ADVERTISEMENT

അന്തരീക്ഷമാകെ പ്രകൃതിയുടെ പലവിധ ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്ന പ്രദേശങ്ങളില്‍ പോയിട്ടുണ്ടോ? അല്ലെങ്കില്‍ അത്തരമിടങ്ങളിലേക്ക് യാത്ര ചെയ്യണമെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ ഏറ്റവും മികച്ച ഒരു ഡെസ്റ്റിനേഷനാണ് ഭൂട്ടാനിലെ ഫോബ്‍ജിഖ താഴ്‌‌വര. പക്ഷികളുടെയും ജലത്തിന്‍റെയും കാറ്റിന്‍റെയുമൊക്കെ കാതിനു കുളിരേകുന്ന ശബ്ദം ശ്രദ്ധയോടെ ശ്രവിച്ച് ആത്മനിര്‍വൃതിയടയാന്‍ ഇവിടം പോലെ മറ്റൊരിടമില്ല. അതോടൊപ്പം തന്നെ, അനന്തമായി നീണ്ടു കിടക്കുന്ന പച്ച വിരിച്ച താഴ്‌‌വരകളും കറുത്ത നിറമുള്ള പര്‍വതനിരകളുമെല്ലാം കണ്ണിനും ഉത്സവമാകുന്നു. പ്രകൃതിസൗന്ദര്യം ഇഷ്ടമുള്ള സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ യാത്രയായിരിക്കും ഇതെന്നതില്‍ സംശയമില്ല. ഇതുകൊണ്ടൊക്കെ തന്നെയാണ് 'ഭൂട്ടാനിലെ ഏറ്റവും സന്തോഷകരമായ സ്ഥലം' എന്ന വിശേഷണവും ഫോബ്‍ജിഖ താഴ്‌‌വരയ്ക്ക് ലഭിച്ചത്.

യു-ആകൃതിയിലുള്ള വിശാലമായ ഹിമാനി താഴ്‌‌വരയാണ് ഫോബ്‍ജിഖ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3000 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഗാങ്ങ്‍ടെങ്ങ് താഴ്‌‌വര എന്നും ഇതിനു പേരുണ്ട്. മധ്യ ഭൂട്ടാനിലെ നൈൻഗ്മ സെക്ടറിലെ ഗാങ്ങ്‍ടെങ്ങ് ബുദ്ധവിഹാരത്തിന്‍റെ പേരില്‍ നിന്നാണ് താഴ്‌വരയ്ക്ക് ആ പേര് ലഭിച്ചത്. കര്‍ഷകരാണ് ഇവിടത്തെ താമസക്കാരായ ഭൂരിഭാഗം ജനങ്ങളും. 

Phobjikha-Valley-Bhutan

ശൈത്യകാലത്ത്, ടിബറ്റൻ പീഠഭൂമിയിൽ നിന്ന് കറുത്ത കഴുത്തുള്ള പ്രത്യേകയിനം കൊറ്റികൾ ഫോബ്‍ജിഖ താഴ്‌‌വരയിലേക്ക് കൂട്ടത്തോടെ പറന്നെത്തുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ അവസാന ആഴ്ചയില്‍ എത്തിച്ചേരുന്ന ഈ ദേശാടനപ്പക്ഷികള്‍ താഴ്‌‌വരയിൽ പ്രവേശിക്കുന്ന സമയത്തും പിന്നീട് ടിബറ്റിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്ന സമയങ്ങളില്‍ ഗാങ്ങ്‍ടെങ്ങ് മൊണാസ്ട്രിയെ ഘടികാരദിശയിൽ മൂന്നു തവണ വലംവയ്ക്കുന്നത് സഞ്ചാരികള്‍ക്ക് അദ്ഭുതം പകരുന്ന കാഴ്ചയാണ്. എന്താണ് ഇതിനു പിന്നിലുള്ള ചേതോവികാരം എന്ന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ശുഭസൂചകമായ കാഴ്ചയായാണ്‌ ഭൂട്ടാനികള്‍ ഈ പക്ഷികളെ കാണുന്നത്.

ജൈവവൈവിദ്ധ്യം കൊണ്ടും ഏറെ സമ്പന്നമാണ് ഈ താഴ്‌‌വര. ഇറാനിൽ ഒപ്പുവച്ച റാംസാർ ഉടമ്പടി പ്രകാരം ഫോബ്‌ജിഖ താഴ്‌‌വരയെ രാജ്യാന്തര പ്രാധാന്യമുള്ള ഒരു തണ്ണീർത്തടമായി പ്രഖ്യാപിച്ചിരുന്നു. നകായ് ചു, ഗേ ചു എന്നിങ്ങനെ രണ്ടു നദികള്‍ ഇവിടെയുണ്ട്. കറുത്ത കഴുത്തുള്ള കൊറ്റികള്‍ ഉള്‍പ്പെടെ വംശനാശഭീഷണി നേരിടുന്ന മറ്റ് 13 തരം ജീവിവർഗ്ഗങ്ങള്‍ താഴ്‌‌വരയില്‍ വസിക്കുന്നു. ഏകദേശം 163 ചതുരശ്ര കിലോമീറ്റർ പ്രദേശം സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.

സഞ്ചാരികള്‍ക്കായി ധാരാളം ട്രെക്കിങ് പരിപാടികള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ഫോ ചു നദിയിലെ റിവര്‍ റാഫ്റ്റിങ്ങും പ്രസിദ്ധമാണ്. താമസവും ഭക്ഷണവും പൊതുവേ കുറഞ്ഞ നിരക്കില്‍ ലഭ്യമാണ് എന്നതും ഇവിടം ബാക്ക്പാക്കര്‍മാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നു. ഗാങ്ങ്‍ടെങ്ങ് ആശ്രമത്തില്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന “റ്റ്സെച്ചു” എന്നറിയപ്പെടുന്ന വർണ്ണശബളമായ നൃത്തം, കെയിൻ ഫെസ്റ്റിവൽ തുടങ്ങിയവയും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

Phobjikha-Valley-Bhutan3

സഞ്ചാരികള്‍ക്ക് ഭൂട്ടാനിലെ പരോയില്‍ വിമാനമിറങ്ങിയ ശേഷം വാടകക്കാറില്‍ ഫോബ്‍ജിഖ താഴ്വരയിലേക്ക് പോകാം. ശൈത്യകാലത്താണ് യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

English Summary: Black Necked Crane in Phobjikha Valley Bhutan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com