ADVERTISEMENT

സന്തോഷത്തിനും സംസ്കാരത്തിനും ചരിത്രത്തിനും പേരുകേട്ട ഒരു സംസ്ഥാനം ഇന്ത്യയിൽ ഉണ്ട്. സമ്പന്നമായ ചരിത്രമുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകങ്ങൾ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങൾ,  ഏറ്റവും ആവേശകരവും രസകരവുമായ ആചാരങ്ങൾ എന്നിവയുള്ള സംസ്ഥാനം. പഞ്ചാബ്. യാത്ര ചെയ്യാൻ കൊതിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കാൻ സാധിക്കുന്ന സമ്പൂർണ്ണയിടം.

ഇപ്പോൾ ഒരു യാത്ര പോകാൻ നമുക്ക് കഴിയില്ല. എന്നാൽ പഞ്ചാബിനെ കൂടുതൽ അറിഞ്ഞുകൊണ്ട് ആ നാടിന്റെ ഉള്ളകങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം.അതിന് ഏറ്റവും നല്ല മാർഗ്ഗം പഞ്ചാബിന്റെ മികച്ച നഗരങ്ങളെ പരിചയപ്പെടുക എന്നതാണ്. 

അമൃത്‌സർ

ദേശസ്‌നേഹത്തിന്റെയും ആത്മീയതയുടെയും നഗരമായ അമൃത്‌സറിൽ നിന്ന് തുടങ്ങാം. ഗോൾഡൻ ടെമ്പിളിന്റെ ആസ്ഥാനമായ നഗരം, ഓരോ സിഖുകാരന്റെയും അഭിമാനം കുടികൊള്ളുന്ന സ്ഥലം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ ദിവസവും സന്ദർശിക്കുന്ന അമൃത്സറിലെ ഏറ്റവും വിശുദ്ധവും ആഘോഷിക്കപ്പെടുന്നതുമായ സ്ഥലമാണ് ഗോൾഡൻ ടെമ്പിൾ അല്ലെങ്കിൽ ശ്രീ ഹർമന്ദിർ സാഹിബ് ടെമ്പിൾ . സുവർണ്ണക്ഷേത്രത്തിന് സമീപം, നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ഭരവൻഡാ എന്ന ധാബയുണ്ട്. ഗോൾഡൻ ടെമ്പിളിൽ അനുഗ്രഹം വാങ്ങി കഴിഞ്ഞാൽ, ഇവിടെയാണ് നിങ്ങൾ ഒരു പഞ്ചാബി ഭക്ഷണത്തിനായി പോകേണ്ടത്.

Golden-Temple--Amritsar1

ജാലിയൻവാല ബാഗ് പോലെ കണ്ടറിയാൻ മറ്റ് നിരവധി സ്ഥലങ്ങളും അമൃത്സറിലുണ്ട്. ശ്രീ ദുർജിയാന മന്ദിർ, മാർക്കറ്റുകൾ, ഭക്ഷണപ്രിയരുടെ പറുദീസയായ ചില അറിയപ്പെടുന്ന പഞ്ചാബി റെസ്റ്റോറന്റുകൾ. അതോടൊപ്പം ഇന്ത്യയുടെ ചരിത്രം ഉറങ്ങുന്ന വാഗ അതിർത്തിയിൽ എത്തി ദിവസേനയുള്ള സൈനിക പരിശീലന സെഷന് സാക്ഷ്യം വഹിക്കാം. 

ചണ്ഡിഗഡ്

ഇനി നമുക്ക് പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡിഗഡിലേക്ക് പോകാം, അത് 'സിറ്റി ഓഫ് ബ്യൂട്ടിഫുൾ' എന്നും അറിയപ്പെടുന്നു . ആധുനികതയ്ക്കും പുരാതന കാലത്തിനുമിടയിലുള്ള എല്ലാറ്റിന്റെയും സുഗന്ധങ്ങൾ ലഭിക്കുന്ന രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നാണിത്. റോക്ക് ഗാർഡൻ, സുഖ്‌ന തടാകം, സാക്കിർ ഹുസൈൻ റോസ് ഗാർഡൻ, പിഞ്ചൂർ ഗാർഡൻ തുടങ്ങി നിരവധി മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഈ നഗരം പ്രശസ്തമാണ്. ഈ സ്ഥലങ്ങളെല്ലാം നിങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ആസ്വദിക്കാൻ മികച്ചതാണ്. ഇനി ഷോപ്പിംഗിനെക്കുറിച്ച് പറയുകയാണെങ്കിൽ, സെക്ടർ 22 മാർക്കറ്റ് ഡൽഹിയിലെ കരോൾ ബാഗ് വിപണിയെ ഓർമ്മപ്പെടുത്തും,  വസ്ത്ര ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ലോഞ്ചുകൾ, തെരുവ് ഭക്ഷണം എന്നിവയ്ക്ക് പേരുകേട്ടതാണ്. 

Jalandhar

ജലന്ധർ

പട്ടികയിലെ അടുത്ത നഗരം ജലന്ധർ ആണ്, പഞ്ചാബിന്റെ സംസ്കാരത്തെ പൂർണ്ണമായും ഉയർത്തിക്കാട്ടുന്ന നഗരം. നിരവധി ടൂർണമെന്റുകളിൽ പങ്കെടുക്കാൻ കായികതാരങ്ങൾക്ക് പരിശീലനം ലഭിക്കുന്ന നിരവധി വലിയ കായിക സമുച്ചയങ്ങളുണ്ടിവിടെ.തെരുവ് ഷോപ്പിംഗിനും പ്രശസ്തമായ നിരവധി മാർക്കറ്റുകൾ ഇവിടെ ഉണ്ട്. ഇമാം നസീർ മസ്ജിദ്, ദേവി തലാബ് മന്ദിർ, രംഗല പഞ്ചാബ് ഹവേലി, വണ്ടർലാൻഡ് തീം പാർക്ക്, സയൻസ് സിറ്റി, തുളസി മന്ദിർ തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളായ സമ്പന്നമാണ് ജലന്തർ. 

ലുധിയാന

പഞ്ചാബി നാട്ടുകാരുടെ ജീവിതശൈലിയും ഗ്രാമീണ ജീവിതവും കാണണമെങ്കിൽ നിങ്ങൾ പോകേണ്ടത് ഇവിടെയാണ്. പ്രശസ്തമായ നിരവധി സ്മാരകങ്ങളും വന്യജീവികളും മറ്റ് രസകരമായ സ്ഥലങ്ങളും ലുധിയാനയിൽ ഉണ്ട്. അത് നിങ്ങളെ പഞ്ചാബുമായി കൂടുതൽ ബന്ധിപ്പിക്കും. ലോധി ഫോർട്ട്, ഫില്ലോർ ഫോർട്ട്, ഹാർഡീസ് വേൾഡ് എന്ന് വിളിക്കുന്ന അമ്യൂസ്മെന്റ് പാർക്ക്, റൂറൽ ലൈഫ് മ്യൂസിയം എന്നിവ അവയിൽ ചിലത് മാത്രം. രാജ്യത്തെ കമ്പിളി അലങ്കാര വ്യവസായത്തിന്റെ 90 ശതമാനവും ലുധിയാനയാണ്. ഇവിടെ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടക്കുന്നുണ്ട്. ലുധിയാനയുടെ ലസ്സി, ബട്ടർ ചിക്കൻ, സ്ട്രീറ്റ് ഫുഡ് എന്നിവ വളരെ രുചികരവും ലോകപ്രശസ്തവുമാണ്. 

Patiala

പട്യാല

മുഗൾ, രജപുത്, പഞ്ചാബ് ശൈലിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള സ്മാരകങ്ങളുടെ വാസ്തുവിദ്യാ രീതികളാണ് ഇവിടെ നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നത്. വിസ്‌കി, ഫുൾകാരി, പരമ്പരാഗത സൽവാർ സ്യൂട്ടുകൾ, പഗ്ഡി, പറാട്ട എന്നിവയുടെ പ്രശസ്തമാണ് ഇവിടം. പട്യാല ജൂട്ടികളും അതിന്റെ വൈവിധ്യവും ഇന്ത്യയിൽ വളരെ പ്രസിദ്ധമാണ്.

പത്താൻ‌കോട്ട്

പഞ്ചാബിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന നഗരമാണ് പത്താൻ‌കോട്ട്. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയുമായി അതിർത്തി പങ്കിടുന്നതാണ് പത്താൻ‌കോട്ടിന്റെ പ്രത്യേകത. പത്താൻ‌കോട്ട് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്,  ഡൽ‌ഹൗസി, ധർമ്മശാല എന്നിവ കാണാൻ ഈ സമയം ഉപകരിക്കും. പ്രകൃതിദൃശ്യങ്ങൾക്കും പ്രശസ്തമായ നിരവധി കോട്ടകളുടെ ചരിത്രത്തിനും പേരുകേട്ടതാണ് ഈ നഗരം. 

കപൂർത്തല

പഞ്ചാബിന്റെ പാരീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. കപൂർത്തലയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.കപൂർത്തലയിലെ പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഭൂരിഭാഗവും ഫ്രഞ്ച്, ഇന്തോ-സർസെനിക് ശൈലിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അദ്വിതീയമായി രൂപകൽപ്പന ചെയ്ത കോട്ടകളും കൊട്ടാരങ്ങളും നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ, നിങ്ങളുടെ അടുത്ത പഞ്ചാബിലേക്കുള്ള യാത്രയിൽ കപൂർത്തലയിലേക്ക് പോകാൻ മറക്കണ്ട. ജഗത്ജിത് പാലസ്, മൂറിഷ് മോസ്ക്, ഷാലിമാർ ഗാർഡൻസ്, കാഞ്ജലി വെറ്റ് ലാൻഡ്, ഇന്തോ-ഫ്രഞ്ച് രൂപകൽപ്പന ചെയ്ത എലിസി പാലസ് എന്നിവ നഗരത്തിലെ പ്രശസ്തമായ ചില വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

മൊഹാലി

അവസാനം, മൊഹാലിയിലേക്ക് പോകാനുള്ള സമയമായി. നിങ്ങൾ ഒരു ക്രിക്കറ്റ് ആരാധകനാണെങ്കിൽ, മൊഹാലിയിലാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയമുള്ളതെന്നും നിങ്ങൾക്ക് അറിവുണ്ടാകും.മറ്റ് നിരവധി സ്പോർട്സ് സ്റ്റേഡിയങ്ങളും ഉള്ള സ്ഥലമാണ് മൊഹാലി. ഏഷ്യയിലെ ഏറ്റവും വലിയ റോസ് ഗാർഡനും നിങ്ങൾക്ക് ഇവിടെ കാണാം. ഈ ഉദ്യാനത്തിൽ ഏകദേശം 16,000 വ്യത്യസ്ത തരം റോസാപ്പൂക്കളും 17,000 തരം സസ്യങ്ങളുമുണ്ട്. ഇതിനൊപ്പം ഫത്തേപൂർ ബുർജ്, തണ്ടർ സോൺ അമ്യൂസ്മെന്റ് പാർക്ക് എന്നിവയും സന്ദർശിക്കാം. 

English Summary: shopping food and history of punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com