വേറിട്ട വഴി ഉൗട്ടിയിലേക്ക്; ഇത് റൈഡേഴ്സിനെ മോഹിപ്പിക്കുന്ന പാത

ooty-trip
SHARE

വയനാട്ടിലെ മേപ്പാടിയിൽ നിന്ന് ഗൂഡല്ലൂർ വഴി ഊട്ടിയിലേക്ക് 103 കിലോമീറ്റർ. അതിരാവിലെ പുറപ്പെട്ട് മനോഹരമായ വഴി യോരക്കാഴ്ചകൾ ഒപ്പിയെടുക്കാം എന്ന അതിമോഹമൊക്കെ പതിവുപോലെ ‘അൽപം’ നീണ്ട്, പുറപ്പെട്ടപ്പോൾ ഹെഡ്‍ലൈറ്റ് ഇടേണ്ട നേരമായി! അപ്പോൾ പിന്നെ നൈറ്റ് റൈഡിന്റെ വശ്യ മനോഹാരിതയിലേക്ക് സ്വൽപം പൈങ്കിളിത്തത്തോടെ ഊളി യിട്ട് പോകാമല്ലോ എന്ന ‘പ്ലാൻ ബി’ വർക്ക് ഔട്ട് ചെയ്തു. ഗൂഗിൾ മാപ്പിലെ പെണ്ണിനെ വെറുതെ കൂടെക്കൂട്ടി. ഈ മല മണ്ടയിലെ വഴിയൊക്കെ ഈ മദാമ്മക്കൊച്ചെങ്ങനെ അറിയു ന്നു എന്ന ‘ക്ലാസിക്’ സംശയത്തിൽ അദ്ഭുതപ്പെട്ട്, ഇരുട്ടും മൂടൽമഞ്ഞും തണുപ്പും വീണു തുടങ്ങുന്ന വയനാട്–ഗൂഡല്ലൂർ– ഊട്ടി പാതയിലൂടെ മനസ് യാത്രയുടെ മൂഡ് പിടിച്ചെടുത്തു.

തമിഴ്നാട് ചെക്പോസ്റ്റിനോടടുക്കും മുമ്പേ ഊട്ടിയുടെ ഫീൽ വന്നു തുടങ്ങിയെന്ന് പിന്നിലിരുന്ന് സുഹൃത്ത് െചറിയ കിടു കിടുപ്പും ആവേശവും കലർത്തിപ്പറഞ്ഞപ്പോൾ കോളജ് കാലത്തെ ഊട്ടി ടൂറിന്റെ വേറിട്ട ഓർമകൾക്ക് വിരാമമായി ബസിന്റെ ജനാലകൾ വീതം വച്ചുതന്ന കാറ്റു പോലും വേണ്ടാ ന്നു പറഞ്ഞ് കതടച്ച് ചുരം കടന്ന അക്കാലവും കാറ്റിലും കോട യിലും അടിമുടി കുളിർത്ത്, പാലിക്കാൻ സമയക്രമങ്ങളില്ലാതെ തോന്നിയയിടത്ത് നിർത്തിയും തോന്നിയതൊക്കെ വാങ്ങിക്കഴി ച്ചും പോകുന്ന ഇക്കാലവും തമ്മിൽ ഒന്നു താരതമ്യം ചെയ്തു നോക്കി. എന്താല്ലേ

ഈ റൂട്ടിന് സമീപത്താണ് പെരുന്തുരുത്തി പോലെയുള്ള വെള്ളച്ചാട്ടങ്ങൾ. എടയ്ക്കൽ ഗുഹയിലേക്ക് പോകുന്നവർക്ക് ഇവിടെ നിന്ന് തിരിഞ്ഞു പോകാം. തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന വടുവൻചാൽ എത്തിയപ്പോഴേക്കും ഒന്നു രണ്ട് മീറ്ററുകൾക്ക് അപ്പുറത്തേക്ക് വഴി കാണാൻ പോലും കഴിയാത്ത അവസ്ഥയായി. അവിടെ നിന്ന് 43 കിലോമീറ്റർ കൂടി പോകണം ഗൂഡല്ലൂരെത്താൻ. ലൈറ്റ് ബ്രൈറ്റ് ഇട്ടാൽ പോലും പ്രകാശത്തെ അപ്പാടെ കോട, വെള്ളത്തിൽ വരച്ച വര പോലെ വിഴുങ്ങുന്നു. ശ്രദ്ധ ഒരൽപം പാളിയാൽ തെറിച്ചു കൊക്കയിലേക്കു പോകും.

Masinagudi-ooty-trip

അല്ലെങ്കിൽ എതിരെ വരുന്ന വണ്ടി യിൽ ചെന്നിരിക്കും. ദൂരെ നിന്നു വഴിയുടെ രണ്ടു വശത്തു മായി വരുന്ന വെളിച്ചങ്ങൾ ബൈക്കുകളാണോ അതോ വല്ല ലോറിയുമാണോ എന്ന് സർദാർജിയെപ്പോലെ ഞങ്ങളും സംശ യിച്ചു! ഏതായാലും അവയ്ക്കിടയിലൂടെ ആവേശം മൂത്ത് ‘ധൂം’ കളിക്കാനൊന്നും നിൽക്കാതെ മര്യാദയ്ക്ക് വണ്ടിയോടിച്ചതു കൊണ്ട് വെടിപ്പായി ചൂലാടി ചെക്ക് പോസ്റ്റിലെത്തി. അവിടെ ഞങ്ങളെ കാത്ത്, തമിഴ്നാട് പൊലീസ് പ്രതിനിധികൾ സ്വെറ്റർ ഇട്ട് നിൽപുണ്ടായിരുന്നു. ആദ്യമേതന്നെ ടോൾ പിരിവ് നടത്തി. അതിനുശേഷം വണ്ടിയുടെ പേപ്പറുകൾ പരിശോധി ക്കാൻ ഓഫീസിലേക്കു വിളിപ്പിച്ചു. ഏതായാലും നൂറു രൂപ യിൽ ആ പരിശോധന അവസാനിച്ചു. 

ഗൂഡല്ലൂരിലേക്ക്

ചെക്ക്പോസ്റ്റ് താണ്ടി കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ബേക്കറി കണ്ടു. മലയാളികളുടെ കട തന്നെ! അവിടെ നിന്ന് കട്ടനും പഴംപൊരിയും കഴിച്ച് നേരെ വിട്ടു. വഴിയിൽ ഇടയ്ക്കി ടെ കേരള രജിസ്ട്രേഷൻ ബുള്ളറ്റുകളും കാറുകളും ഞങ്ങളെ കടന്നു പോയി. പന്തലൂർ പോലെയുള്ള മുല്ലപ്പൂ മണക്കുന്ന ചിന്നപ്പട്ടണങ്ങൾ കടന്ന് ഒൻപത് മണിയോടടുത്ത് ഗൂഡല്ലൂരെ ത്തി. ടിപ്പിക്കൽ തമിഴ് പട്ടണത്തിന്റെ എല്ലാ സവിശേഷതകളും വെടിപ്പില്ലായ്മയും ഉള്ള ഒരു ചെറു പട്ടണം. ചെല്ലുന്നിടത്തെ ല്ലാം മലയാളികൾ എന്നുള്ളത് വേറൊരു പ്രത്യേകത. അതു കാരണം കേരളം വിട്ടു എന്നൊരു ഫീൽ കിട്ടാതായി. 

വഴികൾ കൂടിച്ചേരുന്ന ഗ്രാമം എന്നാണ് ഗൂഡല്ലൂർ എന്ന വാക്കിനർഥം. ഊട്ടിയിൽ നിന്ന് ഏകദേശം 51 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് നീലഗിരി താലൂക്കിന്റെ ഈ ആസ്ഥാനം കിടക്കുന്നത്. ഗൂഡല്ലൂർ –ഊട്ടി റൂട്ടിൽ ഏകദേശം എട്ട് കിലോ മീറ്റർ പോയാൽ നീഡിൽ റോക്ക് പോയിന്റ് എന്നൊരു വ്യൂ പോയിന്റ് ഉണ്ട്. 360 ‍ഡിഗ്രി കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയ ഒരു കിടിലൻ സ്ഥലം. ഇവിടെ നിന്നുള്ള അസ്തമയക്കാഴ്ച ഒരപൂർവ അനുഭവമാണ്. കൂടാതെ മുതുമലൈ വന്യജീവി സങ്കേതത്തിന്റെ മനോഹരമായ ദൃശ്യവും ദൂരെ ഗൂഡല്ലൂർ ടൗണിന്റെ തിരക്കുകളും കാണാം. ഇതേ റൂട്ടിൽ തന്നെയാണ് ഫ്രോഗ് ഹിൽ വ്യൂ പോയിന്റും. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് സംഗതി ഇവിടെ നിന്നാൽ തവളയെ പോലെ തോന്നിക്കുന്ന ഒരു മല കാണാം.

Masinagudi-ooty-trip2

ചെറുതും വലുതുമായ മുപ്പതിലധികം ലോഡ്ജുകളുണ്ട് ഗൂഡല്ലൂർ പട്ടണത്തിൽ. ഈ ചെറിയ ടൗണിൽ എന്തിനിത്ര യധികം ലോഡ്ജുകൾ എന്ന സംശയം വേണ്ട. ഒക്കെയും ഊട്ടിക്ക് പോകുന്നവരുടെ ഇടത്താവളങ്ങൾ തന്നെ. എന്നാൽ, അവധി സമയമായതു കാരണം എല്ലായിടത്തും ഒരു രക്ഷയുമി ല്ലാത്ത തിരക്ക്. അവിടെ ലോഡ്ജ് നടത്തുന്ന ഒരു മലപ്പുറം കാരൻ പയ്യൻ ഞങ്ങളെ സഹായിക്കാൻ കുറെ ശ്രമിച്ചു. ഒടു വിൽ അവൻ കാട്ടിത്തന്ന ഒരു ചെറിയ ലോ‍ഡ്ജിൽ വലിയ പണച്ചെലവില്ലാതെ മുറി ഒത്തു കിട്ടി. ലോഡ്ജിന്റെ നടത്തി പ്പുകാർ മലയാളികളാണെന്ന് പ്രത്യേകം പറയേണ്ടല്ലോ.

നേരെ ഗൂഡല്ലൂർ– ഊട്ടി റൂട്ട് പിടിക്കാതെ മസിനഗുഡി വഴി പോകാം എന്ന പ്ലാനോടെ ഞങ്ങൾ അന്ന് രാത്രി അവിടെ കൂടി. 

മസിനഗുഡി വഴി ഊട്ടിയിലേക്ക്

രാവിലെ ഏഴ് മണിയോടെ ഗൂഡല്ലൂർ വിട്ടു. അവിടെ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉണ്ട് മസിനഗുഡിയിലേക്ക്. മുതു മലൈ ദേശീയോദ്യാനത്തിലൂടെയുള്ള റൈഡ് തന്നെയാണ് ഈ റൂട്ടിന്റെ ഹൈലൈറ്റ്. ഊട്ടിക്ക് പോകുകയാണെങ്കിൽ ഈ വഴി പോകണം എന്ന് പല റൈഡേഴ്സും റെക്കമെൻഡ് ചെയ്യുന്നതിന്റെ കാരണവും അതു തന്നെ. അഞ്ച് റേഞ്ചുക ളായി തിരിച്ചിട്ടുള്ള ഈ വന്യജീവിസങ്കേതത്തിന്റെ ഒരു പ്രധാന റേഞ്ച് മസിനഗുഡിയാണ്. ഇന്ത്യൻ ആനകളുടെയും ബംഗാൾ കടുവകളുടെയുമൊക്കെ സംരക്ഷണ മേഖലയായ ഈ ദേശീയോദ്യാനത്തിലൂടെ പകൽ തന്നെ യാത്ര ചെയ്യണം. ആനസവാരിയും ട്രെക്കിങ്ങും പക്ഷിനീരീക്ഷണവും അടക്കം സഞ്ചാരികൾക്ക് ധാരാളം സാധ്യതകൾ ഇവിടെയുണ്ട്. ഈ പ്രദേശത്തിനു വേണ്ടി തമിഴ്നാട് സർക്കാർ കോടികളാണ് ചെലവാക്കിയിട്ടുള്ളത്. 

റൈഡിങ് മാത്രം ഉദ്ദേശിച്ചിറങ്ങിയ ഞങ്ങളേപ്പോലുള്ളവർക്ക് ഇതൊക്കെ കണ്ടും േകട്ടും അങ്ങനെ കടന്നുപോകാം. മാൻകൂട്ടങ്ങളെയും മയിലുകളെയുമൊക്കെ വഴിയോരക്കാ ഴ്ചകൾക്കിടയിൽ കാണാം. ഈ വഴികളിലൊന്നും വണ്ടി നിർത്തി ഫോട്ടോ എടുക്കാനുള്ള അനുവാദമില്ല. എങ്കിലും ഓരോ കാഴ്ചയും പകര്‍ത്തിപ്പോകുന്നവരാണ് ഏറിയ പങ്കും. അപരിചിതവും അജ്ഞാതവുമായ കാടിന്റെ സ്വച്ഛതയിൽ നിന്നു കാഴ്ചയിലേക്ക് ഇറങ്ങി വരുന്ന ചെറുജീവികൾ പോലും നമുക്ക് കൗതുകം സമ്മാനിക്കും. സാഹസികമായ എന്തോ ചെയ്യുന്നു എന്ന തോന്നലിനൊപ്പം ഇപ്പോഴും പിടികിട്ടാത്ത, പ്രകൃതിയുമായുള്ള ഒരു കണക്ഷൻ അറിയാതെ നമ്മളിലേക്ക് എത്തിയിരുന്നു അപ്പോഴൊക്കെ. 

കാടും മലയുമൊക്കെ കണ്ട് പതിയെ മസിനഗുഡിയിലേക്ക് പ്രവേശിക്കുമ്പോൾ മനോഹരമായ ഒരു താഴ്‍വാരം കാണാം. വന്യജീവി സങ്കേതം കടന്നെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗ വും മലയുടെ പശ്ചാത്തലത്തിൽ ‘ഷാരൂഖ്ഖാൻ പോസി’ൽ കൈകൾ വിടർത്തി ചിത്രമെടുക്കുന്നത് ഇവിടെയാണ്. 

വഴി നേരെ എത്തുന്നത് മസിനഗുഡി പട്ടണത്തിലേക്കാണ്. ഒരു ചെറിയ ടൗണാണ് മസിനഗുഡി. വന്യജീവി സങ്കേതം തന്നെയാണ് അവിടുത്തെ മുഖ്യ ആകർഷണം. അവധി ആഘോഷിക്കാനിറങ്ങിയ ടൂറിസ്റ്റുകളുടെ ഘോഷയാത്ര കാരണം ആ ചെറുപട്ടണം വിമ്മിട്ടപ്പെടുന്നുണ്ടായിരുന്നു. ഉത്തരേന്ത്യയും വടക്കുകിഴക്കൻ പ്രദേശങ്ങളും അടക്കമുള്ള സമസ്ത മേഖലകളിലെ ജനങ്ങളും അതുവഴി കടന്നു പൊയ്ക്കൊണ്ടിരുന്നു. ഊട്ടിക്ക് പോകുന്നവരോ വരുന്നവരോ ആയിരുന്നു എല്ലാവരും. വേഗം പ്രാതലും കഴിച്ച് ഞങ്ങൾ സ്റ്റാൻഡ് വിട്ടു. നേരെ ഊട്ടിക്ക്

റോഡ് ടു ഊട്ടി

കുറേ ദൂരം ചെല്ലുമ്പോൾ ഊട്ടിയിലേക്കുള്ള വിഖ്യാതവും കഠിനവുമായ െഹയർപിൻ വളവുകൾ തുടങ്ങുന്നതിന് താഴെ യായി വഴിയരികിൽ ഒരു വ്യൂ പോയിന്റ് ഉണ്ട്. അവിടേക്ക് വണ്ടിയൊതുക്കി ഞങ്ങളും മറ്റുള്ളവർക്കൊപ്പം കാഴ്ച കാണാനും ഫോട്ടോയെടുക്കാനുമായി ഇറങ്ങി. തലങ്ങും വിലങ്ങും സെൽഫി സ്റ്റിക്കുകൾ നീണ്ടു. സഞ്ചാരികളുടെ കയ്യിൽ നിന്ന് എന്തെങ്കിലും അടിച്ചുമാറ്റാൻ ജാഗരൂഗരായി ഇരിക്കുന്ന ഒരു പറ്റം കുരങ്ങന്മാരുണ്ടവിടെ. അക്കൂട്ടത്തിൽ കുടുംബങ്ങളും ഒറ്റയാന്മാരും ഒക്കെയുണ്ടായിരുന്നു. പാറപ്പു റത്ത് ഇരുന്നും കിടന്നും പോസ് ചെയ്യുന്ന ആളുകളെ നോക്കി ‘ഇവന്മാരാണോ ഞങ്ങളാണോ ശരിക്കും കുരങ്ങന്മാർ’ എന്ന് അവറ്റകൾ സംശയിച്ചാലും തെറ്റ് പറയാനൊക്കില്ലായിരുന്നു! വ്യൂ പോയിന്റിന് മുന്നിലുള്ള വിശാലമായ കൊക്കയുടെ താഴ്‍ഭാഗത്ത് പ്ലാന്റേഷനുകൾ കാണാം.

ഫോട്ടോ എടുപ്പ് മടുത്തപ്പോൾ പതിയെ വണ്ടി സ്റ്റാർട്ട് ചെയ്തു. ഇനി കടക്കാനുള്ളത് ഒന്നും രണ്ടുമല്ല, 36 ഹെയർ പിൻ വളവുകളാണ്! ഓരോ വളവിലും എണ്ണം എഴുതിവച്ചി ട്ടുള്ളത് നോക്കി നോക്കി കയറാം. തിരക്ക് കൂടുതലായതിനാൽ യാത്ര അനായാസമായിരുന്നില്ല. പലയിടത്തും വണ്ടി ഒതുക്കി നിർത്തേണ്ടി വന്നു. മുക്കാൽഭാഗം വളവുകളും പിന്നിട്ടപ്പോ ഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. കൂട്ടുകാരുടെ ബൈക്കിനെപ്പറ്റി ഒരു വിവരവുമില്ല. അവർ കടന്നുപോകുന്നത് കണ്ടുമില്ല. കുറേ നേരം കാത്തു നിന്നു. കാണാണ്ടായപ്പോൾ വിളിച്ചു. ഫോണെ ടുക്കുന്നില്ല. അപ്പോൾതന്നെ വണ്ടി തിരിച്ചു. കയറിയ അത്രയും ഹെയർപിന്നും കടന്ന് താഴെ എത്താറായപ്പോള്‍ ദേ, വിളി വരുന്നു: ‘അളിയാ ഞങ്ങൾ മുകളിലെത്തി. നിങ്ങൾ എവിടാ’. ‘എനിക്കു തൊഴുതു മതിയായില്ല’ എന്നു പറഞ്ഞ് ശബരിമല തിരിച്ചു കയറുന്ന ശ്രീനിവാസനെപ്പോലെ ഞങ്ങൾ വീണ്ടും മുകളിലേക്ക് വളവെണ്ണിത്തുടങ്ങി.

വെൽക്കം ടു ഊട്ടി

ഊട്ടി എന്ന് കേട്ടാൽ സാധാരണ മലയാളികളുടെയെല്ലാം ഉള്ളിൽ ആദ്യം വരുന്നത് ‘വെൽക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യു’ എന്ന ഡയലോഗ് ആണ്. കിലുക്കം ഓർമിക്കാതെ നമുക്ക് ഊട്ടിയിൽ പോകാനേ പറ്റില്ലല്ലോ. ജോജിയും നിശ്ചലും ഒക്കെ ഉണ്ടായിരുന്ന ഊട്ടിയിൽ നിന്ന് ഇന്നത്തെ ഊട്ടി ഒരുപാട് മുന്നോട്ടുപോയി എന്നൊന്നും തോന്നുന്നില്ല. വാഹനങ്ങളുടെ യും കച്ചവടസാധനങ്ങളുടെയും ടൂറിസ്റ്റുകളുടെയും വർധന മാത്രമായിരിക്കും പ്രധാനവ്യത്യാസങ്ങൾ അവിടുത്തെ സാധാര ണക്കാരുടെ ജീവിതത്തിലൊന്നും ടെലിവിഷനിലും സ്മാർട് ഫോണിലും കവിഞ്ഞൊരു ആഡംബരം വന്നതായി തോന്നു ന്നില്ല. നന്നായി കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവരാണ് ഭൂരിഭാ ഗവും.

അവർക്ക് ഊട്ടി കാഴ്ചയോ സുഖവാസകേന്ദ്രമോ അല്ല. മറിച്ച് പൊന്നു വിളയുന്ന മണ്ണും കച്ചവടകേന്ദ്രവുമാണ്. ഞായ റാഴ്ചയാണെന്നും പറഞ്ഞ് വീട്ടിലിരുന്ന് ടി.വി കാണാൻ നിൽ ക്കാതെ പാടത്തിറങ്ങി പണിയെടുക്കുന്ന ധാരാളം സ്ത്രീകളെ വഴി നീളെ കണ്ടു. കാബേജ് വിളയുന്ന പാടങ്ങൾക്കടുത്തു കൂടി ചില ഉൾവഴികളിലേക്ക് പോയി നോക്കി. വീടുകളുടെയും കൃഷിയിടങ്ങളുടെയുമെല്ലാം നിറങ്ങൾ കലർന്ന ബഹുവർണ ക്കാഴ്ചയാണ് ഊട്ടിയുടെ ഓരോ കോണിലും. പുറത്തെ ബഹ ളങ്ങളിലൊന്നും ഇടപെടാതെ, വന്നു പോകുന്ന വിരുന്നുകാരെ ഗൗനിക്കാതെ അവരുടെ ജീവിതവുമായി കടന്നു പോകുന്ന അനേകം പേരെ കണ്ടു.

ഊട്ടിപ്പട്ടണം

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ നിർമിച്ച ബൊട്ടാ ണിക്കൽ ഗാർഡൻ ഊട്ടിയുടെ പ്രധാന ആകർഷണമാണ്. പക്ഷേ, അതൊക്കെ സ്കൂൾ കോളജ് കാലത്ത് പല കുറി കണ്ട് മുഷിഞ്ഞതു കാരണം അകത്തേക്ക് കയറാൻ തോന്നി യില്ല. അതിന് വേറെയുമുണ്ട് കാരണം. ഒരു പിടി പൂഴിമണ്ണ് വാരി മുകളിലേക്കെറിഞ്ഞാൽ ഒരു തരി പോലും താഴെ വീഴാ ത്തത്ര ജനപ്രളയമായിരുന്നു ഗാർഡനു മുമ്പിൽ. അപ്പോൾ പിന്നെ ചോളം കനലിൽ ചുട്ടത് മുളകും ഉപ്പും നാരങ്ങാനീരു മൊക്കെ തേച്ച് ലാവിഷായി തിന്നുകൊണ്ട് ഇന്ത്യയുടെ വർണ മനോഹരമായ ജനവൈവിധ്യം ആസ്വദിക്കുക മാത്രമല്ലേ വഴിയുള്ളൂ. (പച്ച മലയാളത്തിൽ പറഞ്ഞാൽ ചോളവും തിന്ന് വായിനോക്കി നിന്നു!) 

ബൊട്ടാണിക്കൽ ഗാർഡന് സമീപമാണ് ടിബറ്റൻ അഭയാർഥി കളുടെ കടകൾ. കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കടകളിൽ മാത്രം കയറി നെയ്ത്തുകലയിൽ ഗവേഷണം നട ത്തുന്ന മലയാളിച്ചുള്ളന്മാരെ ശല്യപ്പെടുത്താതെ എവിടെ യെങ്കിലും അൽപം ബിരിയാണി കിട്ടുമോ എന്ന് അന്വേഷിച്ച് ഞങ്ങൾ നടന്നു. ചെന്നെത്തിയത് ഒരു ‘കബാലി’ ഫാൻ അണ്ണന്റെ കടയിൽ. അണ്ണന്‍ ആ ഭാഗത്തെ രജനി ഫാൻസ് അസോസിയേഷന്റെ ഭാരവാഹിയാണെന്ന് കടയിൽ ചില്ലിട്ടു വച്ചിരുന്ന സർട്ടിഫിക്കറ്റുകളും ഫോട്ടോകളും കണ്ടപ്പോൾ മനസ്സിലായി.

നമ്മുടെ ബിരിയാണികളുമായി പുലബന്ധം പോലുമില്ലാത്ത തമിഴ് ബിരിയാണി താരതമ്യങ്ങൾക്കൊന്നും മുതിരാതെ അകത്താക്കി. വിശപ്പിന് പിന്നെ അങ്ങനെയൊരു മാജിക് ഉണ്ടല്ലോ. പതിയെ തടാകത്തിനുടത്തേക്ക് പോകാ മെന്ന് വച്ച് ഇറങ്ങി. വണ്ടിയിറക്കാൻ ഇടയില്ലാത്ത റോഡിലൂടെ ഒരു വിധത്തിൽ മുന്നോട്ടു പോയി. ബോട്ടിങ്ങും, കുതിരസവാരി യുമൊക്കെയുള്ള തടാകത്തിന്റെ സമീപത്താണ് ഊട്ടിയിലെ സുപ്രധാനമായ ഒരു കച്ചവടകേന്ദ്രമുള്ളത്. ചോക്ലേറ്റും സ്വെറ്ററുമൊക്കെ വിലപേശി വാങ്ങി നമ്മൾ ഗമയിൽ നടക്കു മ്പോൾ ‘പറ്റിച്ചേ’ എന്ന ഭാവം ഒട്ടും പുറത്തു കാട്ടാതെ നിസ്സംഗ രായി നിൽക്കുന്ന തമിഴ് കച്ചവടക്കാർ സംഭവം തന്നെയാണ്.

മടക്കം ഒരൽപം ഹൊറർ പടം!

ചോക്ലേറ്റ് ഫാക്ടറിയും ഹെറിറ്റേജ് ട്രെയിനും പോലെയുള്ള ആകർഷണങ്ങളിലേക്ക് പോകാനുള്ള പിക്നിക് മൂഡിനപ്പുറം വഴികൾ ആസ്വദിക്കാനുള്ള റൈഡിങ് മൂഡായിരുന്നു ഞങ്ങൾ ക്ക്. അതുകൊണ്ടു തന്നെ മടങ്ങാൻ തീരുമാനിച്ചു. അതും വന്ന വഴിയല്ല. നേരേ ഊട്ടി–ഗൂഡല്ലൂർ റൂട്ടിലൂടെ. അതിന് ഏതു വഴി യാണ് പോകുക എന്ന സംശയം വന്നത് ഒരു ട്രാഫിക് ഐലൻ ഡിൽ വച്ചാണ്. സുന്ദരികളായ രണ്ട് തമിഴ് വനിതാ പൊലീസു കാരികളാണ് ട്രാഫിക് നിയന്ത്രിക്കുന്നത്.

അവരോട് ആര് വഴി ചോദിക്കും എന്നതിലായി പിന്നെ തർക്കം! ഏതായാലും കൂട്ടത്തിൽ ആത്മാർഥമായ ആഗ്രഹം പ്രകടിപ്പിച്ചവൻ തന്നെ ആ ദൗത്യത്തിനിറങ്ങി. തലങ്ങും വിലങ്ങും വണ്ടികളൊഴുകുന്ന ജംക്ഷനിൽ വച്ച് കക്ഷി സൗമ്യകളും സുഭാഷിണികളുമായ അവരിൽ നിന്നും വഴി മനസ്സിലാക്കി ‘റെമോ’ സ്റ്റൈലിൽ വണ്ടികൾക്കിടയിലൂടെ ഓടി വന്നു. എന്നിട്ട് കൈ ചൂണ്ടി പറഞ്ഞു: ‘അന്ത പക്കം’!

താഴേക്കിറങ്ങുമ്പോൾ ചായ കുടിക്കാൻ നിർത്തിയത് തമിഴ്പട ങ്ങളിൽ കാണുന്നതു പോലെ ഒരു നായരേട്ടന്റെ കടയിൽ. ചൂട് ബജിയും കഴിച്ച് പല്ല് കൂട്ടിയിടിക്കുന്ന തണുപ്പിലേക്ക് വണ്ടി വിട്ടു. ഇരുട്ട് പരന്നതിനൊപ്പം വന്ന പെരുമഴ അതു വരെയുള്ള യാത്രയുടെ സ്വഭാവം തന്നെ മാറ്റിക്കളഞ്ഞു. ഇരുവശത്തുമുള്ള കാടിന്റെ കനത്ത നിഴലുകൾക്കൊപ്പം നിലയ്ക്കാത്ത മഴ കൂടി യായപ്പോൾ സംഗതി ഹൊറർ പടം പോലെയായി. ആ വഴിക്ക് ഉൾക്കൊള്ളാവുന്നതിനേക്കാൾ വലിയ വണ്ടികളും മഴയൊരു ക്കിയ ചെളിക്കുണ്ടുകളും ചേർന്ന് പലയിടത്തും കാര്യമായ ബ്ലോക്കുകളുണ്ടാക്കി. രാത്രിയിൽ കാടിനിടയിലൂടെയുള്ള യാത്രയിൽ സ്വാഭാവികമായ എല്ലാ ത്രില്ലും ചങ്കിടിപ്പും റൈഡ് തരുന്നുണ്ടായിരുന്നു. നിയന്ത്രണം വിട്ടെത്തുന്നവരെ വിഴു ങ്ങാൻ നിൽക്കുന്ന കൊക്കകളെ കബളിപ്പിച്ച് ചുരമിറങ്ങി. ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഈ റൂട്ടിൽ എവിടെ നിന്നും നല്ല അസ്സല് ചായ കിട്ടും. ഏലയ്ക്കാ, ചോക്ലേറ്റ് ഫ്ലേവറിലൊ ക്കെ നല്ല കിടിലൻ ചായ. ഉയരം കൂടുന്തോറും ചായയുടെ രുചി കൂടുന്നതാവും!

എങ്ങനെ എത്താം

കൽപറ്റയിൽ നിന്ന് മേപ്പാടി വഴി. കോഴിക്കോട്–ഗൂഡല്ലൂർ റൂട്ടിലൂടെ ഗൂഡല്ലൂർ. ഗൂ‍ഡല്ലുരു നിന്ന് മുതുമലൈ ദേശീയോ ദ്യാനത്തിലൂടെ മസിനഗുഡി. അവിടെ നിന്ന് നേരെ മൈസൂർ – ഊട്ടി റോഡിലൂടെ, 36 ഹെയർപിൻ വളവുകൾ കയറി ഊട്ടി. ഊട്ടിയിൽ നിന്ന് കോയമ്പത്തൂർ –ഊട്ടി–ഗുണ്ടൽപേട്ട് ഹൈവേയിലൂടെ ഗൂഡല്ലൂർ. പിന്നെ വന്ന വഴി നേരെ മേപ്പാടി– കൽപറ്റ. 

English Summary: Ooty Trip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA