ADVERTISEMENT

ആലപ്പുഴ ∙ നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ വിനോദ സഞ്ചാരികളുമായി ഇന്നലെ മുതൽ വ‍‍ഞ്ചിവീടുകൾ പ്രവർത്തനം തുടങ്ങി. ഫിനിഷിങ് പോയിന്റിൽ നിന്നു 18 വഞ്ചിവീടുകളി‍ൽ 89 യാത്രക്കാരും പള്ളാത്തുരുത്തിയിൽ നിന്നു 5 വഞ്ചിവീടുകളിൽ 20 യാത്രക്കാരുമാണ് കായൽ കാഴ്ചകൾ ആസ്വദിക്കാൻ പുറപ്പെട്ടത്. എല്ലാവരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. വിദേശികളും ഇതര സംസ്ഥാനക്കാരും വന്നില്ല.

ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടി.ജി.അഭിലാഷ്കുമാറിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും വഞ്ചിവീട് ജീവനക്കാരുടെയും സഹകരണത്തോടെ വിനോദ സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിച്ചിട്ടാണ് പ്രവേശിപ്പിച്ചത്. അവരുടെ ബാഗുകൾ അണുനശീകരണം നടത്തി. വഞ്ചിവീടുകളും  അണുവിമുക്തമാക്കി. ജീവനക്കാരും യാത്രക്കാരും തമ്മിൽ സാമൂഹിക അകലം പാലിക്കുന്നതും ഉറപ്പുവരുത്തി.  യാത്രയ്ക്കിടെ കുട്ടനാട്ടിലെ ഗ്രാമങ്ങളിൽ ഇറങ്ങാനും അനുവദിച്ചില്ല.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് യാത്രയ്ക്ക് അനുമതി. അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന വഞ്ചിവീടുകൾക്കും യാത്രക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു. ഇതിനായി കലക്ടർ നിയോഗിച്ചിട്ടുള്ള സെക്ടറൽ മജിസ്ട്രേട്ടുമാർ ഫിനിഷിങ് പോയിന്റിലും പള്ളാത്തുരുത്തിയിലും പ്രവർത്തിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com