ADVERTISEMENT

സെന്റ് ലൂസിയ ദ്വിപിൽ നിന്നു കഴിഞ്ഞ ദിവസം കുറച്ചു ഫോട്ടോകൾ പുറത്തു വന്നു. അവധിക്കാലം ആഘോഷിക്കാൻ പോയവർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. ലോകം മുഴുവനുമുള്ള ടൂറിസം കേന്ദ്രങ്ങൾ വൈറസിനെ പേടിച്ച് വാതിലുകൾ അടച്ചിരിക്കുകയാണ്. ആ സമയത്തും യാതൊരു പേടിയുമില്ലാതെ ആളുകൾ സെന്റ് ലൂസിയ ഐലൻഡിൽ ആർത്തുല്ലസിക്കുന്നു.

st-lucia-island2

വിവരം അന്വേഷിച്ചപ്പോൾ ആ ദ്വീപിന്റെ അധികൃതർ പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ട് കണ്ടു. ‘കൊവിഡ് 19 വൈറസ് ബാധിച്ച് ഇതുവരെ മരണം സംഭവിച്ചിട്ടില്ലാത്ത സ്ഥലം – സെന്റ് ലൂസിയ ഐലൻഡ്’. ഇരുപത്തേഴു മൈൽ നീളവും പതിനാലു മൈൽ വീതിയുമുള്ള ദ്വീപ്. സെന്റ് ലൂസിയയിലേക്ക് പോകാൻ ശ്രമിച്ചവർക്ക്, ആറു മാസത്തേക്ക് ബുക്കിങ് ആയെന്നു മറുപടി.

നീലക്കടലും കുന്നുമാണ് സെന്റ് ലൂസിയ ദ്വീപിന്റെ പ്രകൃതി. ഫ്രഞ്ചുകാരും ബ്രിട്ടിഷുകാരും പണ്ടു കീഴടക്കി ഭരിച്ച സ്ഥലമാണ് ഈ ഐലൻഡ്. അഗ്നിപർവത സ്ഫോടനത്തിലൂടെ രൂപപ്പെട്ട രണ്ടു പർവതങ്ങളാണ് സെന്റ് ലൂസിയയുടെ പശ്ചാത്തലം. ഇരട്ട പർവതത്തിന്റെ പേര് പിറ്റോൺസ്.ഹോട്ടൽ, മൈതാനം, വിസ്താരമേറിയ റോഡ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

ഹിവാനോര വിമാനത്താവളത്തിൽ വന്നിറങ്ങുന്നവരെ സ്വീകരിക്കാരൻ ദ്വീപിലെ ഹോട്ടലിൽ നിന്നു കാർ വരും. കൊവിഡ് സാഹചര്യത്തിൽ അവിടെ ഇറങ്ങിയ വിക്ടോറിയ ബിഷോഫ് എന്ന യുവതി യാത്രാനുഭവം പങ്കുവയ്ക്കുന്നു.

കോവിഡ്കാല യാത്രാനുഭവം

ഹൊറർ സിനിമയെ ഓർമിപ്പിക്കുന്ന കുന്നിൻ ചെരിവിലൂടെ ടാക്സി ഡ്രൈവർ പതുക്കെയാണ് കാർ ഓടിച്ചത്. എതിർ വശത്തു നിന്നു വരുന്ന വാഹനങ്ങൾ ഉറക്കെ ഹോണടിച്ചു. അതൊരു അപകട സൂചനയാണെന്ന് ആദ്യം കരുതി. സെന്റ് ലൂസിയയിലെ ഡ്രൈവർമാർ തമ്മിൽ ‘ഹായ്’ പറയുന്ന രീതിയാണ് അതെന്നു പിന്നീട് മനസ്സിലായി. വാതോരാതെ സംസാരിക്കുന്നയാളാണ് ടാക്സി ഡ്രൈവർ. സ്വന്തം നാടിനെ പുകഴ്ത്തിക്കൊണ്ട് അയാൾ കഥകൾ പറഞ്ഞു.

‘സ്മഗ്ളേഴ്സ് കോവ് ’ എന്നു പേരെഴുതിയ കെട്ടിടത്തിനു മുന്നിൽ അദ്ദേഹം കാർ നിർത്തി. ട്രെക്ക് ഡ്രൈവർമാർ ഭക്ഷണം കഴിക്കുന്ന റസ്റ്ററന്റാണ് സ്മഗ്ളേഴ്സ് കോവ്. അധോലോക സങ്കേതമെന്നു തോന്നലുണ്ടാക്കും വിധം ഡിസൈൻ ചെയ്ത റസ്റ്ററന്റ് മണൽപ്പരപ്പിൽ ഒറ്റപ്പെട്ടു കിടക്കുന്നു. സാൻഡ് വിച്ച്, ജ്യൂസ് എന്നിവയാണ് അവിടെ കിട്ടുന്ന വിഭവങ്ങൾ. ഭക്ഷണം കഴിച്ച ശേഷം വീണ്ടും അര മണിക്കൂർ സഞ്ചരിച്ച് ഗ്രോസ് ഐലറ്റിൽ എത്തി.

ദ്വീപിന്റെ വടക്കു ഭാഗത്താണ് ഐലറ്റ്. അവിടെ നാലഞ്ചു കടകളുണ്ട്. സെന്റ് ലൂസിയയിലെ ‘പട്ടണം’ അതാണെന്നു മനസ്സിലായി. വെള്ളിയാഴ്ചകളിൽ അവിടെ ജനത്തിരക്കേറും. ലൂസിയയിൽ വാരാന്ത്യം ആഘോഷിക്കാൻ എത്തുന്നവർ ഡ്യൂക് പാലസിലേക്കു തിരിയുന്നത് അവിടെ നിന്നാണ്. സെന്റ് ലൂസിയ ദ്വീപിൽ ലൈവ് ബാർ ബി ക്യൂ കിട്ടുന്ന സ്ഥലമാണു ഡ്യൂക് പാലസ്. ‘പെടയ്ക്കണ മീൻ’ തീയിൽ ചുടുന്നതു നേരിൽ കാണാം. വെളുത്തുള്ളി, ചുവന്നുള്ളി, വെണ്ണ എന്നിവയിൽ തയാറാക്കിയ സോസാണ് കോംബിനേഷൻ. ബാർബി ക്യു കൂട്ടി ചോറുണ്ടതിനു ശേഷം തെരുവിലൂടെ നടന്നു. കരകൗശല വസ്തുക്കളുടെ വിപണിയാണ് വഴിയോരം. റോഡ് അവസാനിക്കുന്ന സ്ഥലത്ത് മേശയ്ക്കു ചുറ്റും ജനക്കൂട്ടത്തെ കണ്ടു. മദ്യക്കുപ്പി തുറന്നപ്പോൾ അവർ ആർത്തു വിളിച്ചു. തുള്ളിച്ചാടുന്ന യുവാക്കളുടെ ഇടയിലേക്കാണ് പിന്നീടു കയറിച്ചെന്നത്. അറുപതിനു മുകളിൽ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കൊവിഡ് മാഹാമാരി ലോകത്തെ ഭീഷണിപ്പെടുത്തുന്ന സമയത്ത് ഒരു സംഘമാളുകൾ ആടിപ്പാടുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി.

ആ കാഴ്ച ആസ്വദിച്ച് മുന്നോട്ടു നടന്നു. വെളുത്ത പെയിന്റടിച്ച കെട്ടിടങ്ങളുടെ നിര. സെന്റ് ലൂസിയക്കാരുടെ വീടുകളാണ്. എല്ലാ വീടുകൾക്കും മുറ്റവും പൂന്തോട്ടവും സ്വിമ്മിങ് പൂളും ഉണ്ട്. നടപ്പാത അവസാനിക്കുന്നതു കുന്നിനു മുകളിലാണ്. കുന്നിന്റെ നെറുകയിലെ കെട്ടിടം റസ്റ്ററന്റാണ്. അവിടെ നിന്നാൽ നീലക്കടലും ചക്രവാളവും കാണാം. ‘സൺ സെറ്റ് വ്യൂ പോയിന്റ് ’ അതാണെന്ന് ചിലർ പറയുന്നതു കേട്ടു.

പോർട് റോഡ്നിയാണ് സെന്റ് ലൂസിയയിലെ ഭംഗിയുള്ള കാഴ്ച. ദ്വീപിലെ നാൽപത്തി നാല് ഏക്കർ സ്ഥലം കവർന്നെടുത്തിരിക്കുന്നു പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടിഷുകാർ നിർമിച്ച കോട്ട. കോട്ടയിൽ നിന്നു കരയിലേക്ക് ‘കോസ് വേ’ നിർമിച്ചതോടെ ദ്വീപ് എന്ന വിശേഷണത്തിനു പ്രാധാന്യമില്ലാതായി.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com