അയോധ്യ രാമക്ഷേത്രത്തിന്‍റെ മാതൃകയിലുള്ള റെയില്‍വേ സ്റ്റേഷന്‍ അടുത്ത വര്‍ഷം ജൂണോടെ

new-railway-station-in-ayodhya
Image from twitter
SHARE

രാമക്ഷേത്രമാതൃകയില്‍ പുനർ‌നിർമിക്കുന്ന അയോധ്യ റെയിൽ‌വേ സ്റ്റേഷന്‍ നിർമാണത്തിന്‍റെ ആദ്യ ഘട്ടം 2021 ജൂണോടെ പൂർ‌ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ‌ അറിയിച്ചു. 2019 ൽ സർക്കാരിന്‍റെ നിർമാണ വിഭാഗമായ RITES ആണ് പദ്ധതി ആരംഭിച്ചത്. പദ്ധതി നടത്തിപ്പിനായി ആകെ 104 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന്‍റെ ശിലാസ്ഥാപന ചടങ്ങിന് തൊട്ടുമുമ്പാണ് പുതിയ നീക്കം.

ലോകനിലവാരത്തിലുള്ള മികച്ച സ്റ്റേഷനാണ് അയോധ്യയില്‍ വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും പുതിയ കെട്ടിടത്തിന്‍റെ നിർമാണം. ആദ്യ ഘട്ടത്തിൽ പ്രധാന മൂന്ന് പ്ലാറ്റ്ഫോമുകളിലെ വികസന പ്രവർത്തനങ്ങൾ, നിലവിലെ സര്‍ക്കുലേറ്റിങ് ഏരിയയുടെയും ഹോൾഡിങ് ഏരിയയുടെയും വികസനം എന്നിവയാണ് ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ പുതിയ സ്റ്റേഷൻ കെട്ടിടത്തിന്‍റെയും മറ്റ് സൗകര്യങ്ങളുടെയും നിർമാണവും നടക്കും.

ayodhya-new-railway-station

ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടുക, വെയ്റ്റിങ് റൂം വിപുലീകരണം, എയർ കണ്ടീഷൻ ചെയ്ത മൂന്ന് വിശ്രമമുറികൾ, പുരുഷന്മാര്‍ക്കായി 17 കിടക്കകളുള്ള ഡോർമിറ്ററി (ടോയ്‌ലറ്റോടു കൂടിയത്), 10 കിടക്കകളുള്ള വനിതാ ഡോർമിറ്ററി(ടോയ്‌ലറ്റോടു കൂടിയത്) എന്നിങ്ങനെ സ്റ്റേഷനിൽ ലഭ്യമായ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സ്റ്റേഷൻ നവീകരിക്കുന്നതാണ് മറ്റു അധികസൗകര്യങ്ങള്‍. ഇവ കൂടാതെ ഫുട്ട് ഓവർ ബ്രിജ്, ഫുഡ് പ്ലാസ, ഷോപ്പുകൾ, അധിക ടോയ്‌ലറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ലഭ്യമാക്കും.

വിഐപി ലോഞ്ച്, ഓഡിറ്റോറിയം, പ്രത്യേക ഗെസ്റ്റ് ഹൗസ് എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങള്‍ക്കായി നിർമാണവും വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ഉയർന്ന നിലവാരമുള്ള ആധുനിക സൗകര്യങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ ഡിവിഷന് ഒരു പുതിയ രൂപം നൽകാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുകയാണെന്നും നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ രാജീവ് ചൗധരി പറഞ്ഞു. വരുംകാലത്ത് ഭക്തരെയും വിനോദസഞ്ചാരികളെയും മാത്രമല്ല, ലോകത്തെ മുഴുവൻ ആകർഷിക്കുന്നതായിരിക്കും പുതിയ സ്റ്റേഷന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary: Ayodhya station modelled on Ram Mandir to be completed by June 2021 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA