ADVERTISEMENT

അഞ്ചു നൂറ്റാണ്ടിന്‍റെ ചരിത്രമുണ്ട് രാജസ്ഥാനിലെ സാമോഡെ കൊട്ടാരത്തിന്. ജയ്പ്പൂരില്‍ നിന്നും നാല്‍പ്പതു കിലോമീറ്റര്‍ വടക്കായി സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം ഇപ്പോള്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ പറ്റുന്ന  ആഡംബര ഹോട്ടലാണ്. ഇന്ത്യയുടെ പിങ്ക് നഗരത്തില്‍ അവധിദിനങ്ങള്‍ രാജകീയമായി ചെലവഴിക്കാന്‍ സഞ്ചാരികള്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം. ഒപ്പം അരികിലുള്ള സാമോഡെ ഹവേലിയും രാജസ്ഥാനി-മുഗള്‍-വിക്ടോറിയന്‍ ശൈലികളുടെ സമന്വയമായ സാമോഡെ ബാഗ് പൂന്തോട്ടവുമെല്ലാം കാണാം. 

ആരവല്ലി പര്‍വ്വതനിരകള്‍ക്കരികില്‍ സുന്ദരമായ കാഴ്ചയാണ് ഈ കൊട്ടാരം, ഒപ്പം സഞ്ചാരികള്‍ക്ക് രാജസ്ഥാന്‍റെ സമ്പന്നമായ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള ഒരു അവസരം കൂടിയാണ് ഇവിടെയുള്ള താമസം. 

കൊട്ടാരത്തിന്‍റെ ചരിത്രം

പതിനാറാം നൂറ്റാണ്ടിൽ രജപുത്രരുടെ കോട്ടയായാണ് സാമോഡെ കൊട്ടാരം പണിതത്. റീഗൽ ഇന്തോ-സരസെനിക് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് ഇൗ കൊട്ടാരം .475 വർഷം പഴക്കമുണ്ട് ഇൗ കൊട്ടാരത്തിന്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന റാവൽ ബെരിസലിന്‍റെ മേല്‍നോട്ടത്തില്‍ രജപുത്ര, മുസ്ലീം വാസ്തുവിദ്യാ രീതികള്‍ സംയോജിപ്പിച്ച മനോഹരമായ ഒരു കൊട്ടാരമാക്കി രൂപകൽപ്പന ചെയ്തു. ഇദ്ദേഹത്തിന്‍റെ പിൻഗാമിയായ റാവൽ ഷിയോ സിംഗ് 19-ആം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് ഇവിടെ 'ഹാള്‍ ഓഫ് മിറേഴ്സ്', കൈകൊണ്ട് വരച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗാലറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ദര്‍ബാര്‍ കൂടി നിര്‍മിച്ചു. റാവൽ ഷിയോ സിങ്ങാണ് രാജകുടുംബത്തിന്‍റെ റിസോർട്ടായി സമോദ് ഹവേലി നിർമ്മിച്ചത്. പിന്നീട്, 1987- ൽ ഇവിടം 'സാമോഡെ പാലസ് ഹോട്ടൽ' ആയി മാറി.

samodepalace2

ജയ്പൂരിലെ ഭരണാധികാരിയായിരുന്ന മഹാരാജ പൃഥിരാജ് സിംഗ്ജിയുടെ മക്കളിൽ ഒരാളാണ് സാമോഡെ ബാഗ് പൂന്തോട്ടം രൂപകൽപ്പന ചെയ്തത്. മുഗൾ ഉദ്യാനങ്ങളുടെ മാതൃകയിലാണ് ഇത് നിര്‍മ്മിച്ചത്.

 

ഹോട്ടലാക്കി മാറ്റിയത് ഇവര്‍

രാജകുടുംബത്തിലെ പിന്‍തലമുറക്കാരായ യാദവേന്ദ്ര സിങ്ങും സഹോദരന്‍ രാഘവേന്ദ്ര സിങ്ങുമാണ് കൊട്ടാരം ഒരു ഹോട്ടലാക്കി മാറ്റിയത്. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇവര്‍ക്ക് കൈമാറിക്കിട്ടിയതായിരുന്നു സാമോഡെ കൊട്ടാരം. ഇതിനായി രണ്ട് റസ്റ്റോറന്റുകളും മുകള്‍വശത്ത് ഒരു ഇൻഫിനിറ്റി പൂളും അവര്‍ കൂട്ടിച്ചേർത്തു. പഴയ നിര്‍മിതികളുടെയും അലങ്കാരപ്പണികളുടെയും ആത്മാവ് ചോര്‍ന്നുപോകാതെ പുതുക്കുക എന്ന വെല്ലുവിളി അവര്‍ വളരെ മനോഹരമായിത്തന്നെ നിര്‍വഹിച്ചിട്ടുണ്ടെന്ന് ഇവിടം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസ്സിലാകും.

samodepalace1

മികച്ച ആതിഥേയത്വത്തിനു പുറമേ ബാര്‍, ഫിറ്റ്‌നസ് സെന്‍റര്‍, സ്പാ മുതലായ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. എല്ലാ തരത്തിലുള്ള രുചികള്‍ ഇഷ്ടപ്പെടുന്നവരെയും തൃപ്തിപ്പെടുത്തുന്ന വ്യത്യസ്ത നാടുകളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉണ്ടെങ്കിലും ഇവിടത്തെ ലാല്‍ മാസ്, ദഹി ബേഗന്‍, കാശ്മീരി ചില്ലി ചോക്ലേറ്റ് ഡിസര്‍ട്ട് തുടങ്ങിയ വിഭവങ്ങളും നാടന്‍ രാജസ്ഥാനി ഭക്ഷണവുമാണ് ഏറ്റവും പ്രസിദ്ധം.

ചിലവെത്ര വരും?

സീസണ്‍ അല്ലാത്ത സമയങ്ങളില്‍ 8150 രൂപ മുതലാണ്‌ ഡബിള്‍ റൂം നിരക്ക് വരുന്നത്. ടൂറിസ്റ്റ് സീസണുകളില്‍ ഇത് 25,000 നു മുകളില്‍ വരും. പ്രഭാതഭക്ഷണം ഇതില്‍ ഉള്‍പ്പെടുന്നു. 

അടുത്തുള്ള മറ്റു കാഴ്ചകള്‍

ജയ്പ്പൂര്‍ നഗരത്തിലെ പ്രധാന ആകർഷണങ്ങളായ ഹവ മഹൽ, സിറ്റി പാലസ്, ജന്തർ മന്തർ എന്നിവ വെറും അഞ്ച് മിനിറ്റ് ഡ്രൈവ് ദൂരത്തിലാണ് ഉള്ളത്. അടുത്തായി ഒരു പുഷ്പ ചന്തയുമുണ്ട്. കൊട്ടാരത്തില്‍ താമസിക്കുമ്പോള്‍ രാവിലെ നേരത്തെ എഴുന്നേറ്റ് നടന്നാല്‍ നഗരം പകലിലേക്ക് കാലെടുത്തു വയ്ക്കുന്ന കാഴ്ചകള്‍ കാണാം. പുലര്‍കാല തണുപ്പില്‍ ഒരു ചായയൊക്കെ ഊതിക്കുടിച്ച് പുരാതനമായ ഒരു നഗരത്തിലൂടെ നടക്കുന്നത് സഞ്ചാരികള്‍ക്ക് മനോഹരമായ അനുഭവമായിരിക്കും.

 

English Summary: Samode Palace Jaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com