ഊട്ടിയിൽനിന്ന് ഒരു ദിവസം കൊണ്ടു പോയിവരാം: പ്രകൃതി ഒരുക്കിയ അദ്ഭുതം കാണാം

Kinnakorai_hillside
SHARE

പ്രകൃതി ഭംഗി കൊണ്ട് ആരെയും മോഹിപ്പിക്കുന്ന ഇടമാണ് കിന്നക്കൊരൈ.തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ കുന്ദ താലൂക്കിലെ ഒരു ഗ്രാമമാണ്.

ഊട്ടിയിൽനിന്നു മഞ്ഞൂർ. മഞ്ഞൂരിൽനിന്നു മുപ്പതുകിലോമീറ്റർ അതിസുന്ദരമായി പെയ്യുന്ന മഞ്ഞിനെ വകഞ്ഞുമാറ്റി,  മഞ്ഞൂരിൽ നിന്നും കിണ്ണകൊരൈയിലേക്ക്.ഏതാണ്ടു വിജനമായ വഴി. മഞ്ഞൂരിൽനിന്നു തിരിയുമ്പോഴേ കാറ്റ്  ആഞ്ഞുവീശാൻ തുടങ്ങും. ഒരു മലയുടെ വിളുമ്പിലൂടെയാണു റോഡ്. ഇടതുവശത്ത് അഗാധമായ ചെരിവുകൾ. അതിനപ്പുറം പുൽമേടുകളുമായി കാറ്റിനോടു മല്ലിട്ടുനിൽക്കുന്ന സഹ്യപർവതത്തിന്റെ മുനമ്പുകൾ കാണാം.

ഒരു സ്ഥലം കാണുന്നതിനുള്ള യാത്രയല്ല കിന്നക്കൊരൈയിലേക്ക്. മറിച്ച് ആ മലമുകൾഗ്രാമത്തിലേക്ക് പ്രകൃതിയാസ്വദിച്ചു സഞ്ചരിക്കുന്നതിലാണു രസമിരിക്കുന്നത്. ഊട്ടിയിൽനിന്ന് ഒരു ദിവസം കൊണ്ടു പോയിവരാം. അതിസുന്ദരമായ വഴിയാണിത്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെ മെല്ലെ ഡ്രൈവ് ചെയ്തുപോകാം.  കേരളത്തിൽനിന്ന് അഗളി-അട്ടപ്പാടി-മുള്ളി വഴിയുള്ള സാഹസികപാത താണ്ടിയെത്തുന്നത് മഞ്ഞൂരിൽ. അവിടെനിന്ന് മുപ്പതു കിലോമീറ്റർ ആസ്വദിച്ചു യാത്ര ചെയ്താൽ കിന്നക്കൊരൈയിലെത്താം.

യാത്ര കുറച്ചുദൂരം പിന്നിട്ടുകഴിയുമ്പോൾ ഒന്നായ വഴി രണ്ടായി പിരിയും. ഒരു വഴി കിണ്ണകൊരൈക്കുള്ളതാണ്. മറ്റേ വഴി അപ്പർ ഭവാനിയിലേക്കും. ഇരുവശത്തും വലിയ വൃക്ഷങ്ങൾ, അർക്കകിരണങ്ങളെ ഭൂമിയിലേക്കെത്താൻ അനുവദിക്കില്ല എന്ന് ദൃഢനിശ്ചയമെടുത്തിട്ടുണ്ടെന്നു തോന്നുന്നു. പാത മുഴുവൻ ഇരുള് മൂടി തന്നെ കിടക്കുകയാണ്. ലക്ഷ്യമെത്തി എന്ന് സൂചിപ്പിച്ചുകൊണ്ട് വഴിയിൽ കിണ്ണകൊരൈ എന്ന ബോർഡ് കണ്ടു. മനോഹരമായ തേയിലത്തോട്ടങ്ങൾ...കൊളുന്തു നുള്ളുന്ന തൊഴിലാളികൾ. അവരുടെ താമസ സ്ഥലങ്ങൾ. പച്ചയണിഞ്ഞ താഴ്‍‍വരകളും നല്ല തണുപ്പും.കാഴ്ചയിൽ സുന്ദരമാണിവിടം.

ഭക്ഷണത്തിനും താമസത്തിനും വലിയ സൗകര്യങ്ങളൊന്നുമില്ല. ആനയിറങ്ങാൻ സാധ്യതയുള്ളതുകൊണ്ട് മുള്ളിയിൽ നിന്നും രാത്രിയിൽ യാത്രയ്ക്ക് അനുമതിയില്ല. രാവിലെ ആറുമണിക്കാണ് മുള്ളി ചെക്പോസ്റ്റ് യാത്രക്കാർക്ക് തുറന്നു തരുന്നത്. അത് കണക്കിലെടുത്തുകൊണ്ട് കൂടി വേണം യാത്രാപദ്ധതികൾ തയ്യാറാക്കാൻ. ഏറ്റവുമടുത്തുള്ള റെയിൽവേ സ്റ്റേഷൻ  ലവ്ഡേൽ ആണ്. കിണ്ണകൊരൈയ്ക്ക് 45 കിലോമീറ്റർ അപ്പുറത്താണ് അത് സ്ഥിതിചെയ്യുന്നത്. 

English Summary: Kinnakorai Tamilnadu Travel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA