കരീനയും കുടുംബവും ദീപാവലി ആഘോഷിച്ചത് ഇവിടെ, ഒപ്പം മലൈകയും ജാക്വിലിനും

kareena
SHARE

അവധിക്കാല ആഘോഷങ്ങള്‍ക്കായി ബോളിവുഡ് താരങ്ങളെല്ലാം മാലദ്വീപിലേക്ക് പറക്കുമ്പോള്‍ അല്‍പ്പം വ്യത്യസ്തമായി ദീപാവലി വെക്കേഷന്‍ അടിച്ചുപൊളിച്ച് കരീന കപൂറും കുടുംബവും. ഭര്‍ത്താവ് സെയ്ഫ് അലി ഖാനും മകന്‍ തൈമൂറും മാത്രമല്ല, ബോളിവുഡ് നടിമാരായ മലൈക അറോറയും ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഒപ്പമുണ്ട്. ഹിമാചല്‍ പ്രദേശിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയിലായിരുന്നു താരങ്ങളുടെ ആഘോഷം. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുമുണ്ട്.

ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു സെയ്ഫിനും തൈമൂറിനുമൊപ്പം ബോണ്‍ഫയറിനരികില്‍ ഇരിക്കുന്ന ബൂമറാങ്ങ് വീഡിയോ കരീന പങ്കുവച്ചു. രണ്ടാമത്തെ കുഞ്ഞിന്‍റെ വരവിനായി പ്രതീക്ഷിക്കുകയാണ് ബോളിവുഡിലെ ഈ സൂപ്പര്‍ താരദമ്പതികള്‍. പുതിയ ചിത്രമായ 'ലാല്‍ സിംഗ് ചദ്ദ'യുടെ ഷൂട്ടിങ് കഴിഞ്ഞിരിക്കുകയാണ് കരീന ഇപ്പോള്‍.

സെയ്ഫിന്‍റെ പുതിയ ചിത്രമായ 'ഭൂത് പോലീസി'ന്‍റെ ഷൂട്ടിങ് ധര്‍മ്മശാലയില്‍ നടക്കുകയാണ്. മലൈകയും ജാക്വിലിനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇതിനിടെയാണ് എല്ലാവരും ഒത്തുകൂടിയത്. കരീന ദീപാവലി ആഘോഷത്തിനായി ഇവര്‍ക്കൊപ്പം ചേരുകയായിരുന്നു. ഇക്കുറി സമാധാന പൂര്‍ണ്ണമായി ദീപാവലി ആഘോഷിക്കാനാണ് പ്ലാനെന്ന് കരീന ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹിമാചല്‍‌പ്രദേശില്‍ നിന്നുള്ള സുന്ദരമായ ചിത്രങ്ങള്‍ മലൈകയും പങ്കുവച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ കാങ്ങ്‌ഗ്ര ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് ധര്‍മ്മശാല. ഹിമാചല്‍‌പ്രദേശ് സംസ്ഥാനത്തിന്‍റെ രണ്ടാം തലസ്ഥാനമാണ്‌ ഇത്. വര്‍ഷം  മുഴുവന്‍ തണുത്ത കാലാവസ്ഥയുള്ള ഇവിടം സംസ്ഥാനത്തെ വളരെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. തിബറ്റന്‍ ബുദ്ധമത അത്മീയ ആചാര്യന്‍ ദലൈലാമയുടെ ആസ്ഥാനം കൂടിയായ ധര്‍മ്മശാലയെ 'ഇന്ത്യയിലെ തിബറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. മഞ്ഞയും ചുവപ്പും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ ബുദ്ധസന്യാസിമാരെ ഇവിടെയെങ്ങും കാണാം.

അതീവസുന്ദരമായ കാഴ്ചകളാണ് ഇവിടത്തെ പ്രകൃതി അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഹിമാലയ സാനുക്കളുടെയും മലനിരകളുടെയും ചെറു തടാകങ്ങളുടെയും കാനന ദൃശ്യങ്ങളുടെയുമെല്ലാം മായികത ഇവിടേക്കുള്ള യാത്രയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നു. ദലൈലാമയുടെ ക്ഷേത്രമായ നാംഗ്യാല്‍ വിഹാരം, കരേരി, ദാല്‍, ലാം ദാൽ മുതലായ തടാകങ്ങള്‍, ആദി ശക്തി, ചാമുണ്ട മന്ദിർ, ഇന്ദ്രു നാഗ് മുതലായ അമ്പലങ്ങള്‍, ഖനിയര, ധരം കോട്ട്, സിദ്ദ്‌ബ്ബരി, കാംഗ്ഡ കോട്ട, ഹരിപ്പു ഗ്രാമ, തിബറ്റന്‍ വൈദ്യശാസ്ത്ര കേന്ദ്രമായ മെന്‍ സീ ഘാങ്, തിബറ്റന്‍ സാംസ്കാരിക കേന്ദ്രമായ നോര്‍ബുലിങ്ക ഇന്‍‌സ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്.

ഡല്‍ഹി, ചണ്ഡീഗഢ്, സിംല തുടങ്ങിയ നഗരങ്ങളില്‍ നിന്നും റോഡ്‌ മാര്‍ഗം എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാം. പത്താന്‍‌കോട്ടാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍, അടുത്തുള്ള വിമാനത്താവളമായ ഗഗ്ഗലില്‍ നിന്ന് ധര്‍മ്മശാലയിലേക്ക് 13 കിലോമീറ്റര്‍ ആണ് ദൂരം. കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഹിമാചലിലെ ധര്‍മ്മശാല അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ടൂറിസത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയയതിനാല്‍ സഞ്ചാരികളുടെ വരവ് കുറഞ്ഞപ്പോള്‍ കടുത്ത നഷ്ടമാണ് ഈ വര്‍ഷം ഉണ്ടായത്. അധികം വൈകാതെ തന്നെ ഈ നഷ്ടം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആളുകള്‍.

English Summary: Kareena Kapoor, Saif Ali Khan and Taimur celebrate Diwali around in Dharamshala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA