വലിയ മരങ്ങൾ തണൽ വിരിക്കുന്ന പാതകൾ, ചുറ്റിലും പച്ച നിറഞ്ഞ കാഴ്‌ചകൾ... എത്രയെത്ര നാളുകൾ പൊയ്‌പോയാലും വിസ്മരിക്കപ്പെടാറില്ല ഇത്തരത്തിലുള്ള ഒരു യാത്രയും. നീണ്ടുകിടക്കുന്ന പാതകൾ..അതിനരികുപറ്റി നിൽക്കുന്ന കാഴ്ചകൾ... ആ വഴികളിലൂടെ സുഹൃത്തുക്കൾക്കൊപ്പമോ തനിച്ചോ ഒരു യാത്ര പോയാലോ...? അതിമനോഹരമായ കാഴ്‌ചയുടെ അതിരുകളില്ലാത്ത ലോകം കാണാൻ
വാൽപ്പാറ - മൈസൂർ
കാടുകളും തേയിലത്തോട്ടങ്ങളും സമ്മാനിക്കുന്ന പച്ചപ്പിനെ ചുറ്റിയാണ് വാൽപ്പാറയിൽ നിന്നും മൈസൂരിലേക്കുള്ള യാത്ര. സഞ്ചാരികൾക്കു ഇടയ്ക്കിടെ കൗതുകമുണർത്താൻ കാട്ടുമൃഗങ്ങളുടെ ദൂര കാഴ്ചകളും സമ്മാനിക്കും ഈ പാത. കാടിന്റെ ഭംഗിയും വന്യതയും ഇത്രയും മിഴിവോടെ ആസ്വദിക്കാൻ പറ്റിയ മറ്റുപാതകളില്ല എന്നുതന്നെ വേണമെങ്കിൽ പറയാം.

അത്രയേറെ സുന്ദരമാണ് വാൽപ്പാറയിൽ നിന്നു മൈസൂർ വരെ നീളുന്ന കാനനപാത. പൊള്ളാച്ചി വഴിയാണ് ഈ യാത്ര പുരോഗമിക്കുന്നത്. ഏകദേശം 307 കിലോമീറ്റർ ദൂരം താണ്ടിയാൽ മൈസൂരിന്റെ ആരെയും ആകർഷിക്കുന്ന സൗന്ദര്യമാസ്വദിക്കാം.
മണാലി - ലേ
ഹൃദയം കവരുന്ന ഒരു യാത്ര, അതാണ് മണാലിയിൽ നിന്നും ലേയിലേക്കുള്ളത്. പുതുമകൾ നിറഞ്ഞ അനുഭവങ്ങളും നയനാന്ദകരമായ കാഴ്ചകളും നിറഞ്ഞ ആ യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നയാത്രയാണ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പാതയെന്ന ഖ്യാതിയുണ്ട് മണാലിയിൽ നിന്നും ലേ വരെ നീളുന്ന 490 കിലോമീറ്റർ ദൂരത്തിന്.

മഞ്ഞണിഞ്ഞ മലനിരകൾ അതിരുകാക്കുന്ന പാതയ്ക്ക്, തെളിനീരുമായി ഒഴുകിയിറങ്ങുന്ന നദികൾ ശോഭകൂട്ടുന്നു. ചിലയിടങ്ങളിൽ പാതകൾ ദുഷ്കരമാകുമെങ്കിലും ഹരം പകരുന്ന യാത്രയുടെ സുഖം ആ പ്രതിസന്ധികളെ സുഗമമായി തരണം ചെയ്യാൻ സഹായിക്കും. വർഷത്തിലെ മുഴുവൻ സമയവും യാത്ര പോകാൻ അനുവദിക്കുന്ന പാതയല്ലിത്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഈ റോഡ് യാത്രകൾക്കനുകൂലം.
ഡാർജിലിങ് - പെല്ലിങ്
ഏറ്റവുമധികം സഞ്ചാരികളെത്തുന്ന ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിങ്. പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിങ്ങിൽ നിന്നും സിക്കിമിലെ പെല്ലിങിലേക്കുള്ള യാത്ര, കഷ്ടിച്ച് രണ്ടു മണിക്കൂർ മാത്രം നീളുന്ന യാത്രയിൽ പിന്നിടേണ്ട ദൂരം 73 കിലോമീറ്റർ മാത്രമാണ്.
സുഖകരമായ കാഴ്ചകൾ കൊണ്ടു നിറഞ്ഞ ആ യാത്ര, ഏതൊരു സഞ്ചാരിയുടെയും ഹൃദയം കീഴടക്കും. മഞ്ഞുമൂടി നിൽക്കുന്ന ഹിമാലയത്തിന്റെയും കാഞ്ചൻജംഗയുടെയും കാഴ്ചകൾ യാത്രയിലുടനീളം കാണാം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലല്ലാതെ, മറ്റു മാസങ്ങളിൽ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്കരമാണ്.
ബെംഗളൂരു - കൂർഗ്
നഗരത്തിരക്കുകളിൽ നിന്നും ഒരു യാത്ര, അതും അതിസുന്ദരിയായ കൂർഗിലേക്ക്. നഗരത്തിന്റെ തിരക്കുകൾ പിന്നിട്ടുകൊണ്ടു വണ്ടി മുന്നോട്ട് നീങ്ങുമ്പോഴേ ഗ്രാമത്തിന്റെ വിശുദ്ധിയും പച്ചപ്പും മനസിൽ കുളിരു നിറച്ചുകൊണ്ടു കണ്ണുകൾക്ക് മുമ്പിൽ കാഴ്ചകളൊരുക്കും.

ഓറഞ്ചും കാപ്പിയും നിറഞ്ഞ... കാപ്പി പൂവിന്റെ വശീകരിക്കുന്ന സുഗന്ധം നിറഞ്ഞ കൂർഗിലേക്ക് നീണ്ടുകിടക്കുന്ന പാത ഏതൊരു സഞ്ചാരിയുടെയും മനം കവരും. പാത താണ്ടി ചെല്ലുന്നത് കൂർഗിന്റെ പ്രലോഭിക്കുന്ന സൗന്ദര്യത്തിലേക്കാണ്. ബെംഗളൂരുവിൽ നിന്നും കൂർഗിലേക്ക് 253 കിലോമീറ്ററാണ് ദൂരം. ആ ദൂരം താണ്ടിയെത്തുമ്പോൾ, ഏതൊരു സഞ്ചാരിയ്ക്കും ഒരു തരത്തിലും മുഷിപ്പിക്കാത്ത സ്വപ്നസമാന കാഴ്ചകൾ കൂർഗിലെ ഗ്രാമങ്ങൾ സമ്മാനിക്കും.
English Summary: Scenic Road Trips