ADVERTISEMENT

ഇന്ത്യ മുഴുവന്‍ ആഘോഷത്തിന്‍റെ സമയമാണ് ദുര്‍ഗാപൂജയും നവരാത്രിയും. എന്നാല്‍ ഈ സമയത്ത് ആഘോഷങ്ങള്‍ എല്ലാം മാറ്റി വച്ച് വ്യത്യസ്തമായി ദുർഗാഷ്ടമി നടത്തുന്ന ഒരിടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദുര്‍ഗാപൂജ ആഘോഷങ്ങള്‍ ഏറ്റവും തകൃതിയായി നടക്കുന്ന പശ്ചിമബംഗാളില്‍ തന്നെയാണ് ഇതും നടക്കുന്നത്.

ഹിന്ദുമതവിശ്വാസമനുസരിച്ച് ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്‍റെ പ്രതീകമായി ഹിന്ദു മതവിശ്വാസികൾ ആഘോഷിക്കുന്ന ഉത്സവമാണ് ദുർഗാപൂജ. ഹിമവാന്‍ നല്‍കിയ സിംഹത്തിന്‍റെ പുറത്തുകയറി ദുർഗാദേവി മഹിഷാസുരനെ ആക്രമിച്ച് വധിച്ചുവെന്നാണ് ഐതിഹ്യം. ബംഗാളിലെ പുരുലിയ ജില്ലയില്‍ വസിക്കുന്ന സന്താള്‍ ഗോത്രവംശത്തിന് മഹിഷാസുരനെന്നാല്‍ തങ്ങളുടെ രാജാവാണ്. അദ്ദേഹത്തെ വധിച്ച ദിനം അവരെ സംബന്ധിച്ചിടത്തോളം ദുഃഖപൂര്‍ണമാണ്. കേരളത്തില്‍ അസുരരാജാവായിരുന്ന മഹാബലിയുടെ ഓര്‍മ പുതുക്കുന്നതിനായി ഓണം ആഘോഷിക്കുന്നതിന് സമാനമാണ് ഇത്.

Purulia-West-Bengal

ബംഗാളിന്‍റെ പടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്ന ജില്ലയായ പുരുലിയയില്‍ ഭൂരിപക്ഷവും സന്താള്‍ വിഭാഗക്കാരാണ് ഉള്ളത്. ദുര്‍ഗാപൂജ സമയത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ വ്യത്യസ്തമായ ഒരിടമാണ് ഇവിടം. രാജ്യത്ത് മറ്റെല്ലായിടത്തും ഈയവസരത്തെ ദുര്‍ഗാപൂജ എന്ന് വിളിക്കുമ്പോള്‍ 'ദേശായ് പൂജ' എന്നാണ് ഇവര്‍ക്കിടയില്‍ ഇത് അറിയപ്പെടുന്നത്.

മഹിഷാസുരന്‍ തങ്ങളുടെ നേതാവായിരുന്നു എന്നാണു ഇവരുടെ വിശ്വാസം. ആര്യന്മാരുടെ അധിനിവേശ സമയത്ത് അവര്‍ അദ്ദേഹത്തിനെതിരെ പോരാടാനായി ഒരു സ്ത്രീയെ പറഞ്ഞയച്ചത്രേ. സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ വിശ്വസിച്ചിരുന്ന ധര്‍മ്മിഷ്ഠനായ രാജാവ്, അവര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറായില്ല. ഇത് മഹിഷാസുരനെ വധിക്കാന്‍ അവര്‍ക്ക് അവസരമൊരുക്കി. ഈ കഥയാണ് പാട്ടുകളുടെ രൂപത്തിലും മറ്റും ഇവര്‍ക്കിടയില്‍ പ്രചരിക്കുന്നത്. മരണത്തിനു മുന്നില്‍പ്പോലും ധര്‍മ്മം കൈവെടിയാത്ത തങ്ങളുടെ നേതാവിനെ അവര്‍ ഇന്നും ആരാധിക്കുന്നു.

മഹിഷാസുരന്‍റെ സ്മരണ പാട്ടും നൃത്തവും ആയോധനപ്രകടനങ്ങളുമൊക്കെയായാണ് ഇവര്‍ ആഘോഷിക്കുന്നത്. ഈ സമയത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെയെത്തുന്നു. ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ സമൃദ്ധമായ സാംസ്കാരികത്തനിമയുടെ മിശ്രണമാണ് ഇവിടത്തെ ആഘോഷങ്ങള്‍ അടക്കമുള്ള അവസരങ്ങളില്‍ ദൃശ്യമാകുന്നത്.

Purulia-trip

പുരുലിയയുടെ സാമ്പത്തികവ്യവസ്ഥയില്‍ വളരെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സാണ് ടൂറിസം. വനങ്ങളും കുന്നുകളും നദികളും അരുവികളും വന്യജീവിസമ്പത്തുമെല്ലാമായി സമൃദ്ധമായ പ്രകൃതിയാണ് ഇവിടെ. കൂടാതെ, തുര്‍ഗ വെള്ളച്ചാട്ടം, അയോദ്ധ്യ ഹിൽസ്, മാത, മുർഗുമ ഡാം, കുയിലാപാൽ വനം, ജയചന്ദി പഹാർ, പഞ്ചകോട്ട് രാജ്, ഡുവാർസിനി ഹിൽസ് എന്നിവയെല്ലാം പുരുലിയയിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

Purulia--waterfall

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയ സ്ഥലമെന്ന പ്രത്യേകത കൂടി പുരുലിയക്കുണ്ട്. ഒരു ഫണൽ പോലെ ആകൃതിയുള്ള ഈ പ്രദേശമാണ് ഉൾക്കടലിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ഇന്ത്യയുടെ ഉഷ്ണമേഖലാ ഭാഗങ്ങളിലേക്ക് മൺസൂൺ പ്രവാഹമെത്തിക്കാന്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല, പശ്ചിമ ബംഗാളിലെ വികസിത വ്യാവസായിക കേന്ദ്രങ്ങള്‍ക്കും ഒറീസ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഉൾപ്രദേശങ്ങൾക്കുമിടയിലുള്ള കവാടമായും പുരുലിയ അറിയപ്പെടുന്നു.

English Summary: The Only Place In India Where Durga Puja Is A Time Of Mourning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com