സഞ്ചാരികളെ കാത്ത് മുംബൈയുടെ സ്വന്തം ഹിൽസ്റ്റേഷൻ

SHARE

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനുകളിലൊന്നാണ് മഹാരാഷ്ട്രയിലെ മാഥേരാൺ. മുംബൈ നഗരത്തിൽ നിന്നും വെറും 90 കിലോമീറ്റർ ദൂരത്താണ് അതിമനോഹരമായ ഈ ഹിൽസ്റ്റേഷൻ. വിസ്തൃതിയിൽ ചെറുതെങ്കിലും നാൽപ്പതോളം കിടിലൻ വ്യൂപോയിന്റ്സും ട്രക്കിങ് റൂട്ടുകളും ഉൾക്കൊള്ളുന്ന മാഥേരാൺ മുംബൈവാസികളുടെ പ്രിയപ്പെട്ട വീക്കൻഡ് ഡെസ്റ്റിനേഷനാണ്.  

മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജീവനും ജീവിതവും നിലച്ച് പ്രേതനഗരമായി മാറിയിരുന്നു ഇവിടം. പൂർണമായും വിനോദസഞ്ചാരത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഇവിടത്തുകാർ വറുതിയിലായി. എന്നാൽ സെപ്റ്റംബറിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സഞ്ചാരികൾ ഇവിടേക്ക് വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്.  

Matheran-Hill

മാഥേരാൺ എന്ന വാക്കിന്റെ അർത്ഥം നെറുകയിലെ കാട് എന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇടതൂർന്ന മരങ്ങളും സസ്യജാലങ്ങളുമുള്ള നിത്യഹരിതവനപ്രേദശമാണിത്. പശ്ചിമഘട്ട മലനിരകളിലെ അതിമനോഹരമായ ഈ പിക്നിക് സ്പോട്ട് സമുദ്രനിരപ്പിൽ നിന്ന് 2,625 അടി ഉയരത്തിലാണ്. വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. എങ്കിലും മൺസൂൺ സമയത്താണ് മാഥേരാൺ അതിസുന്ദരിയാകുന്നത്. മഴക്കാലത്ത് പ്രത്യക്ഷപ്പെടുന്ന വെള്ളച്ചാട്ടങ്ങളും ചെറു അരുവികളും മാഥേരാണിന്റെ അഴക് പതിന്മടങ്ങാക്കും. 

മോട്ടർ വാഹനങ്ങൾക്ക് വിലക്കുള്ള ഇന്ത്യയിലെ ഏക ഹിൽസ്റ്റേഷനാണ് മാഥേരാൺ. ടോയ് ട്രെയിനും കുതിര സവാരിയും കൈ കൊണ്ടു വലിക്കുന്ന റിക്ഷകളുമാണ് ഇവിടെ സഞ്ചാരത്തിനായുള്ളത്. മാഥേരാണിലെ അതിമനോഹരമായ വ്യൂ പോയിന്റാണ് ലൂയിസ പോയിന്റ്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം അപ്പാടെ അനുഭവിക്കാൻ കഴിയുന്ന ഈ കാഴ്ച തിരക്കേറിയ മുംബൈ നഗരത്തിൽ നിന്ന് വെറും 90 കിലോമീറ്റർ ദൂരത്തിലാണ് ഉള്ളത്. 

ലോക്ഡൗൺ ഇളവുകൾ വന്നതോടെ പ്രതീക്ഷയിലാണ് കുതിരകളെ പരിപാലിക്കുന്നവരും ഹോംസ്റ്റേകൾ നടത്തുന്നവരും വഴിയോരക്കച്ചവടക്കാരും എല്ലാം. റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തനം ആരംഭിച്ചെങ്കിലും ഭക്ഷണശാലകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുവാദമില്ല. എങ്കിലും, തിരിച്ചുവരവിന്റെ പാതയിലാണ് മുംബൈയുടെ സ്വന്തം ഹിൽസ്റ്റേഷനായ മാഥേരാൺ. 

എങ്ങനെയെത്താം?

മുംബൈ സി.എസ്.ടി സ്റ്റേഷനിൽ നിന്ന് പുണെയിലേക്ക് പോകുന്ന ഏത് ട്രെയിനിൽ കയറിയാലും നെരാൽ ജംക്ഷനിൽ ഇറങ്ങാം. നെരാൽ ജംക്ഷനിൽ നിന്നാണ് മാഥേരാണിലേക്കുള്ള ട്രെയിൻ പുറപ്പെടുന്നത്. എം.എൽ.ആർ എന്നറിയപ്പെടുന്ന മാഥേരാൺ ലൈറ്റ് റയിൽവേ സർവീസിന്റെ ഭാഗമായുള്ള ട്രെയിനുകൾ ഇവിടെ നിന്നു ലഭിക്കും. ദിണ്ഡി പോയിന്റിലാക്കാണ് ഈ യാത്ര.  ദിണ്ഡി പോയിന്റിൽ നിന്ന് 30 മിനിറ്റ് നടന്നാൽ ഹിൽ സ്റ്റേഷനിലെത്താം. നടക്കാൻ സാധിക്കാത്തവർക്ക് ടോയ് ട്രെയിൻ സർവീസുണ്ട്.  ടോയ് ട്രെയിനിനെക്കാൾ സഞ്ചാരികൾ കൂടുതലും ആശ്രയിക്കുന്നത് കുതിര സവാരിയാണ്. അമാൻ ലോഡ്ജ് എന്നറിയപ്പെടുന്ന പോയിന്റ് വരെയാണ് മോട്ടോർ വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. ഇവിടെ നിന്ന് കാൽനടയായോ കുതിരപ്പുറത്തോ മാഥേരാണിലെത്താം. 

English Summary: Matheran Hill Station

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA