അയോധ്യയെ മിനുക്കാന്‍ 500 കോടിയുടെ പദ്ധതി; ലോകത്തെ പ്രധാന തീർഥാടക-ടൂറിസം കേന്ദ്രമാകും

ayodhya
Ayodhya
SHARE

രാമക്ഷേത്രത്തിന്‌ തറക്കല്ലിട്ടതോടെ ലോകത്തിന്‍റെ മുഴുവന്‍ ശ്രദ്ധയും ഏറ്റുവാങ്ങിക്കൊണ്ട് മെച്ചപ്പെട്ട ഭാവികാലത്തിന്‍റെ പ്രതീക്ഷയിലാണ് അയോധ്യ. പുതിയ വിമാനത്താവളവും വിസ്മയകരമായ റെയിൽവേ സ്റ്റേഷനുമെല്ലാം ഉൾപ്പെടുന്ന വിപുലമായ നവീകരണ പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. ലോകശ്രദ്ധയാകർഷിക്കുന്ന തീർഥാടക ടൂറിസ്റ്റ് കേന്ദ്രമായി അയോധ്യ മാറുമെന്ന പ്രതീക്ഷയിലാണ് ഭരണകേന്ദ്രം.

അയോധ്യ നഗരത്തിൽ 500 കോടിയിലധികം രൂപ ചിലവു വരുന്ന നിരവധി വികസന, സൗന്ദര്യവത്കരണ പദ്ധതികളാണ് ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അയോധ്യയെ പ്രധാന തീർഥാടക ടൂറിസം കേന്ദ്രമായി ഉയര്‍ത്തും. ഏറെ നാളായി കാത്തിരുന്ന രാമക്ഷേത്രം പൂർത്തിയാകുമെന്ന് കരുതുന്ന 2024 ഓടെ സർക്കാർ പ്രതീക്ഷിക്കുന്നത് വലിയ മുന്നേറ്റമാണ്.

അഡ്വാൻസ് പ്ലാനിംഗിൽ പുതിയ വിമാനത്താവളവും ട്രെയിൻ സ്റ്റേഷനും മാത്രമല്ല, അടുത്തുള്ള മോട്ടോർവേയുടെയും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും നവീകരണവും ഉൾപ്പെടുന്നു. അയോധ്യയില്‍ ഇപ്പോൾ വിഐപികൾക്കായി മാത്രം ഒരു റൺവേ ഉണ്ട്. ഇത് വിമാനത്താവളമാക്കി മാറ്റുമെന്ന് സർക്കാർ രണ്ടു വര്‍ഷം മുൻപ് പ്രഖ്യാപിച്ചിരുന്നു.

ദേശീയപാത നവീകരണത്തിനായി 250 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജലവിതരണ പദ്ധതി ആധുനികവല്‍ക്കരണത്തിനായി 54 കോടി രൂപ ചിലവഴിക്കും. ഇതു കൂടാതെ ബസ് സ്റ്റേഷനും പോലീസ് ബാരക്കുകൾക്കുമായി 7 കോടി രൂപ വീതം നീക്കിവച്ചിട്ടുണ്ട്. തുളസി സ്മാരക്കിന്റെ നവീകരണത്തിനായി 16 കോടി രൂപയും  വകയിരുത്തിയിട്ടുണ്ട്. രാജശ്രീ ദസ്രത്ത് മെഡിക്കൽ കോളേജ് നവീകരിക്കുന്നതിനായി 134 കോടി രൂപയും അനുവദിച്ചു.

ഉത്തരേന്ത്യയിൽ പതിറ്റാണ്ടുകളായി അയോധ്യ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും അധികം വികസനമൊന്നും ഇവിടെ കടന്നു വന്നിരുന്നില്ല. സർക്കാർ കണക്കുകൾ പ്രകാരം 2003 നും 2012 നും ഇടയിൽ അയോദ്ധ്യ-ഫൈസാബാദ് പ്രദേശത്തെ വ്യാവസായിക യൂണിറ്റുകളുടെ എണ്ണം വെറും 50 എണ്ണം മാത്രം വര്‍ദ്ധിച്ച് 377 ൽ നിന്ന് 426 ആയി മാറി. തൊഴിലവസരങ്ങളും നന്നേ കുറവാണ്.

2018 നവംബറിലാണ് വിമാനത്താവളത്തിനും മെഡിക്കൽ സ്കൂളിനുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വലിയ പദ്ധതികൾ പ്രഖ്യാപിച്ചത്. നഗരത്തിലൂടെ ഒഴുകുന്ന സരയു നദിയിൽ ഒരു രാമായണ റേസ്‌ട്രാക്ക് നിർമ്മിക്കാനുള്ള പദ്ധതിയും ഉണ്ടായിരുന്നു.

English Summary: Spend Rs 500 Cr For Upgrading The Infrastructure Of Ayodhya, Including Airport, Railway Station

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA