ഉത്തര ബംഗാളിന്റെ അറിയപ്പെടാത്ത രത്നങ്ങൾ തേടിയൊരു യാത്ര

west-bengal
SHARE

ഡാർജിലിങ്ങിനെക്കുറിച്ചും കലിംപോങ്ങിനെക്കുറിച്ചും എല്ലാവർക്കും അറിയാം. എന്നാൽ ഈ സ്ഥലങ്ങളേക്കാൾ ഏറെ സുന്ദരവും അതിഗംഭീരവുമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങൾ കൂടിയുണ്ട് ഉത്തര ബംഗാളിൽ. 

ലാവ ഗ്രാമം

കലിംപോങ്ങിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള കന്യാപൈൻവനങ്ങളിൽ സ്ഥിതി ചെയ്യുന്നതാണ് ലാവ. ബംഗാളിൽ മഞ്ഞുവീഴ്ച ലഭിക്കുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ്. മൊണാസ്ട്രികൾ, വെള്ളച്ചാട്ടങ്ങൾ, കാഞ്ചൻജംഗയുടെ വിസ്മയകരമായ കാഴ്ചകൾ, കനോപ്പിഡ് തൂക്കുപാലങ്ങൾ, കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന റോഡോഡെൻഡ്രോണുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര വിസ്മയങ്ങൾ ഈ കൊച്ചു ഗ്രാമത്തിലുണ്ട്.  

ലാവ മൊണാസ്ട്രി എന്നറിയപ്പെടുന്ന കഗ്യു തെക് ചെൻ ലിംഗ് മൊണാസ്ട്രിയാണ് ഏറ്റവും മികച്ച ആകർഷണം. മഠത്തിന്റെ മനംമയക്കുന്ന ചുവന്ന കെട്ടിടങ്ങൾ നിയോറ വാലി വനത്തിന്റെ അരികിലുള്ള മൂടൽമഞ്ഞിൽ പൊതിഞ്ഞിരിക്കുന്നു. എല്ലായിടത്തും മോഹിപ്പിക്കുന്ന കാഴ്ചകളുള്ള ഇത് സമാധാനത്തിന്റെ വാസസ്ഥലവും സമാനതകളില്ലാത്ത ശാന്തത തേടുന്ന ഏതൊരാളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലവുമാണ്.

Kolakham

നിയോറ വാലി നാഷനൽ പാർക്ക്

1986 ൽ സ്ഥാപിതമായ നിയോറ വാലി ദേശീയ ഉദ്യാനം സമ്പന്നമായ ജീവശാസ്ത്ര മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്നു. പക്ഷിമൃഗാദികളുടെ പറുദീസയായി കണക്കാക്കപ്പെടുന്ന ഇവിടെ നിരവധി സസ്യ, ജന്തുജാലങ്ങളുണ്ട്. വംശനാശഭീഷണി നേരിടുന്ന ചുവന്ന പാണ്ടയുടെ ആവാസ കേന്ദ്രമായ ദേശീയ ഉദ്യാനത്തിൽ ഇന്ത്യൻ പുള്ളിപ്പുലി, ഏഷ്യാറ്റിക് കറുത്ത കരടി, പറക്കുന്ന ഹിമാലയൻ അണ്ണാൻ തുടങ്ങി നിരവധി സസ്തനികളുണ്ട്. വംശനാശ ഭീഷണി നേരിടുന്ന അനേകം പക്ഷികളുടെ സങ്കേതം കൂടിയായ ഈ നാഷനൽ പാർക്ക് പക്ഷികളുടെ പറുദീസ എന്ന പേരിലും അറിയപ്പെടുന്നു.

ലോലെഗാൺ

ലാവയിൽനിന്ന് ഒരു മണിക്കൂർ നീണ്ട യാത്ര നിങ്ങളെ ലൊലെഗാണിലെ ലെപ്ച ഗ്രാമത്തിലേക്ക് കൊണ്ടു പോകും. ലാവയിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് ഇത്. ലാവയിൽനിന്ന് ലോലിഗാവിലേക്കുള്ള യാത്ര, വനപാതകളിലൂടെയാണ്. ലോലിഗാവോണിലും പരിസരത്തും നിരവധി ചെറിയ ട്രെക്കിങ് വഴികളും നടപ്പാതകളും ഉണ്ട്. അതിൽ ഏറ്റവും പ്രസിദ്ധമായത് മേലാപ്പ് നടത്തമാണ്. മേലാപ്പ് നടത്തം എന്നത് കാട്ടിനുള്ളിൽ വലിയ മരങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന തൂക്കുപാലങ്ങളിലൂടെയുള്ള നടത്തമാണ്. 

കൊളഖം

നിയോറ വാലി ദേശീയ ഉദ്യാനത്തിന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന കൊളഖം, കാഞ്ചൻജംഗ പർവതത്തിന്റെ അതിശയകരമായ കാഴ്ചകൾ സഞ്ചാരികൾക്ക് നൽകുന്നു. ലാവയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള കൊളഖത്തിന് അതിന്റേതായ ഒരു ഭംഗിയും കാഴ്ച സമ്പത്തുമുണ്ട്. പർവതനിരകളുടെയും താഴ്‌വരകളുടേയും മനോഹരമായ കാഴ്ചകൾ  ഈ കുഞ്ഞു ഗ്രാമത്തിന്റെ സവിശേഷതയാണ്. കൊളഖാമിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ചേഞ്ചി വെള്ളച്ചാട്ടവും മനം കവരുന്നത് തന്നെ.

റിഷപ്പ്

കലിംപോങ്ങിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് റിഷപ്പ്. ഇവിടുത്തെ നിശബ്‌ദ പൈൻ വനങ്ങളിലൂടെ നിങ്ങൾക്ക് ഒരു മലകയറ്റം തിരഞ്ഞെടുക്കാം. വിനോദ സഞ്ചാരികൾക്കിടയിൽ പ്രിയങ്കരമായ റിഷപ്പിലെ ടിഫിന്ദാര, കാഞ്ചൻ‌ജംഗ ശ്രേണിയിലെ മനോഹരമായ കാഴ്ചകൾ‌ക്ക് പേരുകേട്ടതാണ്. സിക്കിമിലെ നീല പർവതങ്ങളുടെ അവിശ്വസനീയമായ കാഴ്ചകളും ഈ ചെറിയ ഗ്രാമം നൽകുന്നു.

റിമ്പിക് 

രമ്മൻ നദിക്ക് അരികിലായി  കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന റിംബിക് സിംഗാലില നാഷനൽ പാർക്ക് മേഖലയിലെ ഒരു ചെറിയ പട്ടണമാണ്. സിംഗാലില നാഷനൽ പാർക്കിലേക്കും സന്ദക്ഫുവിലേക്കും നീളുന്ന ട്രെക്കിങ് പാതകളുടെ കേന്ദ്രമായിട്ടാണ് ഇത് അറിയപ്പെടുന്നത്. അതിർത്തിയിലെ ബംഗാൾ ഭാഗത്തെ അവസാനത്തെ പ്രധാന ഗ്രാമങ്ങളിലൊന്നാണ് റിമ്പിക്. അൽപം സാഹസികത ആഗ്രഹിക്കുന്നവർക്ക് കിഴക്കൻ ഇന്ത്യയിലെ കൂടുതൽ ഹാർഡ്‌കോർ റൂട്ടുകളിലൊന്നായ സന്ദക്ഫുവിലേക്കും മറ്റും ഇവിടെനിന്ന് ട്രെക്കിങ്ങിനു പോകാം. അല്ലെങ്കിൽ റിംബിക്കിൽ നിന്ന് ലോഡോമ, ജെപി, ബിജാൻബാരി വഴി ഡാർജിലിങ്ങിലേക്കും ട്രെക്കിങ് നടത്താം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA