ADVERTISEMENT

ദക്ഷിണേന്ത്യ മുഴുവന്‍ കീഴടക്കിയ താരസുന്ദരിയാണ് മലയാളികളുടെ അഭിമാനമായ നയന്‍താര. സത്യന്‍ അന്തിക്കാടിന്‍റെ 'മനസ്സിനക്കരെ'യിലൂടെ ജയറാമിന്‍റെ നായികയായെത്തിയ നയന്‍സിന് സിനിമയോടുള്ള അര്‍പ്പണബോധവും ജനപ്രിയതയും കാരണം തമിഴ്, തെലുങ്ക് സിനിമകളിലെയും സജീവസാന്നിധ്യമായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.

കരിയറിന്‍റെ ആദ്യകാലത്ത്, പ്രണയബന്ധങ്ങളും വിവാദങ്ങളും നയന്‍താര എന്ന പേരിനെ കുറേക്കാലത്തേക്ക് വാര്‍ത്തകളില്‍ നിറച്ചിരുന്നു. കഴിഞ്ഞ അഞ്ചുകൊല്ലമായി അത്തരം വാര്‍ത്തകളില്‍ നിന്നും വിവാദങ്ങളില്‍ നിന്നുമെല്ലാം അകന്ന് സംവിധായകനും നടനുമായ വിഘ്നേശ് ശിവനൊപ്പമാണ് നയന്‍താര. ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ ഏറെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്ന് ആരാധകര്‍ക്ക് വ്യക്തമായി കാണാം.

ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നയന്‍താരയുമൊത്ത് ചെലവഴിച്ച വെക്കേഷന്‍ ദിനചിത്രം വിഘ്നേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ നിന്നെടുത്ത ഈ ചിത്രത്തില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രോക്കണിഞ്ഞ നയന്‍സിനെ കാണാം. ഏറെ ആവശ്യമായ അവധിക്കാലം എന്നാണു വിഘ്നേശ് ഇതിനെ വിശേഷിപ്പിക്കുന്നത്.

 

മുന്‍പേ മിയാമിയിലെ ഓഷ്യന്‍ ഡ്രൈവ് ബീച്ചില്‍ നിന്നുള്ള വെക്കേഷന്‍ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു.

 

നയന്‍താരയുടെ പിറന്നാള്‍ സമയത്ത് നടത്തിയ ന്യൂയോര്‍ക്ക് യാത്രയില്‍ നിന്നും ബ്രൂക്ക്ലിന്‍ ബ്രിഡ്ജിനടുത്ത് നില്‍ക്കുന്ന മനോഹരമായ ചിത്രവും വിഘ്നേശ് പോസ്റ്റ്‌ ചെയ്തിരുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്നും ഇരുവരും ഒരുമിച്ചെടുത്ത വേറെയും ചിത്രങ്ങള്‍ വിഘ്നേശിന്‍റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കാണാം.

 

നോര്‍ത്ത് ഗോവയിലെ വളരെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് കാന്‍ഡോലിം ബീച്ച്. എന്നിരുന്നാലും ഗോവയിലെ മറ്റു ബീച്ചുകളെപ്പോലെ ആള്‍ത്തിരക്കില്ലാത്ത ഇടം കൂടിയാണിത്. ഗോവൻ തലസ്ഥാനമായ പനാജിമിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കാൻഡോലിം. ഫോർട്ട് അഗ്വാഡയിൽ നിന്ന് ആരംഭിച്ച് കാലൻഗ്യൂട്ട് ബീച്ചുമായി ലയിക്കുന്ന ഈ ബീച്ച് സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ ബീച്ചുകളിൽ ഒന്നാണ്. പൂനെയിലെ രജനീഷ് ആശ്രമത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ കൂടുതലും ഇവിടെയും സന്ദര്‍ശിക്കുന്നു.

ഷോപ്പുകളും റെസ്റ്റോറന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന റോഡാണ് കാൻ‌ഡോലിം-കലാൻ‌ഗ്യൂട്ട് റോഡ്. ബീച്ചിന് ചുറ്റുമുള്ള പ്രദേശത്ത് റിസോർട്ടുകൾ ഇല്ല. 

2000 മുതൽ കടൽത്തീരത്ത് കുടുങ്ങിക്കിടക്കുന്ന 'റിവര്‍ പ്രിന്‍സസ്' എന്ന കപ്പല്‍ കാൻ‌ഡോലിം ബീച്ചിന്‍റെ മറ്റൊരു സവിശേഷതയാണ്. കൂടാതെ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച അഗ്വാഡ കോട്ടയും ലൈറ്റ് ഹൗസും സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റു കാര്യങ്ങളാണ്.

English Summary: Celebrities Travel Actress Nayanthara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com