ADVERTISEMENT

'മാമാങ്കം' എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് കുടിയേറിയ ഉത്തരേന്ത്യന്‍ സുന്ദരിയാണ് പ്രാചി ടെഹ്ലാന്‍. സിനിമകളില്‍ മാത്രമല്ല, സ്പോര്‍ട്സില്‍ ഇന്ത്യയുടെ അഭിമാനമായി തിളങ്ങിയ താരം കൂടിയാണ് പ്രാചി. 2010 ലെ കോമൺവെൽത്ത് ഗെയിംസിലും 2010-2011 ലെ മറ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഇന്ത്യ നെറ്റ്ബോൾ ടീമിന്‍റെ ക്യാപ്റ്റന്‍ പ്രാചിയായിരുന്നു. 2011 ലെ സൗത്ത് ഏഷ്യൻ ബീച്ച് ഗെയിംസിൽ ആദ്യ കിരീടം ഇന്ത്യ സ്വന്തമാക്കിയതും പ്രാചിയുടെ നേതൃത്വത്തിലായിരുന്നു. 

കൊറോണക്കിടയില്‍ കഴിഞ്ഞ ആഗസ്റ്റ്‌ ഏഴിന് ഡല്‍ഹിയിലെ ബിസിനസ്മാനായ രോഹിത് സരോഹയുമായുള്ള വിവാഹ ശേഷം മധുവിധു കാലത്തിലാണ്‌ ഇരുപത്താറുകാരിയായ നടി ഇപ്പോള്‍. എട്ടുവര്‍ഷമായി പരസ്പരം അറിയാവുന്ന രോഹിതും പ്രാചിയും ഈ ലോക്ഡൗൺ കാലത്താണ് കൂടുതല്‍ അടുത്തത്. പിന്നീട് കുടുംബത്തിന്‍റെ ആശീര്‍വാദത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലേക്ക് നടത്തിയ മനോഹരമായ യാത്രാ ചിത്രങ്ങള്‍ പ്രാചി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തു. തടാകക്കാഴ്ച്ചയുടെ സ്വന്തമായി പകര്‍ത്തിയ മനോഹര ദൃശ്യവും പ്രാചി പങ്കുവച്ചിട്ടുണ്ട്.  'മനോഹരമായ പ്രകൃതിയും നമ്മളും' എന്ന തലക്കെട്ടോടെയാണ് രോഹിതിനൊപ്പമുള്ള ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒരു പ്രകൃതിസ്നേഹി കൂടിയാണ് രോഹിത് എന്ന് രോഹിതിന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ കണ്ടാല്‍ മനസിലാകും.

ഉത്തരാഖണ്ഡിലെ നൈനിത്താൾ, പൗരി ജില്ലകളില്‍, ലെസ്സർ ഹിമാലയൻ പ്രദേശത്തായി കിടക്കുന്ന ജിം കോർബെറ്റ് ദേശീയോദ്യാനം ഇന്ത്യയിലെ ഏറ്റവും വലിയ കടുവത്താവളമാണ്. 1200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഇവിടം ഇന്ത്യയിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം കൂടിയാണ്. കടുവകളെ കാണാനും ചിത്രമെടുക്കാനും മറ്റുമായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ ജിം കോർബറ്റ് നാഷനൽ പാർക്ക് 1936 ൽ ഹെയ്‌ലി നാഷനൽ പാർക്ക് എന്ന പേരിലാണ് സ്ഥാപിക്കപ്പെട്ടത്. ബ്രിട്ടിഷ് പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എഡ്വേർഡ് ജയിംസ് കോർബറ്റിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. 488 ഇനം സസ്യജാലങ്ങൾ, ഇടതൂർന്നതും ഈർപ്പമുള്ളതുമായ 73% ലധികം വരുന്ന ഇലപൊഴിയും വനം, 50 ഇനം സസ്തനികൾ, 580 ഇനം പക്ഷികൾ, 25 ഇനം ഉരഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പാർക്ക് ടൈഗർ റിസർവ് ഓർഗനൈസേഷന്റെ കീഴിലുള്ള ആദ്യത്തെ പദ്ധതിയാണ്.

വർഷം മുഴുവനും ജിം കോർബറ്റ് പാർക്ക് സന്ദർശിക്കാമെങ്കിലും മിതശീതോഷ്ണ കാലാവസ്ഥ കാരണം എല്ലാ സോണുകളും തുറന്നിരിക്കുന്നതിനാൽ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ സന്ദർശിക്കുന്നതാണ് നല്ലത്. ആന സഫാരി, ജീപ്പ് സഫാരി, കാന്റർ സഫാരി തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com