ADVERTISEMENT

2900 കിലോമീറ്റർ നീളുന്ന സ്വപ്നയാത്ര കോവിഡ് കാലത്തായാലോ? ഇന്ത്യയുടെ ദേശീയ തലസ്ഥാന മേഖലയിൽ ഉൾപ്പെടുന്ന നോയിഡയിൽനിന്ന് സകുടുംബം കേരളത്തിലേക്കൊരു യാത്ര ഡോ.സഖി ജോണിന്റെ പദ്ധതികളിൽ ഒന്നായിരുന്നു. സമയമെടുത്ത് എല്ലായിടവും കണ്ടുകണ്ടങ്ങനെ കേരളത്തിൽ എത്തണം എന്നതായിരുന്നു ആശയം. പക്ഷേ, ആ യാത്ര കോവിഡ് കാലത്തായി. കാഴ്ചകൾ കുറവായിരുന്നുവെങ്കിലും യാത്ര സഫലം. മാരുതി ഡിസയറിൽ നാലുപേരും ഓമനമൃഗമായ പോളോ എന്ന പട്ടിക്കുട്ടനും നാടണഞ്ഞ കഥയാണിത്. 

യാത്രയുടെ തുടക്കം

ഒരു കിഡ്നി ദാനം ചെയ്ത ഡോ.സഖി ജോണിന് കോവിഡ് കാലത്ത് ആന്റിബയോട്ടിക്കുകൾ കൂടുതൽ കഴിക്കേണ്ടി വന്നാൽ പ്രശ്നമാകും എന്നു ഡോക്ടർ മുന്നറിയിപ്പു നൽകി. അതുകൊണ്ടാണ് കുടുംബത്തെയും കൂട്ടി നാട്ടിലേക്കു പുറപ്പെട്ടത്. ഡൽഹിയിലെ ജാമിയ ഹംദാർദ് യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആയ സഖി സാമൂഹിക പ്രവർത്തനത്തിനായി മാരുതി ഡിസയറിൽ ഉത്തരേന്ത്യയിൽ ഏറെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു യാത്ര ആദ്യം. അതുകൊണ്ടുതന്നെ വാഹനം അംഗീകൃത സർവീസ് സെന്ററിൽ  പരിശോധിച്ചിച്ചു. ടയറുകളിൽ നൈട്രജൻ നിറച്ചു. ഡിസയറിന്റെ യാത്രാസുഖത്തിലും സ്ഥലസൗകര്യത്തിലും സംശയമുണ്ടായിരുന്നില്ല. ഈ യാത്ര അതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

noida-to-thiruvalla1

യാത്രയിലെ സ്ഥലങ്ങൾ

എൻഎച്ച് 44 ലൂടെയായിരുന്നു യാത്ര. പാത ഏറക്കുറെ വിജനം. അതുകൊണ്ടുതന്നെ പെട്ടെന്നു ദൂരം താണ്ടാനായി. വ്യത്യസ്തമായ ഭൂപ്രകൃതികൾ... കൊള്ളക്കാരുടെ താവളമായിരുന്ന ചമ്പൽക്കാട്ടിലൂടെയും മറ്റുമായിരുന്നു യാത്ര. പല വഴികളും കാട്ടിലൂടെയായിരുന്നു. വാഹനങ്ങൾ കുറവായതിനാൽ മൃഗങ്ങൾ വഴിയിലേക്കു പെട്ടെന്നു ചാടാനുള്ള സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടു സൂക്ഷിച്ചു വണ്ടിയോടിക്കാൻ സഖി തന്നെ സ്വയം സാരഥിയായി. നാഗ്പുരിലും ബെംഗളൂരുവിലും മാത്രം നഗരങ്ങളിലൂടെ കയറേണ്ടിവന്നു. ചിലയിടങ്ങളിൽ കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ ചെറുറോഡുകളിലൂടെ സഞ്ചരിക്കേണ്ടിവന്നതു മാത്രമാണ് യാത്രയിൽ നേരിട്ട ബുദ്ധിമുട്ട്. നാലോ അഞ്ചോ മണിക്കൂർ ഇങ്ങനെ ചുറ്റിയടിക്കേണ്ടിവന്നു. 

കാറിലെ സ്ഥലസൗകര്യം

സഖി, ഭാര്യ സുനി, ജോയൽ നോയൽ എന്നിങ്ങനെ നാലുപേർ. പിന്നെ പോളോയും. ഇവർ കാബിനുള്ളിൽ. വിശാലമായ ബൂട്ടിൽ മുഴുവൻ ലഗേജ്. പിന്നെ, വീടണയാൻ നടക്കുന്ന അതിഥിത്തൊഴിലാളികൾക്കുള്ള ഭക്ഷണപാക്കറ്റുകളും എന്നിവ. ഒരുദിവസം ഏതാണ്ട് 800 കിലോമീറ്റർ സഞ്ചരിക്കേണ്ടിവന്ന യാത്രയിൽ ഡിസയറിന്റെ സൗകര്യങ്ങളിൽ നാലുപേരും തൃപ്തരായിരുന്നു. 

താമസം

ഹോട്ടലുകൾ ഇല്ലായിരുന്നു. രണ്ടു രാത്രിയിലും വാഹനം സുരക്ഷിത സ്ഥലങ്ങളിൽ നിർത്തിയിട്ടശേഷം കാറിൽത്തന്നെ കിടന്നുറങ്ങി. ആന്ധ്രയിലും ബെംഗളൂരുവിലും കർശനമായ പൊലീസ് പരിശോധനകളുണ്ടായിരുന്നു. മൂന്നാംപകലിലാണു വാളയാറിലെത്തുന്നത്. കേരളം–അതൊരു അനുഭവം തന്നെയാണ്

noida-to-thiruvalla2

കേരള സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്താണ് യാത്ര പുറപ്പെട്ടത്. അതുകൊണ്ടുതന്നെ വാളയാറിലെ പരിശോധനകൾ കഴിഞ്ഞയുടനെ അഞ്ചാറു ഫോൺ കോളുകൾ വന്നു. ആരോഗ്യപ്രവർത്തകരും മറ്റുമായിരുന്നു വിളിച്ചത്. ആശ്ചര്യപ്പെടുത്തിയ അനുഭവമായിരുന്നു അത്. സൗഹാർദപരമായിട്ടാണു പൊലീസുകാരും ഇടപെട്ടത്. 

72 ടോൾഗേറ്റുകൾ താണ്ടിയായിരുന്നു യാത്ര. ഫാസ്റ്റ്ടാഗ് ഇല്ലാത്തതിനാൽ കുറച്ചു ബുദ്ധിമുട്ടി. കൈമാറ്റം ചെയ്യപ്പെടുന്ന നോട്ടുകൾ കൊറോണഭീതിയുണർത്തി. ദേശീയപാത അതോറിറ്റിയുടെ ബ്രേക്ക്ഡൗൺ സർവീസ് ഉള്ളതിനാൽ ആശങ്കയുണ്ടായിരുന്നില്ല. ഒന്നു പംക്ചർ ആകുക പോലും ചെയ്യാതെയാണ് ഡിസയർ നാട്ടിലെത്തിയത്. തങ്ങളുടെ കാറിനെപ്പറ്റി സഖിക്കു പിന്നെയും പറയാനേറെ. ഒന്നാന്തരം ബ്രേക്കിങ്, തണുപ്പുപകരുന്ന എസി എന്നിവ എടുത്തുപറയുന്നു അദ്ദേഹം. ഡ്രൈവിങ് സുഖത്തിന്റെ കാര്യത്തിലും ഡിസയർ ഒന്നാന്തരം തന്നെ. ഒറ്റയ്ക്ക് 2900 കിലോമീറ്റർ ഡ്രൈവ് ചെയ്ത സഖി ജോണിന്റെ സാക്ഷ്യം.

English Summary: Travel during the Covid 19 Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com