ADVERTISEMENT

മലകളുടെ റാണി എന്നറിയപ്പെടുന്ന മസൂറി സുന്ദരമായ പ്രകൃതിയാൽ അനുഗ്രഹീതയാണ്.വിനോദ സഞ്ചാരികൾ ഉൾപ്പടെ മധുവിധു ആഘോഷിക്കാനെത്തുന്നവരുടെയും പറുദീസയാണിവിടം.ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഡെറാഡൂൺ ജില്ലയിലെ ചെറുപട്ടണമാണ് മസ്സൂറി. ഹിമാലയത്തിന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന മസൂറിയില്‍ നിന്നാല്‍ ശിവാലിക്ക് മലനിരകളുടേയും ഡൂണ്‍ താഴ് വരയുടേയും ഭംഗി ഒരുപോലെ ആസ്വദിക്കാനാവും.

സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണത്. പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തിൽ മനോഹരിയണിവൾ. നിരവധി കാഴ്ചകൾ പ്രകൃതി ഒരുക്കിയിട്ടുണ്ട്. മലകളുടെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യാൻ ക്യാമൽ ബാക് റോഡും കെംപ്റ്റി വെള്ളച്ചാട്ടവും ലേക് മിസ്റ്റും പൂക്കളുടെ ഭംഗിയും സൂര്യാസ്തമയശോഭയും കാണാൻ മുനിസിപ്പൽ പൂന്തോട്ടവും മസൂരി തടാകവും ഭട്ട വെള്ളച്ചാട്ടവുമെല്ലാം ഈ നാടിനെ സൗന്ദര്യറാണിയാക്കുന്നു.ഇന്ത്യയുടെ ചൂടില്‍നിന്നു രക്ഷപ്പെടാനായി ബ്രിട്ടിഷുകാര്‍ കണ്ടെത്തിയ തണുപ്പിന്റെ നാടാണ് മസ്സൂറിയെന്നും പറയുന്നു. ഇന്നു ഏറ്റവുമധികം സഞ്ചാരികൾ അവധിക്കാലം ചെലവഴിക്കാനായി തിരഞ്ഞെടുക്കുന്നതും മസ്സൂറിയാണ്.

mussoorie1
Daniel Prudek/Shutterstock

വര്‍ഷത്തില്‍ ഏതു സമയത്തും സന്ദര്‍ശിക്കാന്‍ കഴിയുന്ന സ്ഥലമാണ് മസ്സൂറി. സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

മസ്സൂറിയിലെ സ്വപ്നതുല്യമായ കാഴ്ചകളിലേയ്ക്ക് ഡൽഹിയിൽ നിന്നും, മറ്റു ഉത്തരേന്ത്യന്‍ പട്ടണങ്ങളിൽ നിന്നും മസൂറി ബസ്സ് മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ റെയിൽ മാർഗ്ഗം ഡെറാഡൂണിൽ എത്തിച്ചേർന്നതിനു ശേഷം, 34 കി.മി സഞ്ചരിച്ചാൽ മസൂറിയിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് വിമാനമാർഗ്ഗവും എത്തിച്ചേരാം.

ആകർഷണങ്ങൾ

ഗണ്‍ ഹില്‍ മുസ്സൂറിയിലെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌.ഇവിടെയെത്തിയാൽ മഞ്ഞുമൂടിയ ഹിമാലയന്‍ കൊടുമുടികളുടെ കാഴ്ച ആസ്വദിക്കാം, കൂടാതെ മുസ്സൂറിയിലെ പ്രധാനപ്പെട്ട ഷോപ്പിംഗ്‌ കേന്ദ്രമായ ദ മാളും കാണാന്‍ കഴിയും .മാൽ റോഡിൽ നിന്ന് ഗൺ ഹില്ലിലേക്ക് കയറാൻ റോപ്പ് വേ സംവിധാനവും നിലവിലുണ്ട്.

കെംപ്റ്റി ഫാൾസ് മസൂറിയിൽ നിന്ന് ഏകദേശം 17 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കെം‌പ്ടി ഫാൾസ് മനോഹരമായ ഒരു വെള്ളച്ചാട്ടമാണ്. ഇവിടെ ഒരു ചെറിയ ഉല്ലാസകേന്ദ്രവും സ്ഥിതി ചെയ്യുന്നു.സമുദ്ര നിരപ്പിൽ നിന്നും 1364 മീറ്റർ ഉയരത്തിലാണ് കെംപ്ടി വെള്ളച്ചാട്ടം നിലകൊള്ളുന്നത്.കെം‌പ്ടി വെള്ളച്ചാട്ടത്തിൽ നിന്നും 5 കി.മി മുൻപായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ലേക് മിസ്റ്റ്.

മുനിസിപ്പൽ ഗാർഡൻ - മസൂറി പട്ടണത്തിൽ നിന്ന് 2 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇത് മനോഹരമായ ഒരു പൂന്തോട്ടമാണ് . ഇവിടെ നിന്ന് വൈകുന്നേരം സൂര്യാസ്തമനം കാണാവുന്നതാണ്.

മസൂറി തടാകം മറ്റൊരു പ്രധാന ആകർഷണമാണ്. മസൂറി - ഡെഹ്‌റാഡൂൺ റോഡിൽ മസൂറിക്ക് 6 കി. മി മുൻപായി ഇത് സ്ഥിതി ചെയ്യുന്നു.തടാകത്തില്‍ ബോട്ടുയാത്ര നടത്താവുന്നതാണ്‌.

English Summary: Mussoorie The Queen Of Hill Stations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com