ADVERTISEMENT

തന്‍റെ യുട്യൂബ് ചാനലില്‍ പുതിയ യാത്രാവിഡിയോയുമായി എത്തിയിരിക്കുകയാണ് അവതാരകയും പാചകവിദഗ്ധയുമായ ലക്ഷ്മി നായര്‍. തമിഴ്നാട്ടിലെ മനോഹരമായ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള യാത്രയും നാവില്‍ കപ്പലോടിക്കുന്ന രുചികളും പാചകക്കുറിപ്പുമൊക്കെയായാണ്‌ ഇക്കുറി ലക്ഷ്മി നായരുടെ വ്ലോഗ്. 

അഗ്രഹാരങ്ങളും സൂര്യകാന്തിത്തോട്ടങ്ങളും നിറഞ്ഞ സുന്ദരപാണ്ഡ്യപുരം. 

പേര് പോലെതന്നെ സുന്ദരമായ പ്രദേശമാണ് സുന്ദരപാണ്ഡ്യപുരം. തെങ്കാശി റൂട്ടിലുള്ള ഈ പ്രദേശത്തെ ഭൂപ്രകൃതി വര്‍ണ്ണിക്കാന്‍ പോലും പറ്റാത്തത്ര മനോഹരമാണ്. പാറകളും തടാകങ്ങളും കൃഷിത്തോട്ടങ്ങളും നെല്‍പാടങ്ങളുമൊക്കെയായി ഏറെ രസകരമാണ് അവിടം എന്ന് ലക്ഷ്മി നായര്‍.

സുന്ദരപാണ്ഡ്യപുരത്തുള്ളതുപോലെ മനോഹരമായ അഗ്രഹാരത്തെരുവുകള്‍ വേറെ എവിടെയും കണ്ടിട്ടില്ല. വീടിനു മുന്നില്‍ കോലം വരയ്ക്കുന്നതും മറ്റും കാണേണ്ട കാഴ്ചയാണ്. അടുത്തടുത്ത ചുവരുകള്‍ പങ്കിടുന്ന വീടുകള്‍. അങ്ങേയറ്റം ശാന്തതയാണ് അവിടെ. അധികം ബഹളമൊന്നുമില്ലാതെ ജീവിക്കുന്ന ആളുകള്‍ ആണ് അവിടെയുള്ളത്. ഒത്തിരി സിനിമകളുടെയും സീരിയലുകളുടെയുമൊക്കെ ലൊക്കേഷന്‍ ആയിരുന്നു ഈ പ്രദേശം. 

 

പൂമുഖത്തേക്ക്‌ കയറുമ്പോള്‍ തന്നെ വീടുകളുടെ പിന്‍വശം കാണാം. അവിടെയാണ് പശുക്കളെ കെട്ടുന്ന തൊഴുത്ത്. വീടിന്‍റെ ഐശ്വര്യമായാണ് അവര്‍ പശുക്കളെ കാണുന്നത്. നല്ല വൃത്തിയും വെടിപ്പുമുള്ള വീടുകള്‍. മേല്‍ക്കൂരയില്‍, എപ്പോഴും സൂര്യപ്രകാശം നേരിട്ട് കിട്ടുന്ന ചതുരാകൃതിയിലുള്ള ദ്വാരങ്ങള്‍ കാണാം. അടുപ്പിച്ചടുപ്പിച്ച് വീടുകള്‍ ഉണ്ടാക്കിയിരിക്കുന്നതിനാല്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് ചാടാന്‍ എളുപ്പമാണ്. അങ്ങനെയുള്ള സംഘട്ടന രംഗങ്ങളും മറ്റും ധാരാളം ഇവിടെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.  'റോജ' സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് ഇവിടെയാണ്‌. ആ ഓര്‍മയ്ക്കായി 'റോജപ്പാറ' എന്നൊരു പാറ തന്നെ അവിടെയുണ്ട്. ഉള്ളിക്കൃഷി നടത്തുന്ന തോട്ടങ്ങള്‍ ഇവിടെ ധാരാളം ഉണ്ട്. പച്ചക്കറികളും വിവിധ തരത്തിലുള്ള പൂക്കളും ഒക്കെ കൃഷി ചെയ്യുന്നുണ്ട്. സൂര്യകാന്തിപ്പാടങ്ങള്‍ ധാരാളം ഉള്ള സ്ഥലമാണിത്. ഓണത്തിനുമുമ്പു ചെന്നാല്‍ പാടം നിറയെ നിറഞ്ഞു നില്‍ക്കുന്ന പൂക്കള്‍ കാണാം. 

മീനച്ചേച്ചിയുടെ വീട്ടിലെ അശോക മധുരം

സുന്ദരപാണ്ഡ്യപുരം സന്ദര്‍ശന വേളയില്‍ മീനാകൃഷ്ണ എന്നൊരു സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ അനുഭവവും ലക്ഷ്മി നായര്‍ വിവരിക്കുന്നു. അഗ്രഹാരത്തെരുവിലെ വീടുകളില്‍ അടുക്കള എന്ന് പറയുന്നത് പൂജാമുറി പോലെയാണ്. പാത്രങ്ങള്‍ ഒക്കെ എപ്പോഴും കഴുകി വൃത്തിയായി വച്ചിരിക്കുന്നത് കാണാം. ഈ യാത്രയില്‍ മീന അക്ക ഉണ്ടാക്കിയ അശോക സ്വീറ്റ്സ് എന്ന കിടുക്കന്‍ ഹല്‍വയുടെ രുചിക്കൂട്ടും ലക്ഷ്മി നായര്‍ പങ്കു വെയ്ക്കുന്നു.

ചെറുപരിപ്പും പഞ്ചസാരയും ചെറിയ അളവില്‍ മാവും ഫുഡ് കളറും ആണ് അശോക സ്വീറ്റ്സിന്‍റെ പ്രധാന ചേരുവകള്‍. ഇതിനായി ഒരു കപ്പ്‌ ചെറുപയര്‍ പരിപ്പ് നിറം മാറാത്ത രീതിയില്‍ ഡ്രൈ റോസ്റ്റ് ചെയ്ത് മൂന്നു കപ്പ്‌ വെള്ളം ഒഴിച്ച് കുക്കറില്‍ വേവിക്കുക. വെന്ത ശേഷം ഇത് മിക്സിയില്‍ അടിച്ചെടുക്കുക. രണ്ടു കപ്പ്‌ നെയ്യും 25-50 ഗ്രാം അളവില്‍ അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി എന്നിവയും കൂടി ഇതിനാവശ്യമാണ്. ഒരു തവയില്‍ കുറച്ചു നെയ്യ് ഒഴിച്ച് അതില്‍ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഫ്രൈ ചെയ്യുക. ഇത് മാറ്റി വച്ച ശേഷം ഈ നെയ്യില്‍ തന്നെ മൈദയും ഗോതമ്പുപൊടിയും രണ്ടു ടേബിള്‍സ്പൂണ്‍ വീതം എടുത്ത് വറുക്കുക.

അത് പാത്രത്തിലേക്ക് മാറ്റിയ ശേഷം കുറച്ചു നെയ്യ് എടുത്ത് ഈ വറുത്ത മാവില്‍ മിക്സ് ചെയ്യുക. ഈ തവയില്‍ വീണ്ടും നെയ്യ് ഒഴിച്ച് അരച്ച് വെച്ച പയര്‍ ഇട്ടു ഇളക്കി രണ്ടു കപ്പു പഞ്ചസാര ഇടാം. ശേഷം നന്നായി ഇളക്കി കൊടുക്കുക. പച്ചചുവ എല്ലാം മാറി ബ്ലെന്‍ഡ് ആകുമ്പോള്‍ നേരത്തെ വറുത്തു വച്ച മാവ് ചേര്‍ക്കുക. കുറുകി വരും വരെ കയ്യെടുക്കാതെ നന്നായി ഇളക്കികൊടുക്കണം. നിറത്തിനായി ഇതിലേക്ക് ഒരല്‍പം ഓറഞ്ചു കളര്‍ ചേര്‍ക്കുക.

രുചിക്കായി ഏലക്കാപ്പൊടി ചേര്‍ക്കുക. ബാക്കിയുള്ള നെയ്യ് കൂടി ഇതിലേക്ക് ഒഴിച്ചു ഇളക്കുക. കുറച്ചു കഴിഞ്ഞാല്‍ ഇത് പാത്രത്തില്‍ നിന്നു വിട്ടു വരും. അപ്പോള്‍ വേറെ ഒരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് വറുത്തു വച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ ചേര്‍ത്ത് അലങ്കരിക്കാം. തണുപ്പിച്ചോ ചൂടോടെയോ ഈ വിഭവം കഴിക്കാം. 

തെങ്കാശിയിലെ വറുത്തെടുത്ത ചില്ലിപൊറോട്ട

തെങ്കാശി ഭാഗത്ത് അരവിന്ദ് റസ്റ്ററന്റിലായിരുന്നു അടുത്തതായി എത്തിയത്. സിനിമയുടെയും മറ്റും ഷൂട്ടിങ്ങിനു വരുന്ന ആളുകള്‍ എത്തുന്ന സ്ഥലമാണ് ഇത്. ചില്ലി പൊറോട്ടയാണ് ഇവിടുത്തെ സ്പെഷല്‍. പൊറോട്ട, മാവില്‍ മുക്കി വറുത്തെടുത്ത് മുറിച്ച് ഗ്രേവിയില്‍ ഇട്ടു വഴറ്റി എടുത്ത ഈ പൊറോട്ട പ്രസിദ്ധമാണ്. 

കാടിനുള്ളിലൂടെ ഒരു മടിക്കേരി യാത്ര

കൂര്‍ഗിലെ മടിക്കേരിയിലേക്ക് യാത്ര ചെയ്ത അവിസ്മരണീയമായ അനുഭവവും ലക്ഷ്മി നായര്‍ പങ്കു വയ്ക്കുന്നു. കാട്ടുപാതകളിലൂടെയും പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെയുമായിരുന്നു ആ യാത്ര. ആകെ കുലുങ്ങിക്കുലുങ്ങി ഏറെ ദുര്‍ഘടം പിടിച്ച യാത്രയായിരുന്നു അത്. വിരാജ്പേട്ട വഴി മടിക്കേരിയില്‍ എത്തിയ ലക്ഷ്മി നായരും സംഘവും അമ്മിയാന്റി എന്ന് വിളിക്കുന്ന ഒരു കൂര്‍ഗ് സ്ത്രീയുടെ സഹായത്തോടെയാണ് അവിടത്തെ സംസ്കാരവും ഭക്ഷണരീതികളുമെല്ലാം മനസ്സിലാക്കിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com