ADVERTISEMENT

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ വളരെ പ്രശസ്തമായ ഒരു തടാകമാണ് ലോണാര്‍ തടാകം. ഏതാണ്ട് 52000 വർഷങ്ങൾക്കു മുന്‍പ് ഒരു കൂറ്റന്‍ ഉല്‍ക്ക പതിച്ചുണ്ടായ ഗര്‍ത്തത്തില്‍ രൂപം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ തടാകത്തില്‍ നിറയെ ഉപ്പുവെള്ളമാണ്. കൃഷ്ണശിലയാല്‍ നിര്‍മ്മിതമായതും ഉപ്പുരസമുള്ള വെള്ളം നിറഞ്ഞതുമായ ലോകത്തിലെ ഒരേയൊരു തടാകം എന്നൊരു റെക്കോഡ് കൂടി  ലോണാര്‍ തടാകത്തിനുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ തടാകം ലോകശ്രദ്ധയാകര്‍ഷിക്കുന്നത് മനോഹരമായ പിങ്കിലേക്കുള്ള അതിന്‍റെ നിറം മാറ്റം മൂലമാണ്. 

ലോണാര്‍ തടാകം വിനോദ സഞ്ചാരികളുടെ പ്രിയയിടം

ചുറ്റും കാടു നിറഞ്ഞ ലോണാര്‍ തടാകം ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. മൂങ്ങ, താറാവ്, മയിൽ തുടങ്ങി നിരവധി സസ്യജാലങ്ങള്‍ ഈ പരിസരത്ത് കാണാം. മനോഹരമായ തടാകത്തിനരികില്‍ അസ്തമയം കാണാനായി മാത്രം നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നു. മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന കമൽജ മാതാ ക്ഷേത്രവും ലോണാര്‍ സരോവരവുമാണ് ഇവിടത്തെ മറ്റു ആകര്‍ഷണങ്ങള്‍.

ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം

ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം അനുസരിച്ച് ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന 'ഹാലോഅർക്കിയ' എന്ന സൂക്ഷ്മാണുക്കളാണ് ഈ പുതിയ നിറത്തിന് കാരണം. ലവണജല പ്രിയരായ ഇവയുടെ അളവ് തടാകത്തിലെ ജലത്തില്‍ കൂടുതലായതാണ് ജലോപരിതലത്തില്‍ പിങ്ക് നിറം പടരാന്‍ കാരണമായതെന്ന് ഗവേഷകര്‍ പറയുന്നു. പിങ്ക് നിറത്തിലുള്ള പിഗ്മെന്‍റ് ഉല്‍പ്പാദിപ്പിക്കുന്ന ജീവികള്‍ ആണ് ഇവ. 

തടാകത്തിലെ ജലസാമ്പിളുകൾ ശേഖരിച്ച് നാഗ്പൂർ ആസ്ഥാനമായുള്ള നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEER) അഗാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലേക്ക് പരിശോധനയ്ക്കായി അയച്ചതായി സംസ്ഥാന വനം വകുപ്പ് കഴിഞ്ഞ മാസം ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഈ നിറംമാറ്റം സ്ഥിരമായ ഒന്നല്ല എന്നും ഗവേഷകര്‍ പറയുന്നു. ജലോപരിതലത്തില്‍ നിന്നും അടിത്തട്ടിലേക്ക് ഈ സൂക്ഷ്മജീവികള്‍ നീങ്ങുന്നതോടെ പിങ്ക് നിറം മാറി ജലം വീണ്ടും തെളിയുമെന്ന് ലാബുകളിൽ നടത്തിയ പരീക്ഷണങ്ങളില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 

തടാകത്തിൽ നിന്നും കഴിച്ച കരോട്ടിനോയിഡുകൾ അടങ്ങിയ ഭക്ഷണം മൂലം ഈ പ്രദേശത്തെ സ്ഥിരം സന്ദര്‍ശകരായ ഫ്ലെമിംഗോ പക്ഷികളുടെ തൂവലുകളും പിങ്ക് നിറമായി മാറിയിട്ടുണ്ട്.

English Summary: What turned Lonar lake pink? The answer is ‘Haloarchaea’; Know what it is

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com