ADVERTISEMENT

ലോക്ഡൗണ്‍ കാലത്തിനു ശേഷം ടൂറിസം പതിയെ പുനരാരംഭിക്കുകയാണ് ഗോവയില്‍. എന്നാല്‍ പണ്ടത്തെപ്പോലെ തോന്നുമ്പോഴെല്ലാം ബാഗുമെടുത്ത് പോയി വരാവുന്ന ആ ഗോവയല്ല ഇപ്പോള്‍! ആഡംബര ടൂറിസമാണ് സംസ്ഥാനം ഈ രണ്ടാംവരവില്‍ ഉന്നം വയ്ക്കുന്നത്.

ഒരു ഗോവ യാത്രയ്ക്ക് ലക്ഷങ്ങള്‍ മുടക്കാന്‍ തയാറാണെങ്കില്‍ സ്വകാര്യ ജെറ്റ് വിമാനങ്ങളില്‍ ഇവിടെയെത്താം. കഴിഞ്ഞ പത്തു ദിവസങ്ങളായി ഒന്‍പതോളം സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ആണ് ഗോവയില്‍ എത്തിയത്. സംസ്ഥാനത്തിനകത്ത് ലക്ഷ്വറി വില്ലകളോ വീടുകളോ വാടകയ്ക്കെടുത്ത ആഡംബരഭവനങ്ങളോ ഉള്ളവരുടെയെല്ലാം ടോപ്‌ ഡെസ്റ്റിനേഷന്‍ ആയി മാറുകയാണ് ഗോവ ഇപ്പോള്‍. 

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച പ്രദേശങ്ങളായ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ ഇവിടെയെത്തുന്നവരില്‍ കൂടുതലും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈയിടെ, എൽ കെ അദ്വാനിയുടെ മകന്‍റെ കുടുംബം, മെട്രോപോളിസ് ഹെൽത്ത് കെയർ എന്ന ഡയഗ്നോസ്റ്റിക്സ് ശൃംഖലയുടെ ഉടമസ്ഥതയുള്ള ഷാ കുടുംബം എന്നിങ്ങനെയുള്ളവരെല്ലാം സംസ്ഥാനത്തെത്തിയവരില്‍ പെടുന്നു. ഗൾഫ്സ്ട്രീം -200 മുതൽ ബോംബാർഡിയർ ഗ്ലോബൽ 6000 വരെയുള്ള എല്ലാത്തരം ബിസിനസ് ജെറ്റുകള്‍ക്കും ഗോവ രാജ്യാന്തര വിമാനത്താവളം ആതിഥ്യം വഹിച്ചിരുന്നു. 

അഭ്യര്‍ത്ഥനകളുടെ പ്രവാഹം

ഈയിടെ സ്വകാര്യ വിമാനങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളിൽ 60% വർധനവ് ഉണ്ടായതായി സ്വകാര്യ ജെറ്റ് ഓപ്പറേറ്റർമാർ പറയുന്നു. ഡൽഹി, മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ അഭ്യർത്ഥനകൾ ലഭിക്കുന്നുന്നതെന്ന് ഗോവ എയർപോർട്ട് അധികൃതർ പറഞ്ഞു. ഷെഡ്യൂൾ ചെയ്യാത്ത ഓപ്പറേറ്റർ ചാർട്ടറുകൾക്കായുള്ള അഭ്യർത്ഥനകൾ ദിവസേന ലഭിക്കുന്നുണ്ടെന്നും അവയില്‍ യോഗ്യതയുള്ള അഭ്യർത്ഥനകൾ പരിഗണിക്കുന്നുണ്ടെന്നും ഗോവ എയർപോർട്ട് ഡയറക്ടർ ഗഗൻ മാലിക് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഒഴിവുകാല യാത്രകള്‍ ചെയ്യാനാവാത്ത ഈ പ്രത്യേക സാഹചര്യത്തില്‍ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷന്‍ ഗോവയാണെന്നും അദ്ദേഹം  ഒരു ദേശീയമാധ്യമത്തിനു നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇ പാസ് വേണ്ട

ഇങ്ങനെ എത്തുന്നവര്‍ക്ക് ഗോവ സര്‍ക്കാര്‍ ഇ പാസ് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍, റോഡ് വഴിയോ വിമാനങ്ങളിലോ എത്തുന്ന എല്ലാവരും ഐസി‌എം‌ആർ അംഗീകരിച്ച ലാബ് നൽകിയ കോവിഡ് ഫ്രീ സർട്ടിഫിക്കറ്റ് കാണിക്കുകയോ അല്ലെങ്കിൽ 2,000 രൂപ നല്‍കി ടെസ്റ്റ്‌ നടത്തുകയോ ചെയ്യണം. ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനും സ്വകാര്യത ഉറപ്പു വരുത്താനും ഏറ്റവും മികച്ച വഴിയായാണ് പണക്കാര്‍ സ്വകാര്യ ജെറ്റ് വിമാനങ്ങളെ കാണുന്നത്. 

എത്ര ചെലവാകും?

സ്വകാര്യ ജെറ്റ് യാത്രക്കുള്ള ചിലവ് യാത്രക്കാരുടെ എണ്ണം, വിമാനത്തിന്‍റെ തരം, യാത്രാദൈർഘ്യം, ലാൻഡിംഗ്, എയർപോർട്ട് ചാർജുകൾ, മടക്കയാത്ര എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. എട്ട് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ടർബോപ്രോപ്പ് വിമാനത്തിന് മണിക്കൂറിൽ 70,000 രൂപയാണ് നിരക്ക് ആരംഭിക്കുന്നത്, വലിയ വിമാനങ്ങൾക്കാവട്ടെ, മണിക്കൂറിൽ 6 ലക്ഷം രൂപ വരെ ആകാം. ദില്ലിയിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്ക് കിംഗ് എയർ ബി 200 ട്വിന്‍ ടർബോപ്രോപ്പിന്  10.2 ലക്ഷം രൂപയും ട്വിന്‍ എഞ്ചിൻ ഹോക്കർ ബീച്ച്ക്രാഫ്റ്റ് മിഡ്-സൈസ് ജെറ്റ് വിമാനത്തിലുള്ള 24 ലക്ഷം രൂപയും ആണ് ചിലവു വരുന്നത്. 

രണ്ടുമാസത്തെ കർശനമായ ലോക്ഡൗണിനുശേഷം, മെയ് 26 നാണ് സ്വകാര്യ ജെറ്റുകളും ചാർട്ടർ വിമാനങ്ങളും രാജ്യത്ത് പ്രവർത്തനം പുനരാരംഭിക്കാന്‍ സിവിൽ ഏവിയേഷൻ മന്ത്രാലയം അനുവാദം നല്‍കിയത്. സ്വകാര്യ വിമാനങ്ങള്‍ക്കുള്ള SOP, ഷെഡ്യൂൾഡ് പാസഞ്ചർ ഫ്ലൈറ്റുകളുടെ മാനദണ്ഡങ്ങൾക്ക് സമാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com