സിനിമയിലെ പോലെ കൈവിരിച്ച് പറക്കാം, പൂക്കളുടെ താഴ്‌വരയിലൂടെ...

valley-of-flowers-uttarakhand
SHARE

പൂക്കൾ നിറഞ്ഞു നിൽക്കുന്ന താഴ്‍‍‍‍വരയിലൂടെ ബോളിവുഡ് സിനിമയിലൊക്കെ കാണുന്നതുപോലെ കൈവിരിച്ച് ഒന്നു പറന്നു നടക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പല വർണ്ണങ്ങളിലെ പൂക്കൾക്കിടയിൽനിന്ന് ഒരു സെൽഫി? അല്ലെങ്കിൽ പങ്കാളിയുമൊത്തൊരു സൂപ്പർ ട്രിപ്പ്?  വേണമെങ്കിൽ ഇന്ത്യയിൽ തന്നെയുണ്ട് മികച്ചയിടം.

പോക്കറ്റ് കാലിയാകാതെ കണ്ടു വരാൻ സാധിക്കുന്ന പൂക്കളുടെ താഴ്‍‍‍‍വരയിലേക്ക് പോകാം.

വാലി ഓഫ് ഫ്ലവേഴ്സ്, ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ പൂക്കളുടെ താഴ്‌വര ഇപ്പോൾ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിരിക്കുന്നു. ആൽപൈൻ പുഷ്പങ്ങൾക്കും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കും പേരുകേട്ട സ്ഥലമാണിത്.ഏഷ്യാറ്റിക് കറുത്ത കരടി, മഞ്ഞു പുള്ളിപ്പുലി, കസ്തൂരിമാൻ, ചുവന്ന കുറുക്കൻ തുടങ്ങി വംശനാശഭീഷണി നേരിടുന്ന നിരവധി മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. നന്ദാദേവി ദേശീയ ഉദ്യാനത്തിൽനിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറായി കിടക്കുന്ന ഈ താഴ്‌വര സമുദ്രനിരപ്പിൽ നിന്ന് 6,234 അടി ഉയരത്തിലാണ്.

yumthang-valley

വസന്തകാലത്ത് ഈ താഴ്‍‍‍‍വര മുഴുവൻ ഓർക്കിഡുകൾ, ജമന്തി, ഡെയ്‌സികൾ, പ്രൈമുലകൾ, ഹൈഡ്രാഞ്ചിയകൾ എന്നിവ നിറഞ്ഞ വയലുകൾ കാണാം. ജൂൺ മുതൽ ഒക്ടോബർ വരെ പാർക്ക് സന്ദർശകർക്കായി തുറന്നിരിക്കും. സ്വർഗസമാനമായ ഒരു സ്ഥലം ഭൂമിയിൽ എപ്പോഴെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അതിതാണെന്ന് ആദ്യ കാഴ്ചയിൽ തന്നെ നിങ്ങൾ ഉറപ്പിച്ചു പറയും. 

കാഴ്ചകൾ അവസാനിക്കുന്നില്ല

കാസ് പീഠഭൂമി, മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ സത്താറ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് ഈ റിസർവ് വനം. പശ്ചിമഘട്ടത്തിൽ പെടുന്ന ഇത് 2012 മുതൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ ഭാഗമാണ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇവിടെ പലതരത്തിലുള്ള അപൂർവ കാട്ടുപൂക്കൾ, ചിത്രശലഭങ്ങൾ എന്നിവയെ കാണാൻ കഴിയും. ഓർക്കിഡുകൾ, കാർവി കുറ്റിച്ചെടികൾ, ദ്രോസെറ ഇൻഡിക്ക പോലുള്ള മാംസഭുക്ക് സസ്യങ്ങൾ എന്നിവ ഉൾപ്പെടെ 850 വ്യത്യസ്ത ഇനം പൂക്കൾ ഇവിടെയുണ്ട്. 

യുംതാങ് വാലി, സിക്കിം

സമുദ്രനിരപ്പിൽനിന്ന് 3,564 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന, വടക്കൻ സിക്കിമിലെ ഹിമാലയൻ പർവതനിരകളിലെ പുഷ്പങ്ങളുടെ താഴ്‍‍‍‍വരയാണ് ഷിംഗ്ബ റോഡോഡെൻഡ്രോൺ വന്യജീവി സങ്കേതം. നദികൾ, ചൂടു നീരുറവകൾ, യാക്കുകളുടെ മേച്ചിൽപ്പുറങ്ങൾ എന്നിവയ്ക്ക് ഇവിടം പ്രശസ്തമാണ്. തലസ്ഥാന നഗരമായ ഗാങ്‌ടോക്കിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് ഈ താഴ്‍‍‍‍വര. സംസ്ഥാന പുഷ്പമായ റോഡോഡെൻഡ്രോണിന്റെ ഇരുപത്തിനാല് ഇനങ്ങളെ നിങ്ങൾക്ക് ഇവിടെ കാണാം. ഫെബ്രുവരി മുതൽ ജൂൺ പകുതി വരെയാണ് പ്രധാന പുഷ്പകാലം. മഴവിൽ വർണ്ണങ്ങളിൽ ആറാടി നിൽക്കുന്ന ഈ താഴ്‌വാരത്തിലേക്ക് ഒരിക്കലെങ്കിലും ഒരു യാത്ര നടത്തണം.

ഡിസോ വാലി, നാഗാലാൻഡ്

നാഗാലാൻഡിന്റെയും മണിപ്പുരിന്റെയും അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്ന് 2,452 മീറ്റർ ഉയരത്തിലാണ് ഈ താഴ്‍‍‍‍വര സ്ഥിതി ചെയ്യുന്നത്. വിശാലമായ പുഷ്പങ്ങൾക്ക് പേരുകേട്ട ഇവിടം  അപൂർവമായ പൂക്കളുടെ പേരിലും പ്രശസ്തമാണ്. ഈ താഴ്‌വരയിൽ മാത്രം കാണാൻ സാധിക്കുന്ന ഇനം പുഷ്പങ്ങളുമുണ്ട്. അനന്തമായ പച്ച പർവതങ്ങളുടെ മനോഹരമായ കാഴ്ചകൾ നിങ്ങളുടെ സൗന്ദര്യ ബോധത്തെ വാനോളം ഉയർത്തും. പ്രകൃതിയുടെ കലർപ്പില്ലാത്ത സൗന്ദര്യം ആസ്വദിക്കാനുള്ള ഏറ്റവും മനോഹരമായ സ്ഥലമാണിത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA