ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായ നോഹ്കലികായ് വെള്ളച്ചാട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 340 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ലോകത്തേറ്റവും മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ, മേഘാലയയിലെ ചിറാപുഞ്ചിക്കടുത്താണ്. ചിറാപുഞ്ചിയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. 

വെള്ളച്ചാട്ടത്തിനടിയിലായി പച്ചനിറത്തില്‍ വെള്ളം കെട്ടിക്കിടക്കുന്ന സമൃദ്ധമായ ഒരു കുളമുണ്ട്. മഴയാണ് വെള്ളച്ചാട്ടത്തിലെ പ്രധാന ജലസ്രോതസ്സ്. ചുറ്റുമുള്ള മലനിരകളുടെ പച്ചപ്പും കമ്പളം പോലെ അവയ്ക്ക് മേല്‍ വിരിച്ച മൂടൽമഞ്ഞും എപ്പോഴും പെയ്യാന്‍ വെമ്പി നില്‍ക്കുന്ന മേഘങ്ങളുമെല്ലാം ചേര്‍ന്ന് അവാച്യമായ അനുഭൂതിയാണ് ഈ പ്രദേശം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്.  

നോഹ്കലികായുടെ കഥ

മനോഹരമായ ഈ വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട് ഇവിടുത്തുകാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. അടുത്തുള്ള  രംഗിർതെ ഗ്രാമത്തില്‍ ലികായ് എന്നൊരു യുവതി താമസിച്ചിരുന്നു. ഒരു പെണ്‍കുഞ്ഞിന്‍റെ അമ്മയായ ലികായ് ഭര്‍ത്താവിന്‍റെ മരണശേഷം പുനര്‍വിവാഹം ചെയ്തു. വീട്ടുചെലവുകള്‍ക്കായി കൂലിവേല ചെയ്തായിരുന്നു അവര്‍ പണം കണ്ടെത്തിയത്.

Nohkalikai-Waterfalls1

കുഞ്ഞിനോടുള്ള ലികായുടെ സ്നേഹം കണ്ട് പുതിയ ഭര്‍ത്താവിന് അസൂയ മൂത്തു. അയാളുടെ മനസ്സു മുഴുവന്‍ കുഞ്ഞിനോടുള്ള വെറുപ്പായിരുന്നു. ഒരിക്കല്‍ ലികായ് ജോലിക്ക് പോയ സമയം നോക്കി അയാള്‍ കുഞ്ഞിനെ കൊന്ന് കറി വച്ചു. ലികായ് തിരിച്ചു വന്നപ്പോള്‍ വീട്ടില്‍ മകളെ കണ്ടില്ല. കളിക്കാനായി പോയിരിക്കുകയാണെന്നു കരുതി. അപ്പോഴാണ് ഭർത്താവ് ലികായ്ക്കായി ഭക്ഷണം പാകം ചെയ്ത് നല്‍കിയത്.അവൾക്കേറെ അദ്ഭുതവും സന്തോഷവും തോന്നി.സ്നേഹം ഭാവിച്ച് ഭർത്താവ് ആ കറി മുഴുവന്‍ അവളെക്കൊണ്ട് കഴിപ്പിച്ചു. 

ഭക്ഷണം കഴിച്ച ശേഷം മുറുക്കാനായി വെറ്റിലയെടുക്കാന്‍ നേരം അതിനടുത്തായി ഒരു കുഞ്ഞുവിരല്‍ കണ്ടതോടെ താന്‍ കഴിച്ചത് സ്വന്തം മകളെ തന്നെയാണെന്ന് ലികായ് മനസ്സിലാക്കി. അലമുറയിട്ട് ഓടിയ ആ അമ്മ വെള്ളച്ചാട്ടത്തില്‍ ചാടി മരിച്ചത്രെ. അതിന്‍റെ ഓര്‍മയ്ക്കാണ് വെള്ളച്ചാട്ടത്തിനു നോഹ്കലികായ് എന്ന് പേരിട്ടത് എന്നാണു കഥ. ഖാസി ഭാഷയില്‍ ‘നോഹ്കലികായ്’ എന്നാല്‍ ‘ലിക്കായിയുടെ ചാട്ടം’ എന്നാണര്‍ത്ഥം.

എങ്ങനെ എത്താം?

140 കിലോമീറ്റർ അകലെയുള്ള ഗുവാഹത്തിയാണ് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷന്‍. 166 കിലോമീറ്റര്‍ അകലെയായി ഗുവാഹത്തി എയര്‍പോര്‍ട്ടും ഉണ്ട്. റോഡ്‌ വഴി പോകുന്നവര്‍ക്ക് ഗുവാഹത്തിയിൽ നിന്ന് ചിറാപുഞ്ചിയിലേക്ക് 4-5 മണിക്കൂർ ഡ്രൈവ് ഉണ്ട്. ചിറാപുഞ്ചിയിൽ നിന്ന് നോഹ്കലികായ് വെള്ളച്ചാട്ടത്തിലെത്താൻ 10 മിനിറ്റ് മാത്രമേ എടുക്കൂ. വിമാനത്താവളത്തിൽ നിന്നും ടൂറിസ്റ്റ് ടാക്സികളും ക്യാബുകളുമെല്ലാം യഥേഷ്ടം ലഭ്യമാണ്. 

സന്ദര്‍ശിക്കാന്‍ മികച്ച സമയം

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മാസങ്ങളാണ് നോഹ്കലികായ് വെള്ളച്ചാട്ടം സന്ദർശിക്കാൻ ഏറ്റവും മികച്ച സമയം, മഴ കാരണം വെള്ളച്ചാട്ടം സമൃദ്ധമായി 

ചിതറി വീഴുന്ന കാഴ്ച കാണാം. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത് പൊതുവേ വരണ്ട കാലാവസ്ഥയായതിനാൽ ഇവിടത്തെ വെള്ളത്തിന്‍റെ അളവ് കുറവായിരിക്കും. 

അടുത്തുള്ള മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ചിറാപുഞ്ചി കൂടാതെ മോസ്മായ് ഗുഹകള്‍, നോഹ്സംഗിതിയാങ്ങ് വെള്ളച്ചാട്ടം, ഡെയിന്‍ത്ലെന്‍ വെള്ളച്ചാട്ടം, ലിവിംഗ് റൂട്ട്സ് ബ്രിഡ്ജ് എന്നിവയും ഇവിടേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ പറ്റിയ മറ്റു ചില ഇടങ്ങളാണ്.

English Summary: Nohkalikai Waterfalls Cherrapunji Meghalaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com