ഉടുമ്പുകളെ ഉപയോഗിച്ച് കീഴടക്കിയ സിംഹത്തിന്റെ കോട്ട

Sinhagad-Fort
SHARE

കോട്ട നാം പിടിച്ചെടുത്തു. പക്ഷേ, സിംഹത്തെ നഷ്ടമായി…മറാത്താ സാമ്രാജ്യസ്ഥാപകൻ ശിവജിയുടെ വാക്കുകളാണിത്. കൊന്താന എന്ന ദുർഘടമായ കോട്ട തിരിച്ചുപിടിക്കാനുള്ള ഐതിഹാസിക സർജിക്കൽ സ്ട്രൈക്കിൽ  തന്റെ കളിക്കൂട്ടുകാരൻ കൂടിയായ ജനറൽ താനാജി മലുസാരെ മരണമടഞ്ഞതറിഞ്ഞപ്പോഴാണ് ശിവജി, വിജയത്തിലും  ആ ഖേദപ്രകടനം നടത്തിയത്.  ശേഷം കൊന്താന എന്ന ആ കോട്ട സിംഹഗഢ് എന്നറിയപ്പെട്ടു. ഉടുമ്പുകളെ ഉപയോഗിച്ച് കോട്ട കീഴടക്കപ്പെട്ട സിംഹത്തിന്റെ കോട്ട… 

trip-to-pune5

പുണെ നഗരത്തിൽ നിന്നു സിംഹഗഢ് കോട്ടയിലേക്കു തിരിക്കുമ്പോൾ ലോകം മറ്റൊരു പോർമുഖത്തേക്കു സാവധാനം നടന്നടുത്തുകൊണ്ടിരിക്കുകയായിരുന്നു. കോവിഡ്- ന്റെ സർജിക്കൽ സ്ട്രൈക്ക് തുടങ്ങുന്ന സമയം.  ഇന്ത്യയുടെ കോവിഡ് തലസ്ഥാനമായി പിന്നീടു മാറിയ മഹാരാഷ്ട്രയുടെ ആദ്യ ചരിത്രം  മാറ്റിമറിച്ച സർജിക്കൽ സ്ട്രൈക്ക് നടന്ന കോട്ടയിലേക്കുള്ള യാത്ര

trip-to-pune3

ഉടുമ്പ് കീഴടക്കിയ കോട്ട

ശിവജി കോട്ട കീഴടക്കാൻ നിർദേശം നൽകുമ്പോൾ താനാജിയുടെ കൂടെ വെറും ആയിരം പടയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഒരു ഉടമ്പടിയിലൂടെ കോട്ടയുടെ അധികാരം കാൽകീഴിലാക്കിയ മുഗളൻമാർ 1400 സൈനികരെ അവിടെ വിന്യസിച്ചിട്ടുണ്ടായിരുന്നു.  കയറാൻ ദുർഘടമാണ് ആ സഹ്യാദ്രിയിലുള്ള ആ കുന്ന്. പിന്നെ അതിനുമുകളിലുള്ള കോട്ടയും കീഴടക്കണം. ആകെ രണ്ടു കവാടങ്ങളേ കോട്ടയ്ക്കുള്ളൂ. ഇപ്പോഴുള്ള  വഴിയെത്തുന്നത്  മുന്നിലുള്ളത് പുണെ ദർവാസയിലേക്ക്. പിന്നെ വഴികളില്ലാത്ത കുന്നിൻചരുവിലുള്ള കല്യാൺ ദർവാസയും.  വലിയ ദൗത്യമായിരുന്നു താനാജിയുടെ മുന്നിൽ. 

trip-to-pune

താനാജി അവിടെയാണ് തന്റെ ബുദ്ധി പ്രയോഗിച്ചത്. രാജസ്ഥാനിൽനിന്നു കൊണ്ടുവന്നിരുന്ന ഭീമൻ ഉടുമ്പുകളുടെ മേൽ കയറു കെട്ടി. പിന്നെ താഴെനിന്നു കോട്ടമുകളിലേക്കു  എറിഞ്ഞു പിടിപ്പിച്ചശേഷം തൂങ്ങിക്കയറാൻ മുന്നൂറു പേരെ നിയോഗിച്ചു. ഉടുമ്പ് പിടിവിടുമോ…?  താനാജിയടക്കമുള്ള പട്ടാളക്കാർ ഇങ്ങനെ രഹസ്യമായി മലയും കോട്ടയും കയറി. ഉടുമ്പിനെക്കാൾ പിടിവാശിയുണ്ടായിരുന്നുവത്രേ താനാജിക്ക്. അതുകൊണ്ട് അവർ കയറാൻ ഉപയോഗിച്ച കയർ കുന്നിനു മുകളിൽനിന്നു മുറിച്ചെറിയാൻ നിർദേശം കൊടുത്തിരുന്നു.  തിരികെ കോട്ട കീഴടക്കുക, അല്ലെങ്കിൽ കോട്ടയിൽ മരിച്ചുവീഴുക. ഡൂ ഓർ ഡൈ… നയം. കോട്ടയിൽ ക്ലീനിങ്ങ് ചെയ്യുന്നുണ്ടായിരുന്ന ഒരു യൂണിഫോം ധാരിയാണ് ഇക്കഥ പറഞ്ഞത്. 

trip-to-pune7

മനുഷ്യന്റെ നിശ്ചയദാർഢ്യത്തോളം വരുമോ കോട്ടയുടെ ഉറപ്പ്… പൊരിഞ്ഞ യുദ്ധത്തിൽ കോട്ട ശിവജിക്കു കിട്ടിയെങ്കിലും താനാജി മരിച്ചു.  1670 ൽ ആണ് സിംഹഗഡ് സംഭവം ഉണ്ടാകുന്നത്. മർമപ്രധാനമായ സ്ഥലം കീഴടക്കിയ ശിവജിയുടെ സേന പിന്നീട് മറാത്താസാമ്രാജ്യത്തിനു തുടക്കമിടുന്നത് നാലുവർഷം കഴിഞ്ഞ ശേഷം.  ഇത്രയുമാണു കോട്ടയുടെ ചരിത്രം. 

ഒരു ടാറ്റാ സുമോയാണ്  കോട്ട കയറാൻ  കിട്ടിയ ഉടുമ്പ്.  അമ്പതുരൂപ ഷെയർ കൊടുത്ത് ഒരു സംഘത്തോടൊപ്പം കയറിയിരുന്നു. ഹിന്ദി പാട്ടൊക്കെ വച്ച് തൊങ്ങലുള്ള സ്റ്റിയറിങ് വീലിൽ ഒറ്റക്കൈ മാത്രം വച്ച് അനായാസമായാണ് ചങ്ങാതി സുമോ ഓടിക്കുന്നത്.  പണ്ട് ഇവിടേക്കു യുദ്ധത്തിനെത്തിയത് ഉടുമ്പുകളുടെ പിടിത്തത്തിന്റെ ബലത്തിലാണെന്ന് ആ ഡ്രൈവർക്കറിയുമോ… സാധ്യതയില്ല.  കാരണം ഇന്നിപ്പോൾ ഉടുമ്പിനെപ്പോലെ പിടിച്ചു കയറുവാനുള്ള  ഫോർവീൽ ഡ്രൈവ് മോഡ് ആവശ്യമില്ല സിംഹഗഡിൽ എത്താൻ. ചെറുവഴി കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.  വനംവകുപ്പിന്റേതാണ് റോഡ്. മുകളിലെത്തുമ്പോൾ മാത്രമേ ചെറിയ ചുരമുള്ളൂ… 

trip-to-pune1

മഴക്കാലത്താണു കോട്ട കാണാൻ രസമെന്നു ഡ്രൈവർ പറഞ്ഞു. വരണ്ട സഹ്യാദ്രിക്കുന്നുകളിൽ പച്ചപ്പുനിറയും. ആരുമെത്താ കോട്ടകൊത്തളങ്ങളെ മഞ്ഞു കീഴടക്കും. പുണെ കവാടത്തിൽനിന്നാൽ ഡാമും അങ്ങകലെ പട്ടണങ്ങളും കാണാം. ഉള്ളിലേക്കു നടന്നു കയറുമ്പോൾ ഇടതുവശത്തൊരു കൽഗുഹ. ജൈനരുടേതാണെന്നു നിർമാണരീതി പറയുന്നു. പക്ഷേ, കൃത്യമായ വിവരണം തരാൻ ആളില്ല കോട്ടയിൽ. ചെറു കെട്ടിടങ്ങളും മരത്തണലുകളുമാണ് കോട്ടയ്ക്കുൾവശത്ത്. മുകളിലേക്കു നടന്നു കയറുമ്പോൾ ചില വീടുകൾ കാണാം.

trip-to-pune6

രസകരമായ മറ്റൊരു കാര്യം ചെടികൾക്കിടയിലെ ഭോജനശാലകളാണ്. പടർന്നു കിടക്കുന്ന ചെറുചെടികൾക്കിടയിൽ പായ വിരിച്ചാണ് യാത്രികർ ഇരിക്കുക. തട്ടുകട പോലൊരു താൽക്കാലിക കെട്ടിടത്തിൽനിന്ന് ചപ്പാത്തിയും മറ്റും ഉണ്ടാക്കിത്തരും. പായിലിരുന്നു കഴിക്കാം. 

താനാജിയുടെ അർധകായ പ്രതിമയും മറ്റു ശിൽപ്പങ്ങളും ഒരു ചെറിയ അമ്പലത്തോടടുത്തു കാണാം. സായാഹ്നമാകും മുൻപ് കോട്ടയിൽനിന്നിറങ്ങി. താഴേക്കുള്ള ട്രിപ്പ് ജീപ്പിലൊരു സീറ്റ് തരപ്പെടുത്തി. പിന്നെയും ഒരു മണിക്കൂർ കാത്തുനിന്നിട്ടാണ് പുണെ നഗരത്തിലേക്കുള്ള ബസ് കിട്ടിയത്. തിങ്ങിഞെരുങ്ങിയുള്ള യാത്ര!  പൊതു ഇടങ്ങളിലെ യാത്രയും ബസ് സർവീസുമെല്ലാം കൊറോണയുടെ വ്യാപനത്താൽ തടയപ്പെടുമെന്ന് അന്നോർത്തില്ല.

സർജിക്കൽ സ്ട്രൈക്കിനു ശേഷം വ്യാപിക്കുന്ന രാഷ്ട്രങ്ങൾ കാലങ്ങൾക്കുശേഷം അസ്തമിച്ച ചരിത്രമാണു നാം കേട്ടിട്ടുള്ളത്. കൊറോണയുടെ സർജിക്കൽ സ്ട്രൈക്കും വ്യാപനവും തീർച്ചയായും തടയപ്പെടും. ആ സാമ്രാജ്യവിസ്തൃതിയും ഇടിഞ്ഞുപോകും. 

English Summary : Travel To pune Sinhagad Fort

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA