സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച ശൗചാലയങ്ങൾ, വിചിത്രമായ കാഴ്ചകളൊരുക്കി ഒരു മ്യൂസിയം

Sulabh-International-Museum-Of-Toilets
SHARE

ഡല്‍ഹിയിലെ ഒരു മ്യൂസിയത്തില്‍ ലോകത്ത് ആരും കണ്ടിട്ടില്ലാത്തതരം ടോയ്‌ലറ്റുകളും ശൗചാലയ ക്രമീകരണങ്ങളും കാണാം. ബിസി 2500 മുതല്‍ ഇന്നുവരെയുള്ള ശുചിമുറികളുടെ ചരിത്രപരമായ പരിണാമത്തെ വിശദീകരിക്കുന്ന വസ്തുതകളുടെയും ചിത്രങ്ങളുടെയും അപൂര്‍വ ശേഖരമാണ് സുലഭ് ഇന്റര്‍നാഷനല്‍ മ്യൂസിയം ഓഫ് ടോയ്‌ലറ്റിനുള്ളത്. സാങ്കേതികവിദ്യ, ടോയ്‌ലറ്റുമായി ബന്ധപ്പെട്ട സാമൂഹിക ആചാരങ്ങള്‍, ശുചിമുറിയുടെ മര്യാദകള്‍, നിലവിലുള്ള സാനിറ്ററി അവസ്ഥകള്‍, ശുചിമുറിയുമായി ബന്ധപ്പെട്ട് വിവിധ കാലത്തെ നിയമനിര്‍മാണ ശ്രമങ്ങള്‍ തുടങ്ങി ശൗചാലയവുമായി ബന്ധപ്പെട്ട എന്തു വിവരവും ഈ മ്യൂസിയത്തില്‍ ലഭിക്കും.

ശുചിത്വത്തിന്റെയും ശൗചാലയത്തിന്റെയും ആഗോള ചരിത്രത്തിനായി സമര്‍പ്പിച്ചിരിക്കുന്ന സുലഭ് ഇന്റര്‍നാഷനല്‍ എന്ന സംഘടനയാണ് ഡൽഹിയിലെ സുലഭ് ഇന്റര്‍നാഷനല്‍ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ടൈം മാഗസിന്‍ റിപ്പോർട്ട് അനുസരിച്ച്, ലോകത്തെ 10 വിചിത്ര മ്യൂസിയങ്ങളിലൊന്നാണ് ഈ ടോയ്‌ലറ്റ് മ്യൂസിയം.1992 ല്‍ സുലഭ് ശുചിത്വ സ്ഥാപകനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ബിന്ദേശ്വര്‍ പഥക് ആണ് ഇത് സ്ഥാപിച്ചത്. രാജ്യത്തെ ശുചിത്വ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധവൽക്കരണമായിരുന്നു ഉദ്ദേശം.

വിചിത്ര മ്യൂസിയം

ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവവും അറിവും നല്‍കുന്ന കാര്യത്തില്‍ ഈ മ്യൂസിയം ഒട്ടും പിന്നിലല്ല. ഇത്രയും വ്യത്യസ്തവും പുരാതവുമായ ശൗചാലയ വിവരങ്ങള്‍ ചിലപ്പോള്‍ ഇവിടെ മാത്രമേ കാണൂ. എ ഡി 1145 മുതല്‍ ആധുനിക കാലം വരെ ഉപയോഗത്തിലുള്ള പ്രൈവസി, ചേംബര്‍ കലങ്ങള്‍, ശൗചാലയ ഫര്‍ണിച്ചര്‍, വാട്ടര്‍ ക്ലോസറ്റുകള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശനം ഇവിടെയുണ്ട്. ശൗചാലയവുമായി ബന്ധപ്പെട്ട മനോഹരമായ കവിതകളുടെ അപൂര്‍വ ശേഖരം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കൊത്തുപണികള്‍ ഉള്ളതും ചായം പൂശിയതുമായ ശൗചാലയങ്ങളും കമ്മോഡുകളും ആരുടെയും ശ്രദ്ധ ആകര്‍ഷിക്കും. ഇവിടെയുള്ള മധ്യകാല കമ്മോഡുകളുടെ മോഡലുകളും ചിത്രങ്ങളും ശ്രദ്ധേയമാണ്. ഇംഗ്ലിഷ് വാസ്തുവിദ്യയില്‍ തീര്‍ത്ത ഹൃദയാകൃതിയിലുള്ള മധ്യകാല മൊബൈല്‍ കമ്മോഡിന്റെ ഒരു പകര്‍പ്പിവിടെയുണ്ട്. ഇത് വേട്ടയാടാൻ പോകുമ്പോൾ ഇംഗ്ലിഷുകാര്‍ ഉപയോഗിച്ചിരുന്നതാണ്. റോമന്‍ ചക്രവര്‍ത്തിമാര്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മിച്ച ശൗചാലയങ്ങളും മ്യൂസിയത്തില്‍ വിശദമായിതന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ശൗചാലയങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട രസകരമായ സംഭവവികാസങ്ങളും വസ്തുതകളും മ്യൂസിയത്തില്‍ ഉണ്ട്. വികസിപ്പിച്ചെടുത്ത ഡ്രെയിനേജ് സംവിധാനം നിലനിന്നിരുന്ന സിന്ധൂ നദീതട നാഗരികതയില്‍ നിന്നുള്ള ശൗചാലയങ്ങളുടെ ചരിത്രം പരാമര്‍ശിക്കുന്ന മ്യൂസിയത്തില്‍ യൂറോപ്പിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ട വസ്തുതകളും രേഖപ്പെടുത്തുന്നു. ശൗചാലയങ്ങളുടെ പരിണാമത്തെക്കുറിച്ചും ഇവിടെനിന്നു മനസ്സിലാക്കാം. ഡോക്ടര്‍മാര്‍, വിദ്യാർഥികള്‍, നരവംശശാസ്ത്രജ്ഞര്‍, എൻജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഡിസൈനര്‍മാര്‍ തുടങ്ങി ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി സന്ദര്‍ശകരുടെ പ്രവാഹമാണ് മ്യൂസിയത്തിലേയ്ക്ക്. ഇനി ഡല്‍ഹി യാത്ര നടത്തുമ്പോള്‍ ശൗചാലയ മ്യൂസിയം കാണാന്‍ മറക്കണ്ട.

സുലഭ് ഇന്റര്‍നാഷനല്‍ മ്യൂസിയം ഓഫ് ടോയ്‌ലറ്റ് ഇപ്പോഴത്തെ സാഹചര്യത്തില്‍ താൽക്കാലികമായി അടച്ചിരിക്കുകയാണ്.

English Summary: Sulabh International Museum Of Toilets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA