം കഴിച്ചു. മൂകാംബിക ക്ഷേത്രത്തിലെത്തുകയും പൂജ കഴിക്കാനും, ദർശനത്തിനുമായി കാത്തു നിൽക്കുകയും ചെയ്‍തപ്പോൾ “ശ്രീകരം” എന്ന വിശേഷ പൂജയെക്കുറിച്ച് വിജയേട്ടൻ എന്നോട് പറഞ്ഞു. 

“ശ്രീകരം ച പവിത്രം ച

ശോക രോഗ നിവാരണം

ലോകേ വശീകരം പുംസാം

ഭസ്മം ത്ര്യൈലോക്യ പാവനം” എന്നല്ലേ? 

സകല ഐശ്വര്യങ്ങളുടെയും, അറിവിന്റെയും കുടജാദ്രികൾ, പീഠങ്ങൾ കയറാൻ പ്രാപ്തമാക്കുന്ന പൂജയാണത്രെ “ശ്രീകരം”. പക്ഷെ, അതാവശ്യപ്പെടുന്ന ചില ശീല നിബന്ധനകളുണ്ട്. കൃത്യമായി പാലിക്കണം. 

വിദ്യാർത്ഥിയായിരുന്ന എന്റെ കയ്യിൽ അപ്പോൾ ആ പൂജ കഴിക്കാനുള്ള കാശ് ഇല്ലായിരുന്നു. അൽപം വില കൂടിയ പൂജയാണ്. “ധൃതി പിടിക്കേണ്ട, സമയമാവട്ടെ” എന്ന് വിജയേട്ടൻ ആശ്വസിപ്പിച്ചു. ദർശനം കഴിഞ്ഞ് ഞങ്ങൾ തിരിച്ച് പുറപ്പെടാനിറങ്ങി. അതിനും ഏറെ മുമ്പേ തന്നെ യാത്രാ സംഘത്തിലെ മറ്റുള്ളവർ അവരുടെ താമസസ്ഥലത്തേക്ക് പോയിരുന്നു. “വിജയേട്ടന് എന്ത് കൊടുക്കണം” എന്ന ചർച്ചയുടെ ഫലമായി ഞങ്ങൾ മൂന്നു പേർ കുറച്ച് കാശ് കൊടുത്തെങ്കിലും അത് വാങ്ങാൻ അദ്ദേഹം വിസമ്മതിച്ചു. “ഞാൻ കൂടെ വന്നത് എന്റെ ഒരു സന്തോഷത്തിനു കൂടിയാണ്” എന്ന് പറഞ്ഞ അദ്ദേഹത്തെ ഒരു ചെറിയ പോക്കറ്റ് മണിയെങ്കിലും വാങ്ങിക്കാൻ ഏറെ നിർബന്ധിക്കേണ്ടി വന്നു. കെ.എസ്.ആർ.ടി.സി. ബസിൽ നമുക്ക് വേണ്ടി സീറ്റ് ഉറപ്പിച്ചു വെച്ചിരുന്നു വിജയേട്ടൻ. പുഞ്ചിരിച്ചുകൊണ്ട് കൈവീശി അദ്ദേഹം ഞങ്ങളെ യാത്രയാക്കി.

ഒന്നോ രണ്ടോ ദിവസങ്ങൾക്കു ശേഷം എന്റെ കൂട്ടുകാർ മദ്രാസിലേക്ക് തിരിച്ചുപോയി. വിജയേട്ടനെക്കുറിച്ചും അദ്ദേഹത്തിന്റെ സ്നേഹവാത്സല്യങ്ങളെക്കുറിച്ചും ഞങ്ങൾ ഏറെ സംസാരിച്ചു. വിജയേട്ടന് ഞാൻ ഒരു കത്തെഴുതി. കൊല്ലൂരിലെ വാത്സല്യത്തിന്റെ ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ട്. അൽപ ദിവസത്തിനകം മറുപടി വന്നു. കയ്യെഴുത്ത് ഒരുപാട് നല്ലതൊന്നുമല്ലെങ്കിലും “മോനേ” എന്ന് വിളിച്ചുള്ള സ്നേഹമസൃണമായ വാക്കുകൾ ദൂരങ്ങളെ നിമിഷനേരം കൊണ്ടില്ലാതാക്കി. “ഞാൻ പൂർണചന്ദ്രനുമുന്നിലെ വെറുമൊരു മിന്നാമിനുങ്ങ് മാത്രം” എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. എന്റെ കത്തിന്റെ ഭാഷ വിജയേട്ടന് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നുവെന്നും എഴുതിയാണ് കത്തവസാനിക്കുന്നത്. 

വേനലവധി കഴിഞ്ഞ് ജൂണിൽ ഞാൻ പോണ്ടിച്ചേരിക്ക് തിരിച്ചുപോയി. വീണ്ടും പൽകലൈകഴക വൃത്തികളിൽ വ്യാപൃതനായി. ജൂലൈയിലോ മറ്റോ ഒരിക്കൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ അച്ഛൻ പറഞ്ഞു, “നിന്നെ തിരക്കി വിജയൻ എന്നൊരാൾ വന്നിരുന്നു”! ഞാൻ ഞെട്ടിപ്പോയി! “അതെ കൊല്ലൂരിൽ നിന്നാണ്. കൂടുതൽ ഒന്നും പറഞ്ഞില്ല. നീ പോണ്ടിച്ചേരിയിലാണ് എന്നറിയിച്ചപ്പോൾ തിരിച്ചുപോയി.” ഞാൻ ഒരു നിമിഷം അത്ഭുതത്തോടെ മരവിച്ചിരുന്നു. ചോദ്യങ്ങൾ പലതും മനസ്സിനെ ആശ്ചര്യപ്പെടുത്തുകയും, അലട്ടുകയും ചെയ്തു. 

ഒരു ദിവസം മെസ്സിൽ നിന്ന് പ്രാതൽ കഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഹോസ്റ്റലിൽ താമസിക്കുന്ന ഒറീസ്സക്കാരനായ ഒരു എം ബി എ വിദ്യാർത്ഥി വന്നറിയിച്ചു, “സന്തോഷ് നിന്നെ അന്വേഷിച്ച് ഒരാൾ ഹോസ്റ്റലിൽ നില്പുണ്ട്, നാട്ടിൽ നിന്ന് വന്നതാണ്”. “നാട്ടിൽ നിന്നോ? എന്നെ അന്വേഷിച്ചോ?” എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. “കാണാൻ എങ്ങിനെ?” എന്ന് ഞാൻ അതി വ്യഗ്രതയോടെ ചോദിച്ചപ്പോൾ “നീണ്ട താടിയും മുടിയും, കാവി ലുങ്കിയും, ഷർട്ടും”. എന്റമ്മേ !! വിജയേട്ടനായിരിക്കുമോ !! എനിക്ക് അത്ഭുതത്തെക്കാളും ഭയം കൂടി വന്നു. ഞാൻ ഉടൻ  ഹോസ്റ്റലിലേക്ക് തിരിച്ചു. അതാ, എന്റെ സുഹൃത്ത് ആന്ധ്രക്കാരൻ മൂർത്തിയുടെ മുറിയിൽ വിജയേട്ടൻ സംസാരിച്ചിരിക്കുന്നു!!!! കൊല്ലൂരിൽ, സൗപർണികാ തീരത്ത്. കുടജാദ്രിയിൽ കണ്ട അതേ മനുഷ്യൻ, വിജയേട്ടൻ. സ്നേഹത്തോടെ കെട്ടിപ്പിടിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശത്തെപ്പറ്റി ചോദ്യോത്തരങ്ങളുടെ കുന്നുകൾ താണ്ടിയും, കയറിയും മനസ്സ് അസ്വസ്ഥമായി. 

കുളി കഴിഞ്ഞു വന്ന അദ്ദേഹത്തെ ഞാനും മൂർത്തിയും പ്രാതലിനായി മെസ്സിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഭാഷാ വൈവിധ്യങ്ങളുടെ ചെറു ഘർഷണങ്ങളെ സ്നേഹസ്നിഗ്ദ്ധതകൊണ്ട് നിസ്സാരമാക്കി  വിജയേട്ടനും, മൂർത്തിയും അൽപ നേരത്തിനുള്ളിൽ തന്നെ മാനസിക സഹയാത്രികരായി. സ്വതസിദ്ധമായ വാചാലതയോടെ അദ്ദേഹത്തോട് പലതും പറഞ്ഞും ചോദിച്ചും മൂർത്തി എന്റെ ആതിഥേയത്വം വിപുലവും, ബഹുലവുമാക്കി. ഒരു രാത്രി കഴിഞ്ഞു. വിജയേട്ടനെയും കൂട്ടി വൈകുന്നേരം ബീച്ചിൽ ഞങ്ങൾ ഏറെ സമയം ചെലവഴിച്ചു. വിജയേട്ടൻ അധികമൊന്നും സംസാരിച്ചില്ല. മൂർത്തിയാകട്ടെ തന്റെ നാടിനെയും, യൂണിവേഴ്സിറ്റിയെയും, വിദ്യാഭ്യാസ സമ്പ്രദായത്തെയും കുറിച്ച് പലതും പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ കൂടെ നാട്ടിലേക്കും, കൊല്ലൂരിലേയ്ക്കും വന്ന കൂട്ടുകാരിൽ മൂർത്തി ഉണ്ടായിരുന്നില്ല. അവർ രണ്ടു പേരും ചില തിരക്കുകൾ കാരണം അൽപ നേരം ഹോസ്റ്റലിൽ വന്ന് വിജയേട്ടനോട് സംസാരിച്ച് തിരിച്ചുപോയി. രാത്രി എന്റെ മുറിയിൽ എന്നോടൊപ്പം മൂർത്തിയും വിജയേട്ടനും തങ്ങി. “ഈ രാത്രി ത്രിമൂർത്തി സംഗമത്തിന്റേതാണ്” എന്ന് പറഞ്ഞ് വിജയേട്ടൻ മുറിയിൽ കൂട്ടച്ചിരി ഉയർത്തി. മൂർത്തിയും ഞാനും അദ്ദേഹത്തിന്റെ സന്ദർശന കാരണം പരസ്പരം ചർച്ച ചെയ്‌തെങ്കിലും ഒന്നും ഊഹിച്ചെടുക്കാൻ കഴിഞ്ഞില്ല. 

പിറ്റേ ദിവസം രാവിലെ കുളി കഴിഞ്ഞ് വിജയേട്ടൻ പോകാൻ പുറപ്പെട്ടു. കുളി കഴിഞ്ഞെത്തിയ എന്നോട് മുറിയിൽ ഞാൻ വെച്ചിരുന്ന വിളക്ക് കത്തിക്കാൻ ആവശ്യപ്പെട്ടു. മിക്കവാറും എല്ലാ ദിവസവും രാവിലെ കുളി കഴിഞ്ഞ് വിളക്ക് കത്തിച്ച് ചില ശ്ലോകങ്ങൾ ചൊല്ലുന്ന ശീലമുണ്ടെനിക്ക്. തന്റെ കയ്യിലുള്ള ചെറിയ ബാഗിൽ നിന്നും ഒരു പൊതി എടുത്ത് എനിക്കുനേരെ നീട്ടി രണ്ടു കയ്യോടെ ഏറ്റുവാങ്ങാൻ പറഞ്ഞു. തുറന്നു നോക്കിയപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. “ശ്രീകരം”!!!

“സന്തോഷ് മോന് വേണ്ടി ഞാൻ പൂജ കഴിപ്പിച്ചതാണ്. പ്രസാദം വേറെ ആരുടെ കയ്യിലും കൊടുക്കാൻ പാടില്ല . അതാണ് ഞാൻ മോനെത്തേടി നാട്ടിൽ പോയത്. അച്ഛൻ പറഞ്ഞു പോണ്ടിച്ചേരിയിലേക്ക് പോയി എന്ന്. അതുകൊണ്ടാണ്  ഇങ്ങോട്ട് വന്ന് നേരിട്ട് ഏല്പിക്കാൻ തീരുമാനിച്ചത്”. 

എന്റെ മനസ്സിന്റെ സംശയങ്ങൾ ഹ്രസ്വകായമാക്കിയ പ്രപഞ്ച കാരുണ്യത്തിന്റെ മൂർത്ത രൂപത്തിന് മുമ്പിൽ ഞാൻ ലജ്ജയോടെ തല താഴ്ത്തി. രാമാനുജൻ ഹോസ്റ്റലിന്റെ അറുപതാം നമ്പർ മുറിയിലേക്ക് കയറി വന്ന നിസ്സീമമായ കാരുണ്യത്തിനു എത്ര ചെറിയ വാതിലാണ് എന്റെ മനസ്സ് തുറന്നുകൊടുത്തത്!!! ഞാൻ വിജയേട്ടന്റെ ആ സാന്നിധ്യത്തിന്, എന്റെ ഗ്രാഹ്യത്തിനതീതമായ സന്ദർശനകാരണത്തിന് നന്ദി പറഞ്ഞും, മാപ്പ് പറഞ്ഞും കരഞ്ഞു. വിജയേട്ടൻ ചിരിച്ചു കൊണ്ട് അതിനെയെല്ലാം  നിസ്സാരമാക്കി. 

“എനിക്കറിയാമായിരുന്നു മോനെ. അന്ന് നീ എത്ര ആഗ്രഹിച്ചിരുന്നതാണ് ആ പൂജ എന്ന്. നിന്റെ മനസ്സ് ഞാൻ വായിച്ചു, അന്നും ഇന്നും. എപ്പോഴും സ്നേഹവും, അനുഗ്രഹവും മാത്രം.” 

ഒന്നും വാങ്ങാൻ തയ്യാറാകാതിരുന്നിട്ടും നിർബന്ധിച്ച് ജാള്യതയോടെ ഒരു ഷർട്ടും അല്പം കാശും നൽകി വിജയേട്ടനെ ഞാൻ യാത്രയാക്കി. ഒരു ദിവസം കൂടി താമസിക്കാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ചില തിരക്കുകളുണ്ടത്രേ. ബസിൽ കയറി കൊല്ലൂരിലെ രാത്രിയിൽ ഞങ്ങളെ യാത്രയയച്ച അതേ പുഞ്ചിരിയോടെ, കൈവീശി വിജയേട്ടൻ യാത്രയായി. 

അൽപ ദിവസങ്ങൾക്കുശേഷം വിജയേട്ടന് ഞാൻ വീണ്ടും കത്തെഴുതി. ഒരു മറുപടിയും വന്നില്ല. 

ഏറെ നാളുകൾക്ക് ശേഷം ഒരു സ്വപ്നം എന്നെ വല്ലാതെ അലട്ടി. സ്വപ്നത്തിൽ വിജയേട്ടൻ എന്നെ നോക്കി എന്തോ പറഞ്ഞ് ദേഷ്യത്തോടെ നോക്കുന്നു. ഉറക്കമുണർന്നപ്പോൾ ആ സ്വപ്നത്തിന്റെ ഭാരം അസഹ്യമായി തുടർന്നു. മനസ്സ് തുറന്ന് നന്ദി പറഞ്ഞ് ഞാൻ വീണ്ടുമൊരു കത്തെഴുതി. ഇന്നും അതിനുള്ള മറുപടി കിട്ടിയിട്ടില്ല. വിജയേട്ടനെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. ഏറെ അന്വേഷിച്ചു. കൊല്ലൂരിൽ പോകാൻ പല തവണ പദ്ധതി ഇട്ടെങ്കിലും നടന്നില്ല. കഴിഞ്ഞ വര്ഷം ഒരു സുഹൃത്തിന്റെ കുടുംബവുമായി പോയെങ്കിലും തിരക്കുപിടിച്ച സന്ദർശനത്തിനിടയിൽ ആരോടും ഒന്നും ചോദിച്ചറിയാൻ കഴിഞ്ഞില്ല.  

മൂർത്തി അന്നും ഇന്നും നല്ല സുഹൃത്തായി തന്നെ തുടരുന്നു. മൂർത്തിയെ പറ്റി ഹോസ്റ്റൽ മുറിയിലിരുന്ന് പ്രവചനസിദ്ധിയോടെ വിജയേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞ രണ്ട് കാര്യങ്ങൾ പിന്നീട് സത്യമായി എന്നത് ഇന്നും എന്നെ അത്ഭുദപ്പെടുത്തുന്നു. എഴുത്തിലൂടെയും, കലാ പ്രവർത്തനങ്ങളിലൂടെയും നടത്തി വരുന്ന എന്റെ ഓരോ ചുവടുവെപ്പിലും, യാത്രയിലും ആ അനുഗ്രഹീത സാന്നിധ്യത്തിന്റെ അസാധാരണമായ  ശക്തിയുണ്ടെന്ന് ഞാനറിയുന്നു. എന്റെ മനസ്സ് വായിച്ച് “ശ്രീകര”-വുമായി സമയ-സ്ഥല-കാല-ചിന്താ പരിമിതികളെ ഭേദിച്ച് പ്രത്യക്ഷപ്പെടുകയും, അപ്രത്യക്ഷമാവുകയും ചെയ്ത അവധൂത സമാനമായ ആ പ്രഹേളികയ്ക്ക് മുന്നിൽ ഞാൻ ഇന്നും മറുപടികൾക്കായി കാത്തു നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com