മാവോയല്ല ഇത് ‘മാഒ’, മധ്യപ്രദേശിലെ ആർമി ടൗണിന്റെ വിശേഷങ്ങൾ !

indore-trip
SHARE

മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ സ്ഥലങ്ങളി‍ലൊന്നാണ് ഇൻഡോർ. നഗരത്തിലെ ഇന്ദ്രേശ്വർക്ഷേത്രത്തിൽനിന്നാണ് സ്ഥലത്തിന് ഈ പേരു ലഭിച്ചത്. ഇൻഡോറും പരിസരപ്രദേശങ്ങളും ഏതുതരം സഞ്ചാരികൾക്കും ചില നല്ല കാഴ്ചകൾ ഒരുക്കുന്നുണ്ട്...

ഇത് മാവോയല്ല "മാഒ"

മാൾവാ പീഠഭൂമിയുടെ വടക്കേ അറ്റത്തുള്ള ഇൻഡോർ ജില്ലയിലാണ് ഡോ. അംബേദ്കർ നഗർ എന്ന് പേരുള്ള മാഒ എന്ന സ്ഥലം. ഇന്ത്യൻ ആർമിയുടെ ഏറെ പ്രധാനപ്പെട്ട ഒരു മിലിറ്ററി സ്‌റ്റേഷൻ ഇവിടെയാണ്. അതുമായി ബന്ധപ്പെട്ട് ആർമി വാർ കോളജ്, ഇൻഫൻട്രി മ്യൂസിയം, ആർമി ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ് കോളജ് തുടങ്ങി പല പ്രശസ്ത സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പൂർണമായും ഒരു ആർമി ടൗൺ എന്നാണ് മാഒ അറിയപ്പെടുന്നത്.

indore-trip1

മാഒയിലൂടെ സഞ്ചരിച്ചപ്പോൾ മനസ്സിലാക്കാനായത് ഒട്ടേറെ പട്ടാളക്കാർ സർവീസിൽ നിന്നു വിരമിച്ചശേഷം വിശ്രമജീവിതത്തിനായി ഈ സ്ഥലം തിരഞ്ഞെടുക്കുന്നുണ്ട് എന്നാണ്. ഒട്ടേറെ പേർ സർവീസിലിരിക്കെത്തന്നെ ഭാവിയിൽ സെറ്റിൽ ചെയ്യാനായി കണ്ടെത്തുന്നതും ഈ ചെറുപട്ടണത്തെയാണ്. സുഖകരമായ കാലാവസ്ഥയും മറ്റു ജീവിതസൗകര്യങ്ങളുമാവും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.

ഒട്ടുമിക്ക നാടിനും ഒരു കഥ പറയാൻ കാണും, ആ സ്ഥലവുമായി ബന്ധപ്പെട്ടും സ്ഥലനാമം വന്ന വഴിയായിട്ടും ഒക്കെ. മാഒയുടെ കാര്യവും വ്യത്യസ്തമല്ല. അവിടെ അടുത്ത ബെർച എന്നൊരു തടാകവും സമീപത്ത് ജൻപാഒ ക്ഷേത്രവുമുണ്ട്. ഇവിടെയാണത്രേ ജമദഗ്നി മഹർഷിയും കുടുംബവും താമസിച്ചിരുന്നത്. ജമദഗ്നി–രേണുക ദമ്പതിമാരുടെ മകനും മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരവുമായ പരശുരാമൻ പിറന്നുവീണത് ഇവിടെയാണ്. കാർത്തവീര്യാർജുനൻ എന്ന രാജാവിനാൽ ജമദഗ്നിയും രേണുകയും കൊല്ലപ്പെടുകയും അതിന്റെ പ്രതികാരമായി ക്ഷത്രിയ വംശത്തെ വധിച്ച പരശുരാമൻ ഭൂമിബ്രാഹ്മണർക്കു ദാനമായി നൽകിയെന്നുമൊക്കെയുള്ള കഥ പുരാണപ്രസിദ്ധമാണ്. പരശുരാമനെ പിന്തുടർന്ന് ഈ പ്രദേശത്തേക്കു വന്നവർ മധ്യഭാഗത്തായി താമസം ഉറപ്പിച്ചെന്നും ആ അർഥത്തിൽ മധ്യത്തിന്റെ ആദ്യാക്ഷരം ‘മ’യും ജൻപാഒയുടെ അന്ത്യാക്ഷരം ‘ഒ’യും ചേർന്നാണ് ‘മാഒ’ എന്ന സ്ഥലപ്പേരു വന്നതെന്ന് ഇവിടത്തുകാർ വിശ്വസിക്കുന്നു.

ചോരാൽ ഡാം

മാഒയുടെ പ്രധാന ആകർഷണം ചോരാൽ അണക്കെട്ടാണ്. നർമദയുടെ പോഷകനദിയായ ചോരാലിയിലാണ് ഈ അണക്കെട്ട് നിർമിച്ചിരിക്കുന്നത്. മാഒ നഗരത്തിൽനിന്ന് ഉദ്ദേശം 17 കിലോ മീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ചോരാൽ ഡാമിലേക്കു നമ്മെ സ്വാഗതം ചെയ്യുന്നത് മധ്യപ്രദേശ് സർക്കാർ വക ചോരാൽ‍ റിസോർടാണ്.പുലർച്ചെ ചോരാൽ റിസോർടിൽനിന്ന് പോഹയും കട്‌ലറ്റും കഴിച്ച് വിശപ്പടക്കിയ ശേഷമാണ് ഡാം കാണാൻ നീങ്ങിയത്. പോഹ എന്നത് അവലും മിക്സചറും ചേർത്തു പാകംചെയ്ത, ഉപ്പുമാവു പോലൊരു വിഭവമാണ്. റിസോർട്ടിൽ നിന്നു പടവുകളിറങ്ങി താഴേക്കു നടക്കുമ്പോൾ കയറിൽ ടയർ കെട്ടി ഉറപ്പിച്ച ഇരിപ്പിടങ്ങളോടു കൂടിയ ഊഞ്ഞാലും കയറിൽ പിടിച്ചു മുകളിലേക്കു കയറിപ്പോകുന്ന തരത്തിലുള്ള വിനോദങ്ങളുമുള്ള പാർക്ക് കാണാം. അവിടെ നിൽക്കുമ്പോൾ തന്നെ ഡാമിന്റെ ജലസംഭരണി കാണാം. താരതമ്യേന ചെറിയൊരു ഡാം ആണ് ചോരാൽ.

ജലസംഭരണിയിൽ ബോട്ടിങ് സൗകര്യം ഉണ്ട്. സ്പീഡ് ബോട്ടിൽ ഒരു യാത്രയാകാം എന്നു കരുതി. ലൈഫ് ജാക്കറ്റൊക്കെ ധരിച്ച് തയാറായി. പല സ്ഥലത്തും സ്പീഡ് ബോട്ട് യാത്ര നടത്തിയിട്ടുണ്ട് മുൻപ്, എന്നാൽ ഇവിടത്തെ സ്പീഡ് ഒന്നു വേറെ തന്നെ. സഞ്ചാരികളെ ആവേശത്തിന്റെയും ആനന്ദത്തിന്റെയും ഉച്ചസ്ഥായിയിൽ എത്തിക്കുന്ന ബോട്ട് ഡ്രൈവ്.... ഒപ്പം പ്രകൃതിഭംഗി നിറഞ്ഞ മനോഹരമായ പരിസര കാഴ്ചകൾ കൂടിയായപ്പോൾ വേറിട്ടൊരു അനുഭവമായി ചോരാലിലെ ബോട്ടിങ്. ബോട്ടിങ് ടിക്കറ്റനായി മുടക്കിയ 50 രൂപ നഷ്ടമാവില്ല, ഉറപ്പ്. സ്പീഡ് ബോട്ടിന്റെ അപ്രതീക്ഷിതമായ വട്ടം ചുറ്റലും ദിശമാറ്റവും ഒക്കെ വളരെ മനോഹരമാണ്.

indore-trip2

ജലസംഭരണിക്കു മുകളിലുള്ള പാലം ഒരു വ്യൂ പോയിന്റാണ്. ജലാശയത്തിന് അതിരിട്ടെന്നോണം നിൽക്കുന്ന മലനിരകളും വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന പാതകളും ഒക്കെ ഒരു കാൻവാസിൽ വരച്ചിട്ട ചിത്രമെന്നോണം കാണാം. ആ സമയം ടൂറിസ്‌റ്റുകളുടെ വലിയ തിരക്കുണ്ടായിരുന്നില്ല. ഉള്ളവരിൽതന്നെ അധികം ആൾക്കാരും അന്നാട്ടുകാർ ആണ്. ഒരുപക്ഷേ, ടൂറിസം മാപ്പുകളിൽ ശ്രദ്ധ കിട്ടാത്ത പ്രകൃതി സുന്ദരമായ ഒരിടമായിരിക്കാം മാഒ.

അഹല്യഭായി സൃഷ്ടിച്ച സാരി

മഹേശ്വരി സാരിയാണ് മാഒയിലെത്തുന്ന സ‍ഞ്ചാരികളുടെ മറ്റൊരു ആകർഷണം. കാഞ്ചീപുരം പട്ടുപോലെ, മൈസൂർ സിൽക്കുപോലെ, ബംഗാൾ കോട്ടൺ സാരി പോലെ മധ്യപ്രദേശിലെ മഹേശ്വർ എന്ന സ്ഥലത്തു രൂപംകൊണ്ട സാരിയാണ് മഹേശ്വരി സാരി. 18–ാം നൂറ്റാണ്ടിൽ മാൾവാ ഭരണാധികാരിയായിരുന്ന ഹോൾക്കർ രാജവംശത്തിലെ റാണി അഹല്യഭായി ഹോൾക്കറാണ് വിശേഷപ്പെട്ട ഇനം സാരിയുടെ ഉദ്ഭവത്തിനു വഴിതെളിച്ചത്. ഇൻഡോർ എന്ന കുഗ്രാമത്തെ ഒരു നഗരമാക്കി വളർത്തിയ അഹല്യാഭായിയുടെ നർമദാനദീതീരത്തെ മഹേശ്വർ എന്ന സ്ഥലമായിരുന്നു.

രാജകൊട്ടാരത്തിലേക്ക് 9 അടി നീളത്തിൽ വിശേഷപ്പെട്ട ഇനം സാരി തയാറാക്കി നൽകാൻ നെയ്ത്തുകാരോട് ആവശ്യപ്പെട്ട റാണി ആദ്യ സാരിയുടെ ഡിസൈനും രൂപകൽപന ചെയ്തു നൽകിയത്രേ. നെയ്ത്തു രീതിയിലെ വ്യത്യാസമാണ് മാഹേശ്വരി സാരിയുടെ തനിമ. ആദ്യകാലങ്ങളിൽ മേൽത്തരം പട്ടുനൂലുകൊണ്ടു മാത്രം നിർമിച്ചിരുന്ന സാരി ഇപ്പോൾ കോട്ടണും പട്ടും ചേർന്നതാണ്. പൊതുവെ പ്ലെയിൻ ബോഡിയും അറ്റത്തു ചെറിയ കരകളുമാണ് മഹേശ്വരി സാരിക്ക്. മാഒയിലും പരിസരപ്രദേശങ്ങളിലും എല്ലാ ടെക്സ്‍റ്റൈൽസ് കടകളിലും പഴമയും പ്രൗഢിയും ഒത്തിണങ്ങിയ മഹേശ്വരി സാരി കാണാം.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA