വേലിയേറ്റവും വേലിയിറക്കവുമുള്ള സമുദ്രമാണ് ജീവിതം, അതൊക്കെ താണ്ടി മുന്നോട്ടുപോകണം: കനിഹ

kaniha-travel
SHARE

കൊറോണ എന്ന മഹാമാരിയെ ഭയന്ന് മിക്കവരും യാത്ര ചെയ്യാതെ കുറെയധികം നാളുകൾ വീട്ടിൽ തന്നെയായിരുന്നു. ദിവസങ്ങളോളം വീടിനുള്ളിൽ കഴിഞ്ഞ മടുപ്പിനെ തുടച്ചുമാറ്റാനായി മിക്കവരും കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് യാത്രകൾക്ക് തയാറായി. കൊറോണക്കാലത്ത് യാത്ര പോകാനാവാത്ത മിക്കവരും പോയ യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു യാത്രാക്കാലങ്ങൾ ഒാ‍ർത്തെടുത്തിരുന്നു. കൊറോണക്കാലം പഴയയാത്രകളുടെ ഒാർമപ്പെടുത്തലുകൂടിയായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം സഞ്ചാരികളടക്കം സെലിബ്രേറ്റികളും കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു കൊണ്ട് സുരക്ഷിതമായി സഞ്ചരിക്കാവുന്ന ഇടത്തിലേക്ക് യാത്രകൾ  തുടങ്ങി.

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കനിഹ കൊറോണക്കാലത്തിനു മുന്‍പ് ഭര്‍ത്താവിനൊപ്പം നടത്തിയ പാരീസ് യാത്രയുടെ ഓര്‍മച്ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിനു പിന്നാലെ നീണ്ട ഇടവേളയ്ക്ക് ശേഷം കനിഹയും ഭർത്താവും മകനും കൊടൈക്കനാലിൽ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താരം മഹാബലിപുരത്തെ ബീച്ചിലെ കാഴ്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. വേലിയേറ്റവും വേലിയിറക്കവുമുള്ള സമുദ്രമാണ് ജീവിതം, അതൊക്കെ താണ്ടി മുന്നോട്ടുപോകണം: കനിഹ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.

ക്ഷേത്ര സമുച്ചയങ്ങളും കടൽത്തീരവും കഥ പറയുന്ന കലാനഗരം

View this post on Instagram

"Continue to focus only on the good." Happy Sunday #kaniha

A post shared by Kaniha (@kaniha_official) on

ചരിത്രമുറങ്ങുന്ന മണ്ണിൽ വിനോദത്തിന്റെ കെട്ടുകാഴ്ചകളൊരുക്കി ചെന്നൈ നഗര ഹൃദയത്തിൽ നിന്നും അറുപത്‌ കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന മനോഹര ഇടമാണ് മഹാബലിപുരം. കരിങ്കൽ ശിൽപങ്ങളും പുണ്യപുരാതനമായ ക്ഷേത്ര സമുച്ചയങ്ങളും മനോഹരമായ കടൽത്തീരവും കഥ പറയുന്ന കലാനഗരം. ദ്രാവിഡ-പല്ലവ-ചോള വാസ്തുശൈലിയുടെ സംഗമസ്ഥാനമാണിവിടം. തനിമ നഷ്ടപ്പെടാതെ പല്ലവ സാമ്രാജ്യത്തിന്റെ ചൂടും ചൂരും വിളിച്ചോതുന്ന നിർമിതികളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. ഒട്ടനവധി കാഴ്ചകളാണ് മഹാശിലകളുടെ നാട്ടില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

‘ഷോർ ടെമ്പിൾ’ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലേക്കും സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. പേരുപോലെ തന്നെ കടൽതീരത്തേക്കു മുഖം തിരിച്ചു നിൽക്കുന്ന ഒരു വിസ്മയമാണ് ‘ഷോർ ടെമ്പിൾ. ഉദിച്ചുയരുന്ന സൂര്യന്റെ ആദ്യകിരണങ്ങൾ മുഖദാവിൽ ഏറ്റുവാങ്ങുന്ന വിധം പണി കഴിപ്പിച്ച ക്ഷേത്രത്തിന്റെ വാസ്തുവൈവിധ്യം പുതിയകാല ആർകിടെക്ടിനെ പോലും അമ്പരിപ്പിക്കുന്നതാണ്. മറ്റൊരു ആകർഷണം മഹാബലിപുരം ബീച്ചാണ്.

പ്രശസ്തമായ ‘മഹാബലിപുരം ബീച്ച് സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനാണ്.കുടുംബങ്ങളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഈ കടൽത്തീരം. കുട്ടികളെ ആകർഷിക്കാനുള്ള കളികളും കുതിര സവാരിയുമെല്ലാം തീരത്തിനു നിറം കൂട്ടുന്നു. നീന്തിത്തുടിക്കാൻ പാകത്തിലുള്ള കടൽ കൂടിയാവുമ്പോൾ ആവേശം പിന്നേയും കൂടും.ക്ഷേത്ര കവാടത്തിനരികിലുള്ള മറ്റൊരു ചെറിയ വഴിയിലൂടെ നടന്നിട്ടുവേണം ഇവിടെയെത്താൻ. വഴിയുടെ വശങ്ങൾ സഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ധാരാളം കടകളുണ്ട്. മീൻരുചി വിളമ്പുന്ന ചെറുകടകളാണ് കൂട്ടത്തിൽ ഏറ്റവും തിരക്കേറിയത്. പലതരം കടൽമത്സ്യങ്ങൾ മസാല പുരട്ടി ആവശ്യാനുസരണം വറുത്തുകൊടുക്കുന്നു. മസാല പുരട്ട്, ‘ഷീ...’ ശബ്ദത്തോടെ ഞെരിഞ്ഞ്, ഇലയിൽ വന്നു വീഴുന്ന മീനിന്റെ രുചി, അതു വേറെ തന്നെയാണ്. വഴിയുടെ തുടക്കം തൊട്ട് കടൽത്തീരം വരെ ഇതുപോലുള്ള മീൻകടകൾ കാണാം.

mahabalipuram

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 56 കിലോമീറ്റർ ദൂരമാണ് മഹാബലിപുരത്തേക്കുള്ളത്.

English Summary: Actress Kaniha's trip to Mahabalipuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA