ADVERTISEMENT

കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കേരളം നിര്‍ത്തിവച്ച ജലവിമാനപദ്ധതി ഗുജറാത്തില്‍ ചിറകു വിരിച്ചു പറക്കാന്‍ ഒരുങ്ങുകയാണ്. ഉഡാന്‍ പദ്ധതി പ്രകാരം 16 റൂട്ടുകളില്‍ സീപ്ലെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. എന്നാല്‍ ഈ ലിസ്റ്റില്‍ നിലവില്‍ കേരളം ഇല്ല. ആദ്യഘട്ടമായി ഗുജറാത്തില്‍ പദ്ധതി ആരംഭിക്കും. സീപ്ലയിൻ പദ്ധതി ഇന്ത്യൻ ടൂറിസത്തിന് പുതിയ മാനദണ്ഡം നൽകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഗുജറാത്തിലെ സബർമതി, സർദാർ സരോവർ (സ്റ്റാച്യു ഓഫ് യൂണിറ്റി) റൂട്ടുകളിൽ ജലവിമാനങ്ങള്‍ പ്രവർത്തനക്ഷമമാക്കാൻ 2020 ഒക്ടോബര്‍ വരെയാണ് ഷിപ്പിംഗ് മന്ത്രാലയം സമയപരിധി നിശ്ചയിച്ചിട്ടുള്ളത്. വരുന്ന ദസറയ്ക്ക് മുന്നേ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ചൊവ്വാഴ്ച ജലവിമാനപദ്ധതി അവലോകനം ചെയ്യുന്നതിനിടെ ഷിപ്പിംഗ് മന്ത്രി മൻസുഖ് മണ്ടാവിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പറഞ്ഞു. 

യാത്രാ സമയം വളരെയധികം ലാഭിക്കാം എന്നതിനാല്‍ ദില്ലി-ബദരീനാഥ് പാതയിലൂടെ ജലവിമാനങ്ങള്‍ പറത്തുന്ന പദ്ധതി ടൂർ ഓപ്പറേറ്റർമാരുമായി കൂടിയാലോചിച്ചിരുന്നു. എന്നാല്‍ അളകനന്ദ നദിയുടെ ശക്തമായ ഒഴുക്ക് കണക്കിലെടുക്കുമ്പോൾ ഇത് സാങ്കേതികമായി ലാഭകരമല്ല എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്പൈസ്ജെറ്റ് അടക്കമുള്ള വിമാനക്കമ്പനികള്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. 

എന്താണ് ജലവിമാനം അഥവാ സീപ്ലെയ്ന്‍?

ജലാശയങ്ങളില്‍ത്തന്നെ പറന്നുയരാനും ഇറങ്ങാനുമൊക്കെ സാധിക്കുന്ന വിമാനങ്ങളാണ് സമുദ്രവിമാനം, ജലവിമാനം, സീപ്ലെയ്ന്‍സ്, ഹൈഡ്രോപ്ലൈൻസ് എന്നൊക്കെ വിളിക്കുന്ന ഈ പ്രത്യേകതരം വിമാനങ്ങള്‍. സാധാരണ വിമാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വെള്ളത്തിനു മുകളിലൂടെയാണ് ഇതിന്‍റെ റണ്‍വേ. ഒരു തവണ ഇന്ധനം നിറച്ചാല്‍ ഇവയ്ക്ക് നാന്നൂറ് കിലോമീറ്റർ വരെ പറക്കാനാകും. ഫ്ളോട്ട് പ്ലെയിനുകൾ, ഫ്ലൈയിംഗ് ബോട്ട്സ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള ജലവിമാനങ്ങളാണ് ഉള്ളത്.

കേരളത്തില്‍ എന്തുകൊണ്ട് പദ്ധതി നടന്നില്ല?

പ്രകൃതിസുന്ദരമായ കേരളത്തില്‍ പലവിധ എതിര്‍പ്പുകളെത്തുടര്‍ന്ന് സീപ്ലെയ്ന്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ടൂറിസം വികസനത്തിന്റെ ഭാഗമായി അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, കൊച്ചി, ബേക്കൽ എന്നിവിടങ്ങളിൽ വാട്ടർഡ്രോമുകൾ(ജലവിമാനത്താവളങ്ങള്‍) നിര്‍മ്മിക്കാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റും എതിർപ്പിനെത്തുടർന്ന് പദ്ധതി പാതിവഴിയില്‍ നിന്നുപോവുകയായിരുന്നു. 

കേരളത്തില്‍ പദ്ധതി മുടങ്ങിപ്പോയതിനു നിരവധി കാരണങ്ങള്‍ ഉണ്ട്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ടു വച്ച വാദങ്ങള്‍ താഴെപ്പറയുന്നവയായിരുന്നു

∙ വേമ്പനാട്ടുകായല്‍ പോലെ പരിസ്ഥിതി നിയമപ്രകാരം അതീവ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കപ്പെടുന്ന സ്ഥലങ്ങള്‍ പദ്ധതിക്കു കീഴില്‍ വരുന്നു. ഇത് പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കും. 

∙ ജലാശയങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിച്ച് വിമാനം ഇറക്കുന്നത് മത്സ്യബന്ധനമേഖലയെ അതിഗുരുതരമായി ബാധിക്കും. ജലവിമാനത്താവളത്തിന് ചുറ്റും നിശ്ചിത പ്രദേശം സംരക്ഷിതപ്രദേശമായിരിക്കുമെന്നതിനാല്‍ അവിടെ മറ്റു ജലയാനങ്ങള്‍, മീന്‍പിടുത്തം, വലകള്‍ എന്നിവയ്ക്ക് അനുവാദമുണ്ടാവില്ല. 

∙ കേരളത്തിന്‍റെ ടൂറിസം മേഖലയുടെ പ്രധാനപ്പെട്ട ഭാഗമായ കായല്‍ ടൂറിസത്തെയും ഇത് ദോഷകരമായി ബാധിക്കും. ജലവിമാനങ്ങള്‍ മൂലം സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായ ഹൗസ്‌ബോട്ടുകളുടെ സഞ്ചാരം തടസ്സപ്പെടാനും കായല്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനുമിടയുണ്ട്.

∙ 9 സീറ്റുള്ള രണ്ടു വിമാനങ്ങളില്‍ വേണ്ടത്ര യാത്രികര്‍ ഉണ്ടാവില്ല എന്ന വിമാന കമ്പനികളുടെ ആശങ്ക ദൂരീകരിക്കാനായി ഓരോ യാത്രയിലും നാലു സീറ്റുകള്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കുമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ഓരോ യാത്രയിലും നാലു സീറ്റുകളുടെ പണം നല്‍കുകയോ വകുപ്പ് മേധാവികള്‍ക്കും മറ്റും ജലവിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള അനുവാദം നല്‍കുകയോ ചെയ്യും. സ്വകാര്യകമ്പനികള്‍ക്ക് കേരള ഖജനാവിലെ പണം ചോര്‍ത്തിക്കൊടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് എന്നായിരുന്നു ആരോപണം . ഇതു കൂടാതെ വിമാന ഇന്ധനത്തിന് നല്‍കുന്ന നികുതിയിളവും കൂടി കണക്കിലെടുക്കുമ്പോള്‍ പദ്ധതി നഷ്ടമാവാനാണ് സാധ്യതെന്നും ഇവർ പറയുന്നു.

ചുമതല ഇവര്‍ക്ക് 

ഉള്‍നാടന്‍ പാതകളില്‍ ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ‌ഡബ്ല്യുഎഐ)യായിരിക്കും പദ്ധതി കൈകാര്യം ചെയ്യുന്നത്. തീരപ്രദേശങ്ങളിൽ സാഗർമാല ഡെവലപ്‌മെന്റ് കമ്പനി(എസ്ഡിസിഎൽ)ക്കായിരിക്കും ചുമതല. ഷിപ്പിംഗ്, ടൂറിസം മന്ത്രാലയങ്ങൾ, സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസി‌എ എന്നിവയുമായി ഏകോപിപ്പിച്ചു കൊണ്ടായിരിക്കും ഇരു കമ്പനികളുടെയും പ്രവര്‍ത്തനം. സബർമതി, സർദാർ സരോവർ (സ്റ്റാച്യു ഓഫ് യൂണിറ്റി) റൂട്ടിന്റെ ഹൈഡ്രോഗ്രാഫിക് സർവേ റിപ്പോർട്ട് അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്ന് ഐ‌ഡബ്ല്യുഎഐ മന്ത്രാലയത്തെ അറിയിച്ചു. പദ്ധതിയുടെ അന്തിമ റിപ്പോര്‍ട്ട് സെപ്റ്റംബറോടെ തയ്യാറാകും.

ഗുജറാത്തില്‍ പദ്ധതി രണ്ടിടങ്ങളില്‍ 

റോഡ്‌, റെയില്‍ ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ അഹമ്മദാബാദില്‍ നിന്നും സര്‍ദാര്‍ സരോവര്‍ ഡാമിനടുത്തുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് അഞ്ചു മണിക്കൂര്‍ സമയം കുറഞ്ഞത് എടുക്കും. സീപ്ലെയ്ന്‍ ആണെങ്കില്‍ ഇത് ഒരു മണിക്കൂര്‍ ആയി ചുരുങ്ങും. 

ഭാവ് നഗർ ജില്ലയിലെ പലിതാനയിലെ ഷെത്രുഞ്ചി നദിയിലാണ് ഗുജറാത്തിലെ രണ്ടാമത്തെ സീപ്ലെയ്ന്‍ പാത തുറക്കുക. ജൈനസമൂഹത്തിന്‍റെ ഏറ്റവും വലിയ മത കേന്ദ്രമാണ് പലിതാന.

യാത്രാച്ചിലവും സമയലാഭവും

ഗുജറാത്തിലെ രണ്ട് റൂട്ടുകളുടെയും നിരക്ക് ഏകദേശം 5,000 രൂപയായിരിക്കുമെന്നുമെന്നാണ് കണക്കുകൂട്ടുന്നത്. പ്രതിദിനം നാലോ അഞ്ചോ സര്‍വീസുകള്‍ നടത്തും. സ്വകാര്യ വിമാനക്കമ്പനികളുമായി ചർച്ചകള്‍ നടന്നു വരികയാണ്. ലക്ഷ്യസ്ഥാനങ്ങളില്‍ നിന്നും തിരിച്ചുള്ള യാത്രാസൗകര്യങ്ങളും ഉണ്ടാകും എന്നതിനാല്‍ ഒരു ദിവസം കൊണ്ടുതന്നെ യാത്ര പൂര്‍ത്തിയാക്കി മടങ്ങാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com