കാപ്പിത്തോട്ടങ്ങളുടെ നാട്ടിൽ നീര്‍ദോശയും ശര്‍ക്കരവെള്ളവും തേടി ലക്ഷ്മി നായരുടെ യാത്ര

lekshmi-nair
SHARE

എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പേ കൂര്‍ഗ് യാത്രയുടെ ഓര്‍മകളും രുചികളും യാത്രാവിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് അവതാരകയായ ലക്ഷ്മി നായര്‍. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി കൂര്‍ഗ് സ്മരണകള്‍ പങ്കു വയ്ക്കുന്നത്. ഒപ്പം അവിടെ കഴിച്ചതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഒരു വിഭവമായ നീര്‍ദോശയുടെയും ശര്‍ക്കരവെള്ളത്തിന്‍റെയും പാചകക്കൂട്ടും ഈ വിഡിയോയിലൂടെ ലക്ഷ്മി നായര്‍ കാണിക്കുന്നുണ്ട്.

കൂര്‍ഗിലെ പുലരി

വയനാട്, കല്‍പ്പറ്റ, കുട്ട റൂട്ടിലൂടെയായിരുന്നു കൂര്‍ഗിലേക്കുള്ള യാത്ര എന്ന് ലക്ഷ്മി നായര്‍ ഓര്‍ക്കുന്നു. ആകെ കുണ്ടും കുഴിയും നിറഞ്ഞ വഴിയായിരുന്നു അത്. യാത്ര ചെയ്ത് കൂര്‍ഗിന്‍റെ ജില്ല തലസ്ഥാനമായ മടിക്കേരിയിലെത്തി. നിരവധി റിസോര്‍ട്ടുകളും മലകളുമെല്ലാമുള്ള മനോഹരമായ നാടാണ്‌ കൂര്‍ഗ്. ക്ഷത്രിയരായ കൂര്‍ഗികള്‍ അങ്ങേയറ്റം ദേശസ്നേഹികളാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കരസേന മേധാവിയായ കെ എം കരിയപ്പയുടെ ജനിച്ചത് ഇവിടെയാണ്‌.

കൂര്‍ഗിലെത്തിയ ശേഷം രാവിലെ ഏഴു മണിക്ക് തന്നെ യാത്ര തുടങ്ങി. സൂര്യോദയം ആസ്വദിക്കാനായി രാജാ സീറ്റ് എന്നൊരു സ്ഥലത്തേക്കാണ് പോയത്. ഇവിടെ ആളുകള്‍ക്ക് ഇരിക്കാന്‍ കുറെ സിമന്‍റ് ബെഞ്ചുകള്‍ കാണാം. പൂക്കളും ചെടികളും ഒക്കെ നിറഞ്ഞ ഇവിടെ നിന്നു നോക്കുമ്പോള്‍ മുഴുവന്‍ കൂര്‍ഗും കാണാം. രാവിലെ വ്യായാമത്തിനും മറ്റുമായി നിരവധി ആളുകള്‍ അവിടെ വരുന്നത് കാണാം. കോടമഞ്ഞും മലകളുമൊക്കെയായി മനോഹരമായിരുന്നു അവിടത്തെ കാഴ്ച.  

അമ്മിയാന്‍റിയുടെ വീട്ടില്‍

മടിക്കേരി ടൗണ്‍ ഏരിയയില്‍ തന്നെയുള്ള അമ്മിയാന്‍റി എന്ന് വിളിക്കപ്പെടുന്ന സ്ത്രീ ആയിരുന്നു ലക്ഷ്മി നായരുടെ കൂര്‍ഗിലെ പ്രധാന ആതിഥേയ. മടിക്കേരി ടൌണ്‍ മുഴുവന്‍ കാണാന്‍ പറ്റുന്ന സ്ഥലത്തായിരുന്നു ആ വീട്. അമ്മിയാന്‍റിയുടെ കോളിക്കറിയും പാപ്പുട്ടും ആയിരുന്നു അന്ന് അവിടെ ഉണ്ടാക്കിയത്. സ്പെഷല്‍ കൂര്‍ഗ് മസാല ഇട്ടിട്ടാണ്‌ അവരുടെ പാചകം. തേങ്ങ നല്ല കട്ടിയില്‍ അരച്ച് ഇടുന്നതാണ് അവരുടെ കറികള്‍ക്ക് ഇത്ര രുചി നല്‍കുന്നതെന്ന് ലക്ഷ്മി നായര്‍. അന്നേ ദിവസം തന്നെ രാജാവിന്‍റെ കാലത്തുള്ള പഴയ കോട്ടയും അതിനടുത്തുള്ള കോട്ടമഹാഗണപതി ക്ഷേത്രവുമെല്ലാം കണ്ടു.

കുടുംബസമ്മേളനത്തിന്‍റെ അനുഭവം

പിറ്റേ ദിവസം വീണ്ടും അമ്മിയാന്റിയുടെ വീട്ടില്‍ എത്തി. അവിടുന്ന് കൂര്‍ഗ് രീതിയില്‍ സാരി ധരിച്ചാണ് രണ്ടാം ദിവസത്തെ യാത്ര നടത്തിയത്. ക്ഷേത്രദര്‍ശനം നടത്തുകയും മറ്റും ചെയ്തു. ലിംഗരാജേന്ദ്ര എന്ന രാജാവ് നിര്‍മ്മിച്ച ഓംകാരേശ്വര ക്ഷേത്രത്തില്‍ എത്തി. നിറയെ മത്സ്യങ്ങള്‍ ഉള്ള അവിടുത്തെ കുളം കണ്ടു. വൃത്തിയുള്ള കൃഷിയിടങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കാപ്പിയാണ് പ്രധാന കൃഷി. കുരുമുളക്, ഓറഞ്ച് സില്‍വര്‍ ഓക്ക് മരങ്ങള്‍ എല്ലാം ഇടയ്ക്കിടെ കാണാം. കൂടാതെ മാവും പ്ലാവും നെല്‍പ്പാടങ്ങളും ഒക്കെ ഉണ്ട്. കൃഷി ഇല്ലാത്ത ഒറ്റ സ്ഥലം പോലും ഇവിടെ കാണാനാവില്ലെന്ന് ലക്ഷ്മി നായര്‍. അന്ന് ഒരു വെജിറ്റേറിയന്‍ വിഭവമാണ് അമ്മിയാന്‍റി ഉണ്ടാക്കിയത്. അക്കിറൊട്ടിയും മത്തങ്ങ കൊണ്ടുണ്ടാക്കിയ കുമ്പളക്കറിയുമായിരുന്നു അത്. 

അതുകഴിഞ്ഞ് അമ്മിയാന്‍റിയുടെ തറവാടു വീട്ടില്‍ പോയ അനുഭവവും ലക്ഷ്മി നായര്‍ പറയുന്നു. ഒക്ക എന്നാണ് അവരുടെ  കുടുംബയൂണിറ്റുകള്‍ അറിയപ്പെടുന്നത്. കുടുംബത്തില്‍ എല്ലാവരും മുതിര്‍ന്ന സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്നു. സാമ്പത്തികമായി കഴിവില്ലാത്ത കുടുംബാംഗങ്ങളെ സഹായിക്കാന്‍ ഫാമിലി ഫണ്ട് പോലെയുള്ള സൗകര്യങ്ങള്‍ അവര്‍ക്കുണ്ട്. മുതിര്‍ന്ന പുരുഷന്‍ ആയിരിക്കും കുടുംബ കാരണവര്‍. ലോകത്ത് എവിടെ പോയാലും സ്വന്തം പാരമ്പര്യം മറക്കാത്തവര്‍ ആണ് കൂര്‍ഗികള്‍.

കാപ്പിയും വൈനും പലതരം

മടിക്കേരി ടൌണ്‍ കേന്ദ്രത്തില്‍ തന്നെ ജനറല്‍ തിമ്മയ്യ പ്രതിമ കാണാം. അതിനു ചുറ്റും ഷോപ്പുകള്‍ ആണ്. തേന്‍, സ്പൈസസ്, കോഫി എന്നിവയെല്ലാം കിട്ടുന്ന കടകള്‍ കാണാം. കോഫിയില്‍ തന്നെ 'അറബിക്ക'യും 'റോബസ്റ്റ'യും 'ചിക്കറി'യും ഒക്കെ വെവ്വേറെ കിട്ടുമെന്ന് ലക്ഷ്മി നായര്‍. കൂടാതെ, പെപ്പര്‍, ചിക്കു, വെറ്റില, റൈസ്, മാതളം, കറിവേപ്പില എന്നിവയുടെ വൈനുകളും ഇവിടെ ധാരാളം കിട്ടും

അക്കി വാട്ടര്‍ഫാള്‍സ് കാണാന്‍ ആയിരുന്നു ലക്ഷ്മി നായരുടെ അടുത്ത യാത്ര. അതിനു ശേഷം നിരനിരയായി കിടക്കുന്ന വെള്ളച്ചാട്ടം കണ്ടു. കാടിന്‍റെ ഉള്ളിലൂടെയുള്ള ആ യാത്ര മനോഹരമായിരുന്നു. അടുത്തതായി മറ്റൊരു ആതിഥേയയായിരുന്ന ഡോക്ടര്‍ വിനീതയുടെ വീട്ടിലെത്തി തംബുട്ടു, കോല്‍പുട്ട് എന്നിങ്ങനെ രണ്ടു വിഭവങ്ങള്‍ ഉണ്ടാക്കിയ അനുഭവവും ലക്ഷ്മി നായര്‍ പറയുന്നു. കൂര്‍ഗികളുടെ കാര്‍ഷിക ഉത്സവമായ പുത്തരിയുടെ സമയത്ത് ഉണ്ടാക്കുന്ന വിഭവങ്ങളാണ് ഇവ രണ്ടും. 

പന്നിക്കറിയും മദ്യവും വിളമ്പുന്ന കൂര്‍ഗ് വിവാഹങ്ങള്‍

കൂര്‍ഗികളുടെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത അനുഭവമാണ് അടുത്തതായി ലക്ഷ്മി നായര്‍ പറയുന്നത്. അപൂര്‍വ്വമായ ചടങ്ങുകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഇവരുടെ വിവാഹങ്ങള്‍. ഒരേ സമയം വധുവിന്‍റെയും വരന്റെയും വീടുകളില്‍ സ്ഥലത്ത് ചടങ്ങുകള്‍ തുടങ്ങുന്നു. യോദ്ധാവിനെപ്പോലെ വേഷം ധരിച്ചാണ് വരന്‍ വിവാഹത്തിനെത്തുക.  പുരോഹിതന്മാര്‍ ഇല്ല. പകരം, രണ്ടുപേരുടെയും അമ്മമാരാണ് കര്‍മ്മികര്‍. മാലയിടുന്ന സമയത്തിന് 'ദമ്പതി മുഹൂര്‍ത്തം' എന്നാണു പറയുന്നത്. മദ്യവും പന്നിക്കറിയും എല്ലാം വിളമ്പുന്ന മികച്ച സദ്യ ആണ് ഇവരുടെ വിവാഹങ്ങളുടെ മറ്റൊരു പ്രത്യേകത.

എളുപ്പത്തില്‍ ഉണ്ടാക്കാന്‍ നീര്‍ദോശയും ശര്‍ക്കരവെള്ളവും

നീര്‍ദോശയും ശര്‍ക്കരവെള്ളവും ആയിരുന്നു അമ്മിയാന്‍റി ഉണ്ടാക്കിയ മറ്റൊരു പ്രധാന വിഭവം. കൂര്‍ഗികളുടെ ഒരു പ്രധാന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇത്. എന്നാല്‍ ആര്‍ക്കും സിമ്പിള്‍ ആയി വീട്ടില്‍ ഉണ്ടാക്കാവുന്ന ഈ വിഭവത്തിന്‍റെ പാചകക്കുറിപ്പും ലക്ഷ്മി നായര്‍ പ്രേക്ഷകര്‍ക്കായി പങ്കു വയ്ക്കുന്നു. 

ഇതിനായി പച്ചരി ഒരുകപ്പ് വെള്ളത്തില്‍ കുതിര്‍ത്തതും അരക്കപ്പ് നന്നായി വെന്ത പച്ചരി ചോറും കൂടി മിക്സ് ചെയ്യുക. ആവശ്യത്തിനു വെള്ളം ഒഴിച്ചു പേസ്റ്റ് പോലെ നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ഒട്ടും തരി പാടില്ല. കുറച്ചു കൂടി വെള്ളം ഒഴിച്ചു പാലിന്‍റെ കട്ടിയില്‍ ലൂസ് ആക്കി അരിപ്പയില്‍ അരിച്ചെടുക്കുക. ഇതില്‍ ഉപ്പു മാത്രം ചേര്‍ക്കുക. പാനില്‍ എണ്ണ തടവി ഒരു തവി നിറച്ചു ഒഴിച്ച് ചുറ്റിക്കുക. എന്നിട്ട് വിട്ടു വരുന്ന പരുവത്തില്‍ നാലായി മടക്കുക. ഇങ്ങനെയാണ് ദോശ ഉണ്ടാക്കുന്നത്. 

ശര്‍ക്കരവെള്ളം ഉണ്ടാക്കാന്‍ ഒരു ഗ്ലാസ് പാല്‍, കാല്‍ കപ്പ്‌ ശര്‍ക്കര ചേര്‍ത്ത് നന്നായി ഇളക്കുക. അര കപ്പ്‌ തേങ്ങ നന്നായി അരച്ചത് ഇതില്‍ മിക്സ് ചെയ്യുക. ഇത്തിരി ഉപ്പും വേണമെങ്കില്‍ അല്‍പ്പം ഏലക്ക പൊടിയും ചേര്‍ക്കാം. അഞ്ചു മിനിറ്റ് വേവിക്കുക. ഇങ്ങനെ ആണ് ശര്‍ക്കര വെള്ളം എന്ന് പറയുന്നത്. ഇത് കോഴിക്കറിയുടെ കൂടെ കഴിക്കാനും നല്ലതാണ്.മുളയുടെ കൂമ്പ് ഉപയോഗിച്ചു ഉണ്ടാക്കുന്ന കുമ്പളക്കറിയും മറക്കാനാവാത്ത ഒരു വിഭവം ആയിരുന്നുവെന്ന് ലക്ഷ്മി നായര്‍. 

കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലക്കാവേരിയിലേക്കും പോയിരുന്നു. കാവേരി അമ്മ കൂര്‍ഗരുടെ പ്രധാന ദൈവമാണ്. പോകുന്ന വഴിക്ക് നല്ല ഉഗ്രന്‍ തേന്‍ വില്‍ക്കാന്‍ വെച്ചത് കാണാമായിരുന്നു. തനിക്ക് ഏറെ സംതൃപ്തി നല്‍കിയ ഒരു യാത്രയിരുന്നു കൂര്‍ഗിലേതെന്ന് ലക്ഷ്മി നായര്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA