ADVERTISEMENT

പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന കുടകിന്‍റെ തിലകക്കുറികളിലൊന്നാണ് കക്കാബെയിലെ യവകപ്പാടിയിലുള്ള നല്‍നാട് അരമന. തലസ്ഥാന നഗരിയായ മടിക്കേരിയിൽ നിന്നും മുപ്പതു കിലോമീറ്ററോളം മാറി വീരാജ്പേട്ട – തലക്കാവേരി റോഡിൽ കക്കാബെക്ക് സമീപം പ്രധാന റോഡിൽ നിന്നു രണ്ടര കിലോമീറ്ററോളം ഉള്ളിലായിട്ടാണ് 225 വർഷത്തെ ചരിത്രമുറങ്ങുന്ന നല്‍നാട് കൊട്ടാരം. കല്ലിലും മരത്തിലും തീര്‍ത്ത കൊത്തുപണികളും ചുവരുകളില്‍ ചിത്രങ്ങളായി നിറയുന്ന ചായക്കൂട്ടുകളുമെല്ലാം ചേര്‍ന്ന് മനോഹരം. ഹലാരി രാജകുടുംബ ചക്രവർത്തി ഒരിക്കല്‍ ഒളിസങ്കേതമായി ഉപയോഗിച്ചിരുന്ന ഈ കൊട്ടാരം ഇന്ന് സഞ്ചാരികളുടെ പ്രധാന സന്ദർശനയിടമാണ്.

1792ൽ ഹലാരി ഭരണാധികാരിയായിരുന്ന ദൊഡ്ഡ വീരരാജേന്ദ്രയാണ് നല്‍നാട് കൊട്ടാരം പണികഴിപ്പിച്ചത്. ടിപ്പു സുൽത്താന്റെ സൈന്യത്തിൽ നിന്ന് രക്ഷപ്പെട്ട ശേഷമായിരുന്നു അദ്ദേഹം ഇത് നിർമിച്ചത്. ടിപ്പുവിന്‍റെ ശത്രുസേനയിൽ നിന്ന് രക്ഷ നേടാനായി മടിക്കേരി വരെ എത്തുന്ന ഒരു ഭൂഗർഭ തുരങ്കവും ഇതിനുള്ളില്‍ അദ്ദേഹം നിർമ്മിച്ചു. അതിനുശേഷം, 1796 ൽ അദ്ദേഹം മഹാദേവമ്മജിയെ വിവാഹം കഴിച്ചതും ഇവിടെ വച്ചായിരുന്നു എന്ന് പറയപ്പെടുന്നു.

ഈ പ്രദേശത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട ധാരാളം കഥകള്‍ പ്രചരിക്കുന്നുണ്ട്. കുടക് ജില്ലയിൽ ബ്രിട്ടീഷുകാരുടെ അധിനിവേശത്തെ തുടര്‍ന്ന് ഹലാരി രാജകുടുംബത്തിലെ അവസാന ചക്രവർത്തിയായ ചിക്കവേരാജേന്ദ്ര അഭയം പ്രാപിച്ചതും ഈ കൊട്ടാരത്തിലായിരുന്നു.

ചുവരുകളിലും മേൽക്കൂരയിലും നിറയുന്ന മനോഹരങ്ങളായ പുരാതന ചിത്രങ്ങളും കൊത്തുപണികളും കൊട്ടാരത്തെ കൂടുതൽ ആകർഷകമാക്കുന്നു. കൊട്ടാരത്തിലേക്ക് കടക്കാന്‍ ഒരു വലിയ കവാടമുണ്ട്. വിവാഹ ചടങ്ങുകൾ നടത്താനുള്ള വേദിയായി ഉപയോഗിച്ചിരുന്ന ഒരു കല്യാണ മണ്ഡപം ഇവിടെ കാണാം. രാജാവിന്‍റെ സഭ കൂടിയിരുന്നതും വിനോദപരിപാടികള്‍ നടത്തിയിരുന്നതുമായ ഒരു ദര്‍ബാര്‍ ഹാളും ഇതിനുള്ളിലുണ്ട്. കൊട്ടാരത്തിന്‍റെ ബേസ്മെന്റിൽ, രാജാവിന്‍റെ ഒളിത്താവളമായി ഉപയോഗിച്ചിരുന്ന രണ്ട് ഇരുണ്ട മുറികൾ കാണാം.

മടിക്കേരിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള കൊട്ടാരത്തിലേക്ക് ഇത് കക്കാബെയിലെ നാപ്പോക്ലു വഴി എത്തിച്ചേരാം. കർണാടക സർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് ആർക്കിയോളജി ആൻഡ് മ്യൂസിയത്തിന്‍റെ ഉടമസ്ഥതയിലാണ് കൊട്ടാരം ഇപ്പോൾ. കുടക് മേഖലയിലെ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മ്യൂസിയമാക്കി മാറ്റിക്കൊണ്ട്, കൊട്ടാരത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള നിർദ്ദേശമുണ്ട്. കൊട്ടാരം പുതുക്കിപ്പണിയാനായി ഇതുവരെ 2.29 ദശലക്ഷം ചെലവഴിച്ചു കഴിഞ്ഞു.

കൊട്ടാരത്തിനു പുറമേ കൂർഗ് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്‍റമോളും ഈ യാത്രയില്‍ സന്ദർശിക്കാവുന്ന മറ്റൊരു പ്രധാനപ്പെട്ട ഇടമാണ്. സാഹസിക സഞ്ചാരികള്‍ക്ക് മികച്ച ട്രെക്കിംഗ് അവസരം നല്‍കുന്ന തടിയന്‍റമോള്‍ അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.

English Summary: Nalknad Aramane Palace Coorg

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com